വോഡാഫോണ്‍ ഐഡിയ 5ജി കൂടുതല്‍ നഗരങ്ങളില്‍; സൗജന്യമായി ആസ്വദിക്കാന്‍ ചെയ്യേണ്ട റീച്ചാര്‍ജുകള്‍

ചണ്ഡീഗഡ്: രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡാഫോണ്‍ ഐഡിയ (വി) 5ജി സേവനം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. ചണ്ഡീഗഡിലും പാറ്റ്‌നയിലുമാണ് പുതുതായി വി 5ജി എത്തിയത്. ദില്ലി, ബെംഗളൂരു അടക്കമുള്ള നഗരങ്ങളിലേക്ക് അടുത്ത മാസം വോഡാഫോണ്‍ ഐഡിയയുടെ 5ജി നെറ്റ്‌വര്‍ക്ക് എത്തും. 

2025 മാര്‍ച്ച് മാസത്തില്‍ രാജ്യത്ത് ആദ്യം വോഡാഫോണ്‍ ഐഡിയ 5ജി എത്തിയത് മുംബൈ മഹാനഗരത്തിലാണ്. ഇതിന് ശേഷമാണ് ചണ്ഡീഗഡ്, പാറ്റ്‌ന എന്നീ നഗരങ്ങളിലേക്ക് വി കമ്പനി 5ജി നെറ്റ്‌വര്‍ക്ക് വ്യാപിപ്പിച്ചത്. സാംസങിന്‍റെ സഹകരണത്തോടെയാണ് ഈ നഗരങ്ങളില്‍ വി 5ജി നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനക്ഷമമാക്കിയത്. വോഡാഫോണ്‍ ഐഡിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) വഴിയാണ് നെറ്റ്‌വര്‍ക്ക് ഒപ്റ്റിമൈസേഷന്‍ നടത്തുന്നത്. എഐ അധിഷ്ഠിതമായ സെല്‍ഫ്-ഓര്‍ഗനൈസിംഗ് നെറ്റ്‌വര്‍ക്ക് (SON) സിസ്റ്റമാണിത്. അടുത്ത മാസത്തോടെ കൂടുതല്‍ നഗരങ്ങളില്‍ 5ജി സേവനം എത്തിക്കുമെന്ന് വി അറിയിച്ചു. 

മുംബൈയില്‍ കഴിഞ്ഞ മാസം ആരംഭിച്ച വി 5ജിക്ക് മികച്ച പ്രതികരണമാണ് ഉപയോക്താക്കളില്‍ നിന്ന് കിട്ടിയത്. 5ജിക്ക് യോഗ്യതയുള്ള 70 ശതമാനത്തിലധികം വോഡാഫോണ്‍ ഐഡിയ ഉപയോക്താക്കള്‍ 5ജി സൗകര്യം മുംബൈയില്‍ ഉപയോഗിക്കുന്നതായാണ് കണക്ക്. ആകെ നെറ്റ്‌വര്‍ക്ക് ട്രാഫിക്കിന്‍റെ 20 ശതമാനം ഇതിലൂടെ വി കമ്പനിക്ക് ലഭിക്കുന്നു. ഇതിന് പുറമെ ഐപിഎല്‍ മത്സരങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ 11 പ്രധാന ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും വി 5ജി സേവനം ഇനാബിള്‍ ചെയ്തിട്ടുണ്ട്. 

പ്രീപെയ്‌ഡ് ഉപയോക്താക്കള്‍ക്ക് വി 5ജി 299 രൂപ റീച്ചാര്‍ജ് മുതല്‍ ആസ്വദിക്കാം. 28 ദിവസം വാലിഡിറ്റിയില്‍ ദിനംതോറും 1 ജിബി ഡാറ്റ നല്‍കുന്ന പ്ലാനാണിത്. അതേസമയം പോസ്റ്റ്‌പെയ്‌ഡ് യൂസര്‍മാര്‍ക്ക് വി മാക്സ് 451 എന്ന 451 രൂപ വിലവരുന്ന പ്ലാന്‍ 50 ജിബി ഡാറ്റ പ്രദാനം ചെയ്യുന്നു. ഈ പ്ലാനുകള്‍ക്കൊപ്പം 5ജി നെറ്റ്‌വര്‍ക്ക് ലഭ്യമായ ഇടങ്ങളില്‍ അണ്‍ലിമിറ്റഡ് 5ജി സേവനം ഉപയോഗിക്കാന്‍ വോഡാഫോണ്‍ ഐഡിയ വരിക്കാര്‍ക്കാകും. 5ജി വ്യാപനം പുരോഗമിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ റീച്ചാര്‍ജ് പ്ലാനുകള്‍ വി അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. 

Read more: ദിനങ്ങള്‍ എണ്ണി കാത്തിരുന്നോ; നാല് സര്‍ക്കിളുകളില്‍ കൂടി വോഡഫോൺ-ഐഡിയ 5ജി എത്തുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin