മലപ്പുറം: കൊച്ചിയിൽ സിനിമാ പ്രവർത്തകരെ 1.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭപ്രായങ്ങളിൽ പ്രതികരണവുമായി തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര. ‘വെറും ഒന്നര ഗ്രാമല്ലേ, കഞ്ചാവല്ലേ, കൂടിയ സാധനം ഒന്നും അല്ലല്ലോ, ഇതൊക്കെ തായ്‌ലൻഡിൽ ലീഗലാണ്’- എന്നൊക്കെയുള്ള പ്രൊപ്പഗാണ്ട ഇറക്കി ലഹരിക്കെതിരെയുള്ള ജനകീയ മുന്നേറ്റത്തിന് ദയവായി തുരങ്കം വയ്ക്കരുതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഒന്നര ഗ്രാമല്ല അര മിലിഗ്രാം ആയാലും കുട്ടികളെയും യുവാക്കളെയും ടാർഗറ്റ് ചെയ്ത് പ്രവർത്തിക്കുന്ന നാർക്കോട്ടിക് വിപണന-ഉപഭോഗ ശൃംഖലയിൽ മിനിമം ഉപഭോക്താവ് ആയിട്ടെങ്കിലും കണ്ണി ചേർന്നിട്ടുണ്ട് എന്ന ക്രൈമിൻ്റെ തെളിവാണ്. വെറും കഞ്ചാവല്ലേ എന്ന ലാഘവത്തിൽ ഈ ഗൂഢശൃംഖലയിൽ പെട്ടു പോകുന്ന കുട്ടികളാണ് പിന്നീട് രാസ ലഹരിയിലേക്ക് എത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സിനിമക്കാരെല്ലാം ലഹരി മാഫിയയിലെ കിങ്പിൻസ് ആണെന്ന് പറയുന്നില്ലെന്നും കഞ്ചാവിനെ കാൽപ്പനികവത്കരിച്ച് സിനിമയെടുത്ത ഒപ്പിയം പ്രൊഡക്ഷൻസ് മുതലാളി പോലെയുള്ള വിരലിലെണ്ണാവുന്ന സിനിമാ പ്രവർത്തകർ മാത്രമേ ഇതിനെ ആക്ടീവായി പ്രൊമോട്ട് ചെയ്യുന്നുള്ളൂ എന്നാണ് കരുതുന്നതെന്നും സബ് കലക്ടർ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ലഹരിക്കെതിരെ വലിയൊരു കൂട്ടായ്മ ഉണ്ടായി വരുന്നുണ്ട് നാട്ടിൽ. റമദാൻ മാസത്തിൽ പങ്കെടുത്ത ഇഫ്താർ സംഗമങ്ങളിലെല്ലാം പ്രധാന അജണ്ട ലഹരിവിരുദ്ധ ബോധവൽക്കരണം ആയിരുന്നു. ഓശാന, ഈസ്റ്റർ ദിന സന്ദേശങ്ങളിലും ഉത്സവ വേദികളിലും അങ്ങനെ തന്നെ. ഈയടുത്ത് ഞാൻ പങ്കെടുത്ത ഒരു കോളേജ് ഗ്രാജുവേഷൻ പ്രോഗ്രാം പോലും ആരംഭിച്ചത് ലഹരി വിരുദ്ധ കലാപരിപാടിയോടെയാണ്.
പോലീസും എക്സൈസും ഉൾപ്പെടെയുള്ള enforcement agencies പരിമിതികൾ മറന്നു ഓവർടൈം പണിയെടുക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ അവിടുത്തെ പോലീസ് സംവിധാനങ്ങൾ കയ്യൊഴിഞ്ഞ സ്ഥലങ്ങളിൽ വരെ കടന്നു ചെന്ന് സാഹസികമായാണ് പല ക്രിമിനലുകളെയും പിടിക്കുന്നത്, literally risking their lives. സ്കൂളുകളിൽ, കോളേജുകളിൽ ഒക്കെ അടുത്ത വർഷത്തേക്കുള്ള ലഹരി വിരുദ്ധ ആക്ഷൻ പ്ലാൻ ഇപ്പോഴേ തയ്യാറായി വരുന്നു. വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകൾ വളരെ സജീവമായി തന്നെ ലഹരി മുക്ത കാംപസുകൾക്കായി പ്രവർത്തിച്ചു വരുന്നുണ്ട്.
എംപിമാർ, എംഎൽഎമാർ മുതൽ പഞ്ചായത്ത് മെമ്പർമാർ വരെ അവർക്ക് കഴിയുന്ന രീതികളിൽ സഹകരിക്കുന്നുണ്ട്, ജനകീയ ജാഗ്രതയും പ്രതിരോധവും ഏകോപിപ്പിക്കാൻ നേതൃത്വം നൽകുന്നുണ്ട്. ലഹരി കേസുകളിൽ പിടിക്കപ്പെട്ടവർക്കായി ഒരു രാഷ്ട്രീയ നേതാവും ശുപാർശയുമായി വരില്ല എന്നൊരു അലിഖിത തീരുമാനം ഏകദേശം പൂർണ്ണമായി തന്നെ പ്രാവർത്തികമാക്കി വരുന്നുണ്ട്.
പറഞ്ഞു വന്നത്, നിങ്ങൾക്ക് താല്പര്യം ഉള്ള രണ്ട് സിനിമാക്കാരെ പിടിച്ചു എന്ന് കരുതി “വെറും ഒന്നര ഗ്രാമല്ലേ”, “കഞ്ചാവല്ലേ, കൂടിയ സാധനം ഒന്നും അല്ലല്ലോ, ഇതൊക്കെ തായ്‌ലൻഡിൽ ലീഗലാണ്”, എന്നൊക്കെയുള്ള propaganda ഇറക്കി ഈ ജനകീയ മുന്നേറ്റത്തിന് ദയവായി തുരങ്കം വയ്ക്കരുത്. ഒന്നര ഗ്രാമല്ല അര മിലിഗ്രാം ആയാലും നമ്മുടെ കുട്ടികളെയും യുവാക്കളെയും ടാർഗറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ഒരു നാർക്കോട്ടിക് വിപണന-ഉപഭോഗ ശൃംഖലയിൽ മിനിമം ഉപഭോക്താവ് ആയിട്ടെങ്കിലും കണ്ണി ചേർന്നിട്ടുണ്ട് എന്ന ക്രൈമിൻ്റെ തെളിവാണ്.
വെറും കഞ്ചാവല്ലേ എന്ന ലാഘവത്തിൽ ഈ ഗൂഢശൃംഖലയിൽ പെട്ടു പോകുന്ന കുട്ടികളാണ് പിന്നീട് രാസ ലഹരിയിലേക്ക് എത്തുന്നത്, carriers ആയി മാറുന്നത്, തിരിച്ച് വരാനാവാത്ത വിധം പെട്ട് പോകുന്നത്, മാനസിക വിഭ്രാന്തിയിലേക്കും മരണത്തിലേക്കും വരെ അതിവേഗം നിപതിക്കുന്നത്. സിനിമക്കാരെല്ലാം ഈ പറഞ്ഞ മാഫിയയിലെ kingpins ആണെന്ന് അല്ല പറഞ്ഞു വരുന്നത്. കഞ്ചാവിനെ romanticize ചെയ്ത് സിനിമയെടുത്ത ഒപ്പിയം പ്രൊഡക്ഷൻസ് മുതലാളി പോലെയുള്ള വിരലിലെണ്ണാവുന്ന സിനിമാ പ്രവർത്തകർ മാത്രമേ ഇതിനെ ആക്ടീവായി പ്രൊമോട്ട് ചെയ്യുന്നുള്ളൂ എന്നാണ് കരുതുന്നത്.
സർക്കാരിൻ്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി സജീവമായി സഹകരിക്കുന്ന അനേകം സിനിമാ താരങ്ങൾ ഈ നാട്ടിലുണ്ട്. അതൊക്കെ എന്തും ആകട്ടെ, തങ്ങൾക്കെതിരെ വന്നിരിക്കുന്ന നാർക്കോട്ടിക് കേസുകൾ നിയമപരമായി നേരിടാനുള്ള ശേഷിയൊക്കെ പ്രതികളായ സിനിമാ പ്രവർത്തകർക്കുണ്ട്. ഇതൊന്നും അവരുടെ കരിയറിനെ കാര്യമായി ബാധിക്കാൻ പോകുന്നുമില്ല എന്നതും നമുക്ക് മുൻ അനുഭവങ്ങളിൽ നിന്ന് അറിയാം. അതിനാൽ തന്നെ ഇത്തരം PR, propaganda പിന്തുണയൊന്നും അവർക്ക് ആവശ്യമില്ല എന്ന് മനസ്സിലാക്കുക. ഉപകാരമൊന്നും ചെയ്തില്ലെങ്കിലും ഈ നാട്ടിൽ മുൻപെങ്ങും ഇല്ലാത്ത വിധം വിപുലമായും ജനകീയ അടിത്തറയോടെയും നടന്നു വരുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപദ്രവം ചെയ്യാതിരിക്കാൻ ശ്രമിക്കുക, നന്ദി.