സൗദിയിൽ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്ക് ഇനി പുതിയ ഏജൻസി, അലങ്കിത് ഗ്ലോബൽ
റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവക്ക് കീഴിലുള്ള പാസ്പോർട്ട്, കോൺസുലാർ സേവനങ്ങളുടെ പുറംകരാർ ഏജന്‍സിയായി അലങ്കിത് അസൈന്‍മെൻറ് ലിമിറ്റഡിനെ തെരഞ്ഞെടുത്തു. പാസ്പോര്‍ട്ട്, ഇതര കോണ്‍സുലാര്‍ സേവനങ്ങള്‍, വീസ, അറ്റസ്‌റ്റേഷന്‍ എന്നിവയ്ക്കുളള അപേക്ഷകള്‍ സ്വീകരിക്കുന്നതിനും ഡെലിവറി നടത്തുന്നതിനുമുള്ള കരാറാണ് ന്യൂ ഡൽഹി ആസ്ഥാനമായി, വിവിധ രാജ്യങ്ങളിൽ ബ്രാഞ്ചുകളുള്ള അലങ്കിത് ഗ്ലോബലിന് ലഭിച്ചത്. വർഷങ്ങളായി നിലവിലുള്ള വി.എഫ്.എസ് ഗ്ലോബലിന് കരാർ നഷ്ടമായെങ്കിലും അടുത്ത രണ്ട് മാസം കൂടി അവർ നിലവിൽ സേവനങ്ങൾ നൽകും. അതിനുശേഷമാണ് അലങ്കിത് സേവനങ്ങൾ ആരംഭിക്കുക എന്നാണ് വിവരം.
നിലവിലുള്ള ഏജൻസിയുടെ കാലാവധി അവസാനിക്കുന്ന ഘട്ടത്തിൽ സര്‍ട്ടിഫൈഡ് പാസ്‌പോര്‍ട്ട് വെറ്റിങ് (സി.പി.വി) സർവിസിന് താല്‍പര്യമുളള കമ്പനികളില്‍നിന്ന് പുതുതായി റിയാദ് ഇന്ത്യന്‍ എംബസി ടെൻഡർ ക്ഷണിക്കുകയായിരുന്നു. അലങ്കിത് ലിമിറ്റഡിന് പുറമ ബി.എൽ.എസ് ഇൻറര്‍നാഷനല്‍, വൈ.ബി.എ കാനൂ കമ്പനി ലിമിറ്റഡ്, വി.എഫ് വേള്‍ഡ് വൈഡ് ഹോള്‍ഡിങ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത അലങ്കിതിന് കരാര്‍ ഉറപ്പിക്കുകയായിരുന്നു. 18 വര്‍ഷത്തിലേറെയായി വി.എഫ്.എസ് ആണ് സൗദിയിൽ സി.പി.വി സേവനങ്ങൾ നല്‍കിവരുന്നത്. പുതിയ കമ്പനിയുടെ സേവനം എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രവാസികൾ.