ഷാജി എൻ കരുൺ: മലയാള സിനിമയെ രാജ്യാന്തരവേദികളിലെത്തിച്ച പ്രതിഭ

തിരുവനന്തപുരം: പ്രാദേശിക ഭാഷയിലൊരുക്കിയ സിനിമകളെ രാജ്യാന്തരവേദികളിലെത്തിച്ച പ്രതിഭയെന്ന നിലയിലാണ് ചലച്ചിത്രലോകം ഷാജി എന്‍ കരുണിനെ എക്കാലവും ഓര്‍ക്കുക. ഇരുളും വെളിച്ചവും പൂരണം ചെയ്തതായിരുന്നു അദ്ദേഹത്തിന്‍റെ സിനിമാലോകം. 

ഒരു കണ്ണിറുക്കി പിടിച്ച്, പ്രേക്ഷകരുടെ ഇരുകണ്ണുകളിലേക്ക് കാഴ്ചയുടെ സൂഷ്മതലങ്ങള്‍ പകര്‍ന്നു നല്‍കിയ ഛായാഗ്രാഹകന്‍. ബ്ലാക്ക് ആന്‍റ് വൈറ്റ് സിനിമകളുടെ അവസാന റീലുകള്‍ ഓടിയ എഴുപതുകളുടെ അന്ത്യത്തിലാണ് ഷാജി എന്‍ കരുണിന്‍റെ ജീവിതം കളറാകുന്നത്. 

അരവിന്ദന്‍ ചിത്രമായ ‘കാഞ്ചനസീത’യിലൂടെ അടയാളപ്പെട്ടു തുടങ്ങിയ ഷാജി തുടക്കംതന്നെ തമിഴിലേക്കും  ഹിന്ദി സിനിമകളിലേക്കും കടന്നു. ഒന്നിനു പുറകെ ഒന്നായ് പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയായിരുന്നു പ്രതിഭയുടെ ക്യാമറ റോളിങ്.

കറുപ്പിന്‍റെയും വെളുപ്പിന്‍റെയും വര്‍ണവൈരുദ്ധ്യംകൊണ്ട് വെള്ളിത്തിരയില്‍  കവിതപോലെ മനോഹരങ്ങളായ ‘കാഞ്ചനസീത’ യിലെ ഷോട്ടുകള്‍ ഷാജിക്ക് ആദ്യത്തെ സംസ്ഥാന
അവാര്‍ഡ് സമ്മാനിച്ചു. നാല്‍പതോളം സിനിമകള്‍ക്ക് ക്യാമറാമാനായി. തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍ തുടങ്ങിയ ചിത്രങ്ങളിലെ സാങ്കേതിക മികവിന് സംസ്ഥാന- ദേശീയ അവാര്‍ഡുകള്‍.

പ്രതിഭാധനരായ സംവിധായകര്‍ക്കൊപ്പമായിരുന്നു യാത്ര. അരവിന്ദന്‍റെ ‘പോക്കുവെയില്‍, കെ.ജി.ജോര്‍ജ്ജിന്‍റെ രാപ്പാടികളുടെ ഗാഥ, എം.ടി. ഹരിഹരന്‍ കൂട്ടുകെട്ടിന്‍റെ ‘പഞ്ചാഗ്നി, ‘നഖക്ഷതങ്ങള്‍’ എം.ടി. സംവിധാനം ചെയ്ത ‘മഞ്ഞ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ഷാജി തിരക്കേറിയ ഛായാഗ്രാഹകനായി മാറി. 1987 ലാണു സ്വതന്ത്ര സംവിധായകനാവുന്നത്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ വ്യൂ ഫൈന്‍ഡറില്‍ മാത്രമായിരുന്നു കണ്ണ്. പിന്നെയാണ് ഷാജിയുടെ ഫ്രെയിം അവിടെ നിന്നൊരു പാന്‍ ഷോട്ടിലേക്ക് പാഞ്ഞത്. അതൊരു സംവിധായകന്‍റെ പിറവിയായിരുന്നു.

മലയാളത്തില്‍നിന്ന് ഇത്രയേറെ ചലച്ചിത്രമേളകളില്‍ അടയാളപ്പെട്ടൊരു സിനിമ വേറെയില്ല. എഴുപതോളം സ്ക്രീനുകള്‍, മുപ്പതിലേറെ പുരസ്കാരങ്ങള്‍. സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക്. ദേശീയതലത്തിലും രാജ്യാന്തര ഇടങ്ങളിലും ചലച്ചിത്രകാരന്‍ വീണ്ടും അംഗീകരിക്കപ്പെട്ടു.

കലഹങ്ങള്‍ക്ക് കുറവില്ലാത്തൊരു ലക്ഷണമൊത്ത പ്രതിഭകൂടിയായിരുന്നു ഷാജി എന്‍ കരുണ്‍. ദേശീയ പുരസ്കാരങ്ങള്‍ കിട്ടുമ്പോഴും സംസ്ഥാനത്ത് അംഗീകാരം ലഭിക്കാത്തതിന്‍റെ പേരില്‍ ചലച്ചിത്ര അക്കാദമിയുമായി കോര്‍ത്തു. കുട്ടിസ്രാങ്കിന് സംസ്ഥാന അവാര്‍ഡുകള്‍ കിട്ടാതെ പോയപ്പോള്‍ പരസ്യമായി പ്രതിഷേധിച്ചു. അഞ്ച് ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടി, പ്രതികാരം തീര്‍ത്തു. അക്കാദമി ചെയര്‍മാനായിരുന്ന കെആര്‍ മോഹനനുമായി ഉടക്കി

ഭൂരിഭാഗം കലാകാരന്മാരെയുംപോലെ ഇടതുപക്ഷം ചേര്‍ന്നായിരുന്നു യാത്ര. ടി.കെ. രാമകൃഷ്ണന്‍ മന്ത്രിയായിരിക്കെ ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ചെയര്‍മാനായി. ഇടതുസര്‍ക്കാരിന്‍റെ കാലത്തുതന്നെ ചലച്ചിത്രവികസന കോര്‍പറേഷന്‍റെയും തലപ്പത്തിരുന്നു. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമതിയില്‍ ജൂറി ചെയര്‍മാനായും ചലച്ചിത്ര മേളയുടെ ഡയരക്ടറായും പ്രവര്‍ത്തിച്ചു. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് കേരളം ജെസി ഡാനിയേല്‍ പുരസ്കാരം നല്‍കി ഷാജി എന്‍ കരുണിനെ ആദരിച്ചു.

ഷാജി എൻ കരുൺ അന്തരിച്ചു

കേരള ചരിത്രത്തിലെ പൊളിച്ചെഴുത്തുകള്‍ ബാക്കി; പ്രമുഖചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍ വിടവാങ്ങി

By admin