ശ്രീമതിയെത്തിയത് നേതൃത്വം ആവശ്യപ്പെട്ടിട്ട്, വിലക്കിയ തീരുമാനം മുഖ്യമന്ത്രി ഒറ്റക്കെടുത്തത്, ആരും എതിർത്തില്ല
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിയെ വിലക്കിയ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റക്കെടുത്തത്. നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു കേന്ദ്ര കമ്മറ്റിയംഗം ശ്രീമതി യോഗത്തിനെത്തിയത്. അപ്രതീക്ഷിതമായാണ് യോഗത്തിൽ മുഖ്യമന്ത്രി വിലക്ക് അറിയച്ചത്. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ യോഗത്തിൽ ആരും എതിർത്തില്ല.
എന്നാൽ വിവാദമായപ്പോൾ മുഖ്യമന്ത്രിയെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പിന്തുണച്ചു. കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിൽ പികെ ശ്രീമതി പ്രവര്‍ത്തിക്കേണ്ടത് ദില്ലിയിലാണെന്നായിരുന്നു എംവി ഗോവിന്ദൻ വിശദീകരിച്ചത്. എന്നാൽ എംവി ഗോവിന്ദൻറെ ന്യായീകരണത്തിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.
തെരുവുനായയുടെ കടിയേറ്റു, അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ
75 വയസ് പ്രായപരിധി കർശനമാക്കിയപ്പോഴാണ് പികെ ശ്രീമതി സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവായത്. പിണറായി വിയജയനടക്കം സംസ്ഥാന നേതൃത്വത്തിന് അത്ര താൽപര്യം ഇല്ലാതിരുന്നിട്ടും മധുര പാർട്ടി കോൺഗ്രസിൽ ശ്രീമതിക്ക് ഇളവുകിട്ടി. മഹിള അസോസിയേഷൻ പ്രസിഡന്‍റ് എന്ന നിലയിലായിരുന്നു ഇളവ് അനുവദിച്ചത്. സംഘടനാ രീതിപ്രകാരം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ കീഴ് കമ്മിറ്റികളിൽ പങ്കെടുക്കുന്നതാണ് രീതി. ക്ഷണപ്രകാരം കഴിഞ്ഞ 19 ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് പ്രായ പരിധി ഇളവ് കേന്ദ്രത്തിൽ മാത്രമേയുള്ളു എന്ന് പിണറായി വിജയൻ പറഞ്ഞത്. ആ യോഗത്തിൽ തുടര്‍ന്നെങ്കിലും ഇക്കഴിഞ്ഞ വെള്ളിയാഴ്ച പികെ ശ്രീമതി സെക്രട്ടേറിയറ്റിൽ പങ്കെടുത്തില്ല. കേന്ദ്ര കമ്മിറ്റി അടക്കം മേൽഘടകങ്ങളിൽ അംഗങ്ങൾക്ക് കീഴ് കമ്മിറ്റികളിൽ പങ്കെടുക്കാമെന്നാണ് സിപിഎമ്മിന്‍റെ പൊതു സംഘടനാ രീതി. സകേതിക കാരണം പറഞ്ഞ് പികെ ശ്രീമതിക്ക് വിലക്കേര്പ്പെടുത്തിയത് പുതിയ വിവാദങ്ങൾക്കാണ് പാർട്ടിയിൽ തുടക്കമിട്ടത്.