യാത്രക്കാരൻ സെക്യൂരിറ്റി ഗാർഡിന്റെ ഫോൺ മോഷ്ടിച്ചെന്നാരോപണം, വിമാനം വൈകിയത് 88 മിനിറ്റ്
യാത്രക്കാരിലൊരാൾ സെക്യൂരിറ്റി ഗാർഡിന്റെ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് സ്റ്റാഫ്. ഇതേത്തുടർന്ന് വിമാനം വൈകിയത് 88 മിനിറ്റ്. എന്നാൽ, യാത്രക്കാരൻ ഫോൺ മോഷ്ടിച്ചിട്ടില്ല എന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.
വിസ്സ് എയർ ഫ്ലൈറ്റാണ് വെള്ളിയാഴ്ച 88 മിനിറ്റ് വൈകിയത്. ലണ്ടൻ ലൂട്ടൺ എയർപോർട്ടിലാണ് സംഭവം നടന്നത്. അൽബേനിയൻ തലസ്ഥാനമായ ടിറാനയിലേക്ക് പോകുന്നതിനായി ഉച്ചകഴിഞ്ഞ് 3:10 -നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ, സെക്യൂരിറ്റി ഗാർഡിന്റെ ഫോൺ കാണാനില്ലാത്തതിനാൽ തന്നെ ഇപ്പോൾ പുറപ്പെടാനാവില്ല എന്ന് സ്റ്റാഫ് യാത്രക്കാരെ അറിയിക്കുകയായിരുന്നു.
വിമാനത്താവളത്തിൽ വെച്ച് ഒരു യാത്രക്കാരൻ ഫോൺ എടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഫോൺ വീണ്ടെടുക്കുന്നതുവരെ യാത്രക്കാരെ പോകാൻ അനുവദിക്കില്ല, വേണ്ടിവന്നാൽ ദൃശ്യങ്ങളിൽ പരിശോധിച്ച് ആളെ കണ്ടെത്തും എന്ന് ജീവനക്കാർ അറിയിച്ചതായി ക്യാബിൻ ക്രൂ വിമാനത്തിലെ യാത്രക്കാരോട് പറയുകയായിരുന്നു.
ഫോൺ വിമാനത്തിലുണ്ട് എന്ന് തങ്ങൾക്ക് അറിയാം. രണ്ട് മിനിറ്റിനുള്ളിൽ വിമാനം പുറപ്പെടേണ്ടതാണ്. എന്നാൽ, ഇത് ഒരു സുരക്ഷാ പ്രശ്നമാണ്. അതിനാൽ അങ്ങനെ പോകാനാവില്ല. ഈ വിമാനത്തിലെ ആരുടേതുമല്ലാത്ത ഒരു വസ്തു ഇതിൽ വയ്ക്കാൻ കഴിയില്ല. അങ്ങനെ ഒരു വസ്തു വിമാനത്തിൽ ഉണ്ടെന്ന് അറിഞ്ഞുകൊണ്ട് പുറപ്പെടാനും സാധിക്കില്ല എന്നായിരുന്നു അനൗൺസ്മെന്റിൽ പറഞ്ഞത്.
കുറച്ച് നേരങ്ങൾക്ക് ശേഷം വീണ്ടും ഒരു അറിയിപ്പ് കൂടിയെത്തി. ആരാണോ ഫോൺ എടുത്തത് അയാൾ തങ്ങളെ ആ വിവരം അറിയിക്കണം എന്നായിരുന്നു അതിൽ പറഞ്ഞത്. എന്നാൽ, ആരും അങ്ങനെ മുന്നോട്ട് വന്നില്ല. പിന്നീട് പൊലീസും വന്ന് വിമാനത്തിനകത്ത് പരിശോധന നടത്തി. എന്നാൽ, ഫോൺ കണ്ടെത്താനായില്ല. ഒടുവിൽ ഒരു മണിക്കൂർ നീണ്ടുനിന്ന ആശയക്കുഴപ്പത്തിന് ശേഷം അങ്ങനെ ഒരു ഫോൺ ആ വിമാനത്തിൽ ഇല്ല എന്ന് പറഞ്ഞുകൊണ്ട് വിമാനം യാത്ര തുടങ്ങുകയായിരുന്നു.
എന്നാൽ, യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു 28 വയസുകാരൻ ഈ സംഭവത്തെ വിമർശിച്ചതായി മാധ്യമങ്ങൾ എഴുതുന്നു. എയർപോർട്ടിൽ ഇത്രയും സുരക്ഷയേ ഉള്ളോ എന്നായിരുന്നു യുവാവിന്റെ ചോദ്യം. സെക്യൂരിറ്റി ഗാർഡിന് സ്വന്തം ഫോൺ സൂക്ഷിക്കാനായില്ലേ എന്നും സോഷ്യൽ മീഡിയയിൽ പലരും ചോദിച്ചു.