തൃശ്ശൂർ: തനിക്കെതിരായ വ്യാജ ലഹരികേസിലെ മുഖ്യപ്രതി നാരായണ ദാസിനെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി. ബെംഗളൂരുവിൽ നിന്നാണ് വ്യാജലഹരി കേസിലെ മുഖ്യപ്രതിയായ നാരായണ ദാസിനെ അന്വേഷണ സംഘം ഇന്ന് പിടികൂടിയത്. വ്യാജ ലഹരിക്കേസ് അന്വേഷിക്കുന്നതിനായി ഹൈക്കോടതി നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. 2023 ഫെബ്രുവരി 27 നാണ് ലഹരി മരുന്ന് കൈവശം വെച്ചു എന്ന് ആരോപിച്ച് എക്സൈസ് അറസ്റ്റ് ചെയ്ത ഷീല സണ്ണി കുറ്റം ചെയ്യാതെ 72 ദിവസമാണ് ജയിലിൽ കഴിഞ്ഞത്.
ആർക്ക് വേണ്ടിയാണ് ഈ ചതി ചെയ്തതെന്ന് തനിക്കറിയണമെന്ന് ഷീല സണ്ണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വ്യാജ ലഹരി തന്റെ വാഹനത്തിൽ വെച്ചത് മരുമകളും സഹോദരിയും ചേർന്നാണെന്ന് ഉറപ്പുണ്ട്. മരുമകളുടെ സഹോദരി നാരായണ ദാസിന് ഒപ്പമാണ് ബാംഗ്ലൂരിൽ ഉണ്ടായിരുന്നത്. അയാളുടെ അറസ്റ്റോടെ യഥാർത്ഥ പ്രതിയിലേക്ക് അന്വേഷണം എത്തുമെന്ന് വിശ്വസിക്കുന്നുവെന്നും ഷീല സണ്ണി പറഞ്ഞു.
ഷീല സണ്ണിയുടെ പ്രതികരണം
”നാരായണ ദാസ് അറസ്റ്റിലായതിൽ സന്തോഷമുണ്ട്. പക്ഷേ ആർക്ക് വേണ്ടിയാണ്, എന്തിന് വേണ്ടിയാണിത് ചെയ്തതെന്ന് അറിയണം. നാരായണ ദാസ് എന്നയാളെ എനിക്കറിയില്ല. ഫെബ്രുവരി 27നാണ് എന്നെ അറസ്റ്റ് ചെയ്യുന്നത്. ഫെബ്രുവരി 26ന് മരുമോളും മരുമോളുടെ അനിയത്തിയും വീട്ടിലുണ്ടായിരുന്നു. അവർ വൈകിട്ട് എന്റെ വണ്ടിയെടുത്തിട്ട് പോയി. എന്നെ ചതിക്കാനും മാത്രം അത്ര വലിയ ബന്ധമുള്ള ആളൊന്നുമല്ല ഞാൻ. മരുമകളുടെ അനിയത്തിയാണ് നാരായണ ദാസുമായി ബന്ധമുള്ളയാളെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അവർ അന്വേഷിച്ചപ്പോഴാണ് നമ്മളിത് അറിയുന്നത്. കല്യാണം കഴിഞ്ഞെങ്കിലും ഇവർ വഴിയായിട്ട് പോലും നാരായണ ദാസിനെക്കുറിച്ച് എനിക്കറിയില്ല. എന്നോട് പറഞ്ഞിട്ടില്ല. അന്വേഷണ സംഘമാണ് പറഞ്ഞത് നാരായണ ദാസാണ് വിളിച്ചുപറഞ്ഞത് എന്ന്. നാരായണദാസും മരുമോളുടെ അനിയത്തിയും ഒരുമിച്ചാണ് ബാംഗ്ലൂരിൽ താമസിക്കുന്നതെന്ന് അവർ പറഞ്ഞിട്ടാണ് ഞാനറിയുന്നത്. എന്നെ ചതിക്കേണ്ട കാര്യം നാരായണ ദാസിനില്ലല്ലോ. എനിക്കിപ്പോഴും മനസിലാകാത്ത കാര്യമാണ്. തലേ ദിവസം വരെ എന്നോട് നല്ല രീതിയിൽ സംസാരിച്ച്, ഞാൻ വെച്ചുകൊടുത്ത ഭക്ഷണം കഴിച്ചിട്ട് പോയ ആളാണ്. അനിയത്തിക്ക് എന്നോടിത് ചെയ്യേണ്ട കാര്യമില്ല. ചേച്ചി കൂടി, മരുമോൾ കൂടി അറിഞ്ഞിട്ടായിരിക്കുമല്ലോ. തലേദിവസം അവര് രണ്ടുപേരും അവിടെയും ഇവിടെയും നിന്ന് സംസാരിക്കുന്നത് കണ്ടിരുന്നു. ഈ സംഭവം കഴിഞ്ഞതിൽ പിന്നെ മകനുമായി യാതൊരു ബന്ധവുമില്ല. ഞാനും ഭർത്താവും വേറെയാണ് താമസിക്കുന്നത്. ഞങ്ങളെ വിളിക്കാറില്ല. ഇപ്പോൾ മകനും ഒളിവിലാണെന്നാണ് അറിയാൻ കഴിഞ്ഞത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. മരുമോളും മരുമോളുടെ അനിയത്തിയും എന്നെ അറസ്റ്റ് ചെയ്ത എക്സൈസ് ഓഫീസറുമാണ് ഇതിന് പിന്നിൽ. നാരായണ ദാസുമായി ഫോണിൽ സംസാരിച്ചതായി ഈ ഓഫീസർ തന്നെ മൊഴി കൊടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നിലാരാണെന്ന് കണ്ടുപിടിക്കണം.” ഷീല സണ്ണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.