‘ലഹരിയിൽ നിന്നും മോചനം വേണം’; ഷൈൻ ടോം ചാക്കോ ഡി അഡിക്ഷൻ സെന്ററിലേക്ക്

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റും. തൊടുപുഴയിലെ ഡി അഡിക്ഷൻ സെന്ററിലേക്കാണ് കൊണ്ട് പോകുക. എക്സൈസ് വാഹനത്തിൽ തന്നെയാണ് കൊണ്ട് പോകുന്നത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ലഹരിയിൽ നിന്ന് മോചനം നേടണമെന്നും നടൻ ഷൈൻ ടോം ചാക്കോ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് നീക്കം. 

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ഷൈൻ ടോം ചാക്കോ എക്സൈസിനോട് ഇക്കാര്യം പറഞ്ഞത്. എക്സൈസ് വിമുക്തി പദ്ധതിയുടെ ഭാഗമായാണ് ഷൈനിനെ ലഹരി ചികിൽസ കേന്ദ്രത്തിൽ എത്തിക്കുന്നത്. 
ലഹരി ചികിൽസയിൽ എക്സൈസ് മേൽനോട്ടം തുടരും. കൂത്താട്ടുകുളത്ത് ലഹരി ചികിൽസ നടത്തിയതിൻ്റെ രേഖകൾ മാതാപിതാക്കൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. അതേസമയം, മാധ്യമങ്ങൾക്ക് നന്ദി എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ പ്രതികരണം. ഷൈനും ശ്രീനാഥുമായുള്ള പരിചയത്തെ കുറിച്ചാണ് എക്സൈസ് തന്നോട് ചോദിച്ചതെന്നും, ലഹരി ഇടപാടിൽ ബന്ധമില്ലെന്നും മോഡൽ സൗമ്യ ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞു. തസ്‍ലിമയുമായി പരിചയം ഉണ്ടെങ്കിലും സാമ്പത്തിക ഇടപാടില്ലെന്നും സൗമ്യ പറഞ്ഞിരുന്നു. 

മെഡിക്കൽ രേഖകളുമായി ഷൈൻ ടോം ചാക്കോയുടെ അച്ഛനും അമ്മയും; തസ്ലീമയുമായി ലഹരി ഇടപാടില്ലെന്ന് ആവർത്തിച്ച് ഷൈൻ

അതേസമയം, ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ കെ.സൗമ്യയേയും എക്സൈസ് ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. ഈ കേസിൽ നേരത്തെ പിടിക്കപ്പെട്ട തസ്‍ലിമയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താനാണ് എക്സൈസ് മൂവരെയും വിളിപ്പിച്ചത്. എന്നാൽ ഇവർക്ക് ഈ കേസുമായി ബന്ധമില്ലെന്നാണ് എക്സൈസ് നിഗമനം. നിലവിൽ ആർക്കെതിരെയും തെളിവില്ലെന്നും, വേണ്ടി വന്നാൽ വീണ്ടും വിളിപ്പിക്കുമെന്നും അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാർ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

By admin