രാജാവ് സാക്ഷി, രാജ്യം കാത്തു! ക്രുണാല്‍ ദ ചേസ് മാസ്റ്റർ

നാല് ഓവറിനുള്ളില്‍ തന്നെ 26-3! ഒരുതലയ്ക്കല്‍ കോലിയുണ്ട്, കൂട്ടുനിക്കാൻ എത്തിയതായിരുന്നു. നേരിട്ട ആദ്യ പത്ത് പന്തുകള്‍ കണ്ടപ്പോള്‍ നാലാം വിക്കറ്റിലേക്ക് അത്ര അകലമില്ലെന്ന് തോന്നിച്ചു. മിസ് ഹിറ്റുകള്‍, ടൈമിങ് ഇല്ലായ്‌മ, ബൗണ്‍സറുകള്‍ക്ക് മുന്നില്‍ പതറുന്നു. സ്വയം അമര്‍ഷവും മറച്ചുവെക്കാതെ ക്രീസില്‍. ഇന്നിങ്സ് പാതി പിന്നിടുമ്പോള്‍ നേടിയത് 21 പന്തില്‍ 17 റണ്‍സ്. പക്ഷേ, കളിയവസാനിച്ച് കയ്യില്‍ മാൻ ഓഫ് ദി മാച്ച് പുരസ്കാരവുമായി കളം വിടുന്നതാണ് ക്ലൈമാക്സ്. 

പന്തുകൊണ്ട് അപ്രതീക്ഷിത ബൗണ്‍സറുകളും വൈഡ് യോര്‍ക്കറുകളും എറിഞ്ഞ് പാട്ടിദാറിന്റെ തുറുപ്പുചീട്ടായവനാണ് ക്രുണാല്‍ പാണ്ഡ്യ. പക്ഷേ, അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ മറ്റൊരു നിയോഗമായിരുന്നു പാട്ടിദാറിന് പിന്നിലായി ക്രീസിലെത്തുമ്പോള്‍ ക്രുണാലിനുണ്ടായിരുന്നത്. കോലിയില്‍ നിന്നും അത്ര വേഗം റണ്ണൊഴുകുന്നുണ്ടായിരുന്നില്ല, സമാനപാതയിലായിരുന്നു ക്രുണാലിന്റെ സഞ്ചാരവും. നേരിട്ട 22-ാം പന്തില്‍ ചെറിയൊരു ഷിഫ്റ്റ് ഉണ്ടായി.

ചമീരയുടെ പന്തില്‍ സുന്ദരമായ റിസ്റ്റ് വ‍ര്‍ക്കിന്റെ സഹായത്തില്‍ പന്ത് ഫ്ലിക്ക് ചെയ്ത് ഡീപിന് മുകളിലൂടെ കാണികള്‍ക്കിടയിലേക്ക്. പന്തിനെ കൃത്യമായി പിന്തുടരുക മാത്രമായിരുന്നു ക്രുണാല്‍ അവിടെ ചെയ്തത്. മുകേഷ് കുമാ‍ര്‍ 13-ാം ഓവര്‍ എറിയാനെത്തിയപ്പോള്‍ ബെംഗളൂരുവിന് മുന്നില്‍ ഒരു ചെറു റണ്‍മല തന്നെയുണ്ടായിരുന്നു. സ്റ്റിക്കിയായ വിക്കറ്റില്‍ 48 പന്തില്‍ 85 റണ്‍സ് അത്ര എളുപ്പമല്ലെന്ന തിരിച്ചറിവ് ക്രുണാലിനും കോലിക്കും ഉണ്ടായിരുന്നു. 

മുകേഷ് എറിഞ്ഞ 13-ാം ഓവറിലെ മൂന്നാം പന്ത്. യഥാര്‍ത്ഥത്തില്‍ അവിടെ നിന്നായിരുന്നു ബെംഗളൂരു റണ്‍ചേസ് ആരംഭിച്ചത്, ക്രുണാല്‍ ആരംഭിച്ചത്. ലെഗ് സൈഡില്‍ വന്ന ബൗണ്‍സര്‍ ഒരു സമ്മാനം പോലെ ക്രുണാല്‍ സ്വീകച്ചു. ഫൈൻ ലെഗ് താണ്ടിയ സിക്സ്. ഷോട്ട് ഓഫ് ദ ലെങ്ത് ഡ‍െലിവെറിയായിരുന്നു ക്രുണാലിനെ തേടി അടുത്തതായി എത്തിയത്. റിസള്‍ട്ടില്‍ മാറ്റമുണ്ടായില്ല. പന്തെറിഞ്ഞ് മുകേഷ് തലയുയര്‍ത്തിയ ഗ്യാപില്‍ ലോങ് ഓഫിന് മുകളിലൂടെ സിക്സ്.

മറുതലയ്ക്കലുണ്ടായിരുന്ന കോലി പോലും ത്രസിച്ചുനോക്കി നിന്നു. കവറിന് മുകളീലൂടെ കുല്‍ദീപ് യാദവിന്റെ പന്തും അതിര്‍ത്തി കടക്കുമ്പോള്‍ തുടക്കത്തില്‍ ക്രീസിലുണ്ടായിരുന്ന ക്രുണാലായിരുന്നില്ല. അയാളുടെ ശരീരഭാഷ ആകെ മാറിയിരുന്നു, അയാളുടെ ബാറ്റിലേക്ക് ആത്മവിശ്വാസമെത്തി, പുറപ്പെടുവിക്കുന്ന ഓരോ ഷോട്ടിലും അത് തെളിഞ്ഞു. ഭാഗ്യത്തിന്റെ അകമ്പടിയും ഇന്നിങ്സിനുണ്ടായിരുന്നു.

അക്സറിനെ സ്വീപ്പ് ചെയ്ത് ഫോര്‍ നേടി ഐപിഎല്ലിലെ തന്റെ രണ്ടാം അര്‍ദ്ധ സെഞ്ചുറിയിലേക്ക്. 2016ന് ശേഷം ആദ്യമായി ക്രുണാല്‍ തന്റെ ബാറ്റ് ഉയര്‍ത്തി കയ്യടികള്‍ ഏറ്റുവാങ്ങി. ഒൻപത് വര്‍ഷത്തെ ഇടവേള. ആദ്യത്തേത് മുംബൈയുടെ പ്രസിദ്ധമായ ബ്ലു ആൻഡ് ഗോള്‍ഡ് ജഴ്സിയിലായിരുന്നു, അന്നും എതിരാളികള്‍ ഡല്‍ഹി തന്നെ. 

പിന്നീട് മുകേഷിന്റെ തുടര്‍ച്ചയായ രണ്ട് യോര്‍ക്കര്‍ ലെങ്ത് പന്തുകള്‍ ഫോര്‍. അക്സര്‍ പട്ടേലിന്റെ മുഖത്ത്  വിജയം തട്ടിയെടുക്കുന്ന ക്രുണാലിന്റെ ബാറ്റിങ്ങിന്റെ പ്രതിഫലനമുണ്ടായിരുന്നു. ഒടുവില്‍ ബെംഗളൂരുവിന്റെ ജയം ടിം ഡേവിഡ് ഉറപ്പിക്കുമ്പോള്‍, ക്രുണാല്‍ നേടിയത് 47 പന്തില്‍ 73 റണ്‍സ്. അവസാനം നേരിട്ട 26 പന്തില്‍ നിന്ന് 56 റണ്‍സായിരുന്നു ഇടം കയ്യൻ ബാറ്റര്‍ നേടിയത്. അഞ്ച് ഫോറും നാല് സിക്സറുകളും.

കോലി തോളിലേറ്റുമെന്ന് തോന്നിച്ച മത്സരം. കോലിക്കായി ഡല്‍ഹി കാത്തിരുന്ന ദിവസം. പക്ഷേ, ക്രുണാലായിരുന്നു ചേസ് മാസ്റ്ററായത്. ഒടുവില്‍ മത്സരശേഷം തന്റെ റോള്‍ ഭംഗിയാക്കാൻ കഴിഞ്ഞതിന്റെ പൂര്‍ണത ക്രുണാലിന്റെ വാക്കുകളിലുണ്ടായിരുന്നു. കോലിയുടെ പിന്തുണയ്ക്ക് അയാള്‍ നന്ദി പറഞ്ഞു, എല്ലാം എളുപ്പമാക്കി തന്നത് കോലിയായിരുന്നെന്ന് പറഞ്ഞു. 

ഡുപ്ലെസിയുടെ നിര്‍ണായക വിക്കറ്റ്. ബെംഗളൂരുവിനെ പോയിന്റ് പട്ടികയുടെ തലപ്പത്തിരുത്തിയ ഇന്നിങ്സ്. കളിയിലെ താരം, ക്രുണാല്‍ പാണ്ഡ്യ.

By admin