‘വാട്ട് എ മാസ്റ്റര്‍പീസ്’; ‘തുടരും’ കണ്ട സനുഷ പറയുന്നു

തിയറ്ററുകളില്‍ എത്തുന്ന ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രൊമോഷന്‍ അത് കണ്ട് ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ പറയുന്ന അഭിപ്രായങ്ങളാണ്. അങ്ങനെ വമ്പന്‍ മൗത്ത് പബ്ലിസിറ്റി ലഭിക്കുന്നത് ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ആണെങ്കില്‍ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളില്‍ പലതും തിരുത്തി എഴുതപ്പെടും. അത്തരമൊരു കാഴ്ചയ്ക്ക് മലയാള സിനിമ വീണ്ടും സാക്ഷ്യം വഹിക്കുകയാണ്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ തുടരും ആണ് ആ ചിത്രം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം അന്നത്തെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം വന്‍ അഭിപ്രായമാണ് എല്ലാ കോണുകളില്‍ നിന്നും നേടിയത്. അതിന്‍റെ നേട്ടം ബോക്സ് ഓഫീസില്‍ പ്രതിഫലിക്കുകയാണ് ഇപ്പോള്‍. ചിത്രം കണ്ട് സോഷ്യല്‍ മീഡിയയില്‍ മികച്ച അഭിപ്രായം പങ്കുവെക്കുന്നവരില്‍ സാധാരണ സിനിമാ പ്രേക്ഷകര്‍ക്കൊപ്പം സെലിബ്രിറ്റികളുമുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് നടി സനുഷ സന്തോഷ്. ചിത്രം ഒരു മാസ്റ്റര്‍പീസ് ആണെന്ന് സനുഷ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.

“കൂട്ടത്തോടെ അറിഞ്ഞിരിക്കുന്നു, ഒറ്റയാന്‍ കാട്ടില്‍ വീണ്ടും ഇറങ്ങിയെന്ന്. എന്തൊരു മാസ്റ്റര്‍പീസ്! വളരെ കാലത്തെ ഇടവേളയില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ചിത്രം”, എന്നാണ് സനുഷയുടെ കുറിപ്പ്. സോഷ്യല്‍ മീഡിയയില്‍ ഇത് കാര്യമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- ശോഭന ജോഡി ഒന്നിച്ച ചിത്രമെന്ന കൗതുകവും തുടരുമിന് മേല്‍ പ്രേക്ഷകര്‍ക്ക് ഉണ്ട്. 

ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എല്ലാ തലമുറയില്‍ പെട്ട പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് പോസിറ്റീവ് അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിന്‍റെ ലൈഫ് ടൈം ഗ്രോസ് എത്ര വരുമെന്നത് നിലവില്‍ പ്രവചിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. 

ALSO READ : ‘മഹല്‍’ മെയ് 1 ന് തിയറ്ററുകളില്‍; ടീസര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin