ഇസ്താംബൂളിലെ ഒരു ഷോപ്പിൽ ഇന്ത്യൻ പൗരന്മാർക്കടക്കം ബാധകമാകുന്ന തരത്തിൽ വച്ച ഒരു സൈൻബോർഡാണ് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് രാജ്യക്കാർക്കുള്ള ഒരു അറിയിപ്പാണിത്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് സഹോദരന്മാരെ, ദയവ് ചെയ്ത് ഡിസ്ക്കൗണ്ട് ചോദിക്കരുതേ എന്നാണ് ഷോപ്പിന്റെ ചുമരിൽ ഒരു പേപ്പറിൽ അച്ചടിച്ച് ഒട്ടിച്ചു വച്ചിരിക്കുന്നത്. വിചിത്രമായ ഈ സൈൻബോർഡാകട്ടെ ഓൺലൈനിൽ കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. പോസ്റ്റിനു കീഴിൽ രസകരമായ അഭിപ്രായങ്ങളും പ്രതികരണങ്ങളും വന്നു കൊണ്ടിരിക്കുകയാണ്.
ഇൻസ്റ്റഗ്രാം പോസ്റ്റ്:
തുർക്കിയിലെ ഇസ്താംബൂളിലുള്ള ഒരു കടയിൽ നിന്നാണ് നവാബ് ദ സിറ്റി എക്സ്പ്ലോറർ എന്ന കണ്ടന്റ് ക്രിയേറ്റർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കടയുടെ കൗണ്ടറിന് സമീപമാണ് ഈ സൈൻ ബോർഡ് ഒട്ടിച്ചു വച്ചിരിക്കുന്നത്.
അതിർത്തികളാൽ വിഭജിക്കപ്പെട്ട രാജ്യങ്ങൾ, അപമാനിതരാകാനായി ഒത്തു ചേരുന്നു എന്ന് പോസ്റ്റിനടിയിൽ ഒരു ഉപഭോക്താവ് കമന്റായി കുറിച്ചു. ഇത് ഡിസ്കൗണ്ട് ചോദിക്കുന്നതിനെതിരെയല്ലെന്നും, വില പേശൽ കുറക്കാനാണെന്നും മറ്റൊരാൾ അഭിപ്രായം പ്രകടിപ്പിച്ചു. എന്തായാലും പോസ്റ്ററുമായി ബന്ധപ്പെട്ട് രസകരമായ, ചൂടു പിടിച്ച ചർച്ചകളാണ് നടക്കുന്നത്.