ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസ്, ആരാണ് ജസ്റ്റിസ് ബിആര്‍ ഗവായ്?
ദില്ലി: ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി (സിജെഐ) ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായി നിയമിതനായി. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13 ന് വിരമിച്ച ശേഷം, 14 മുതൽ അദ്ദേഹം ചുമതലയേൽക്കും. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് ഇക്കാര്യം അറിയിച്ചത്. നവംബറിൽ 65 വയസ് തികയുന്ന അദ്ദേഹം ആറ് മാസം മാത്രമായിരിക്കും തൽ സ്ഥാനത്ത് തടരുക. 2025 ഡിസംബർ 23 വരെയായിരിക്കും അദ്ദേഹം ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുക. 2010-ൽ വിരമിച്ച ജസ്റ്റിസ് കെജി. ബാലകൃഷ്ണന് ശേഷം, പട്ടികജാതി സമൂഹത്തിൽ നിന്നുള്ള ഇന്ത്യയുടെ രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് ബിആർ ഗവായ്.
നിയമ ജീവിതം
1960 നവംബർ 24 ന് മഹാരാഷ്ട്രയിലെ അമരാവതിയിലാണ് ജസ്റ്റിസ് ഗവായ് ജനിച്ചത്. വലിയ പൊതുസേവന പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണ് ഗവായ് നിയമരംഗത്തേ വരുന്നത്. അദ്ദേഹത്തിന്റെ പിതാവ് പരേതനായ ആർഎസ് ഗവായ്, പ്രശസ്ത സാമൂഹിക പ്രവർത്തകനായിരുന്നു. അദ്ദേഹം ബീഹാറിലും കേരളത്തിലും ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുൻ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായിരുന്ന രാജ എസ് ബോൺസാലെയുടെ കീഴിൽ 1985-ലാണ് ജസ്റ്റിസ് ഗവായ് നിയമ പരിശീലനം ആരംഭിച്ചത്. ഭരണഘടനാ, ഭരണ നിയമങ്ങളിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 1987-ൽ ബോംബെ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. വർഷങ്ങളായി, ജസ്റ്റിസ് ഗവായ് വിവിധ പൗര, സർക്കാർ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച്, സേവന രംഗത്തുണ്ട്. നാഗ്പൂരിലെയും അമരാവതിയിലെയും മുനിസിപ്പൽ കോർപ്പറേഷനുകൾ,അമരാവതി സർവകലാശാല , സികോം, ഡിസിവിഎൽ തുടങ്ങിയ സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകൾ എന്നിവ അതിൽ ഉൾപ്പെടുന്നു.
1992 ഓഗസ്റ്റിലാണ് ആദ്യമായി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൽ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡറായും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായത്. 2000 ൽ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി.
ജുഡീഷ്യൽ കരിയർ
ബോംബെ ഹൈക്കോടതിയിൽ 2003 നവംബർ 14-ന് അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2005 നവംബർ 12-ന് സ്ഥിരം ജഡ്ജിയായി. 15 വർഷത്തിലേറെ നീണ്ട തന്റെ സേവനകാലത്ത്, മുംബൈ, നാഗ്പൂർ, ഔറംഗാബാദ്, പനാജി എന്നിവിടങ്ങളിലെ ബെഞ്ചുകളുടെ അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നു അദ്ദേഹം. 2019 മെയ് 24 നാണ് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി നിയമനം
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിയമനത്തിലെ കീഴ്വഴക്കം അനുസരിച്ച്, സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയെയാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശുപാർശ ചെയ്യുന്നത്. 2025 ഏപ്രിൽ 16നാണ് നിലവിലത്തെ ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന ജസ്റ്റിസ് ഗവായിയുടെ പേര് കേന്ദ്ര സർക്കാരിന് ശുപാർശ ചെയ്യുന്നത്. തുടര്‍ന്ന് ശുപാർശ അംഗീകരിക്കുകയും പ്രസിഡന്റ് ദ്രൗപതി മുർമു ഔദ്യോഗികമായി നിയമനം നടത്തുകയും ആയിരുന്നു.
ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മെയ് 14 ന് ചുമതലയേൽക്കും