ഇന്ത്യക്ക് നേരെ നിരന്തര ആണവായുധ ഭീഷണി; പാക് പ്രതിരോധ മന്ത്രിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ സസ്പെന്റ് ചെയ്തു

ദില്ലി: പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ സസ്പെന്റ് ചെയ്തു. പാകിസ്ഥാൻ മന്ത്രിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഉൾപ്പടെ എട്ട് അക്കൗണ്ടുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിൽ സസ്പെന്റ് ചെയ്തിട്ടുള്ളത്. തുടർച്ചയായി ഇന്ത്യക്ക് നേരെ ആണവായുധ ഭീഷണി മുഴക്കുകയാണ് പാക് പ്രതിരോധ മന്ത്രിയായ ഖ്വാജാ മുഹമ്മദ് ആസിഫ്. ഇത്തരത്തിലുളള ഭീഷണി സ്വ‍രങ്ങൾ മുഴക്കുന്ന അക്കൗണ്ട് തൽക്കാലം മരവിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. നിലവിൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ആർക്കും പാക് പ്രതിരോധ മന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫിന്റെ അക്കൗണ്ടുകൾ കാണാൻ സാധിക്കില്ല. 

പാക് പ്രതിരോധ മന്ത്രിയുടെ അക്കൗണ്ട് കൂടാതെ പാകിസ്ഥാനിലെ ചില മാധ്യമ പ്രവർത്തകരുടെയും, സേനാംഗങ്ങളുടെയും അക്കൗണ്ട് ഉൾപ്പെടെ മരവിപ്പിച്ച നിലയിലാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. 

അതിനിടെ, ആറ് ദിവസത്തിന് ശേഷവും അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ വിട്ടയക്കാതെ പാകിസ്ഥാൻ. ജവാന്‍ കസ്റ്റഡിയിലെന്ന ഔദ്യോഗിക കുറിപ്പ് ഇതുവരെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. അതേസമയം, പിടിയിലായ ബിഎസ്എഫ് ജവാനെ പാകിസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ നിന്ന് മാറ്റി.

കർഷകരെ സഹായിക്കാൻ പോയ യുപിയിലെ ജവാനെയാണ് പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷിക്ക് ഇരു രാജ്യങ്ങളുടെയും കർഷകർക്ക് അനുവാദം നൽകാറുണ്ട്. കർഷകരെ സഹായിക്കാൻ പോയ പി കെ സിംഗ് എന്ന ബിഎസ് എഫ് ജവാനെയാണ് പാക് റെയിഞ്ചർമാർ കസ്റ്റഡിയിലെടുത്തത്. കർഷകർ കൃഷിചെയ്യുകയായിരുന്ന സ്ഥലത്ത് നിന്ന് കുറച്ചുകൂടി മുന്നോട്ട് പോയി തണലത്ത് വിശ്രമിക്കുമ്പോഴാണ് ജവാനെ പാക് റെയ്ഞ്ചർമാർ തടഞ്ഞുവെച്ചത്. പാകിസ്ഥാന്‍റെ ഭാഗത്തെ അതിർത്തിയിൽ മുള്ളുവേലി ഇല്ലാത്തതുകൊണ്ടാണ് ജവാൻ അബദ്ധത്തിൽ ഇത് കടന്നത് എന്നതാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. കസ്റ്റഡയിലെടുത്ത ജവാന്റെ ചിത്രങ്ങൾ അടക്കം പുറത്തുവിട്ട പാകിസ്ഥാൻ ഇത് ആഘോഷിച്ചത് ഇന്ത്യയുടെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഫ്ലാഗ് മീറ്റിങ്ങ് നടത്തി ജവാനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് ഇന്ത്യ.

എൻസിഇആർടി കാവിവൽക്കരണത്തിനെതിരെ അഡീഷണൽ പുസ്തകങ്ങൾ പുറത്തിറക്കിയ ഏക സംസ്ഥാനം കേരളം; വിദ്യാഭ്യാസ മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin