ഫോമിലേക്ക് മടങ്ങാൻ റിഷഭ് പന്ത് എന്ത് ചെയ്യണം?
എന്റെ ഫോമിനേക്കുറിച്ച് ഞാൻ ഒരുപാട് ചിന്തിക്കുന്നില്ല. നമ്മുടെ വഴിക്ക് കാര്യങ്ങള്‍ നീങ്ങിയില്ലെങ്കില്‍ ഒരു കളിക്കാരനെന്ന നിലയില്‍ സ്വയം ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടി വരും. ഒരിക്കലും ചെയ്യാൻ ആഗ്രഹിക്കാത്ത ഒന്നാണത്. ലളിതമായി ഉള്‍ക്കൊള്ളാണ് താല്‍പ്പര്യം, മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് ശേഷം ലക്നൗ നായകൻ റിഷഭ് പന്തിന്റെ വാക്കുകളാണിത്. ഒരിക്കല്‍ക്കൂടി റിഷഭ് പന്ത് പരാജയപ്പെട്ടിരിക്കുന്നു, ഈ ഐപിഎല്ലിലെ ആറാമത്തെ ഒറ്റയക്ക സ്കോര്‍.
റിഷഭ് പന്തെന്ന നായകൻ സീസണില്‍ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെക്കുമ്പോള്‍, അയാളിലെ ബാറ്റര്‍ ശരാശരിക്കും ഒരുപാട് താഴെ പോയിരിക്കുന്നു. ലക്നൗവിന്റെ മധ്യനിരയുടെ പൂര്‍ണ ഉത്തരവാദിത്തം പേറുന്ന പന്തിന് ഇതുവരെ അത് നിര്‍വഹിക്കാനായിട്ടില്ല, ഇതുകൊണ്ട് തന്നെ കൈവിട്ടുപോയ മത്സരങ്ങളുമുണ്ട്. ഒരു താരം ഫോം കണ്ടെത്താൻ ഉഴലുമ്പോള്‍ നേടുന്ന ഓരോ റണ്‍സും പ്രധാനമാണ്. രോഹിത് ശര്‍മയേയും വിരാട് കോലിയേയും തന്നെയെടുക്കാം.
അടുത്ത കാലങ്ങളില്‍ ഫോം ഔട്ടായതില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട താരങ്ങളാണ് ഇരുവരും. അവര്‍ ഫോമിലേക്ക് മടങ്ങിവരാൻ അല്ലെങ്കില്‍ റണ്‍സ് നേടിയെടുക്കാൻ ഒരിക്കലും വിക്കറ്റിന് പിന്നിലുള്ള ഏരിയ ടാര്‍ഗറ്റ് ചെയ്യാറില്ല. മറിച്ച് ഡൗണ്‍ ദ ഗ്രൗണ്ട് ഷോട്ടുകളിലൂടെയാണ് ആത്മവിശ്വാസം വീണ്ടെടുത്തിട്ടുള്ളത്. ട്വന്റി 20 ലോകകപ്പ് ഫൈനലിലെ കോലിയുടേയും ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ രോഹിതിന്റേയും ഇന്നിങ്സുകള്‍ ഉദാരഹരണം.
റിഷഭ് പന്ത് തന്റെ കരിയറില്‍ ഏറ്റവും മികച്ച ഫോമിലൂടെ കടന്നുപോകുമ്പോള്‍ അയാളില്‍ നിന്ന് കൂടുതലായും ഡൗണ്‍ ദ ഗ്രൗണ്ട് ഷോട്ടുകള്‍ കാണാമായിരുന്നു. പ്രത്യേകിച്ചും സ്ട്രെയിറ്റ് ബൗണ്ടറികള്‍. മുൻ ഇന്ത്യൻ പരിശീലകനും താരവുമായിരുന്നു സഞ്ജയ് ബാംഗറും ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍, ഈ ഐപിഎല്ലില്‍ ഫോം വീണ്ടെടുക്കുന്നതിനായി അത്തരമൊരു ശ്രമം വിരളമായാണ് പന്തില്‍ നിന്ന് കാണാനാകുന്നത്.
മൂന്ന് തവണ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് താരം പുറത്തായി. മുംബൈക്കെതിരെയും അത് തന്നെയാണ് ആവര്‍ത്തിച്ചത്. വിക്കറ്റിന് പിന്നിലായുള്ള സ്പേസ് കൂടുതലായി ഉപയോഗിക്കാനുള്ള ശ്രമം. പന്തിനെ പോലെ നിരവധി ഷോട്ടുകള്‍ കൈമുതലായുള്ള, മികച്ച റിസ്റ്റ് വര്‍ക്കുള്ള, ഹാൻഡ് സ്പീഡുള്ള, ഔട്ട് ഓഫ് ദ ബോക്‌സ് മെന്റാലിറ്റിയുള്ള ഒരു താരം ഇത്തരമൊരു ശ്രമം നടത്തേണ്ടതുണ്ടോ റണ്‍സ് നേടാൻ. ചെന്നൈക്കെതിരായ അര്‍ദ്ധ സെഞ്ച്വറി ഇന്നിങ്സ് പോലും കുറ്റമറ്റതായിരുന്നില്ല.
ഡൗണ്‍ ദ ഗ്രൗണ്ട് ഷോട്ടുകള്‍ കളിക്കാനുള്ള ആത്മവിശ്വാസം പന്തിന് നഷ്ടമായോയെന്നുപോലും സംശയം. പന്ത് തന്റെ തനതുശൈലിയിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അങ്ങനെയെങ്കില്‍ ഒരുപക്ഷേ ഇതിലും ഈസിയായി റണ്‍സ് സ്കോര്‍ ചെയ്യാൻ കഴിഞ്ഞേക്കും. വാഹനാപകടത്തില്‍ നിന്ന് മടങ്ങിയെത്തിയ കഴിഞ്ഞ സീസണിന്റെ നിഴല്‍പോലും കാണാനില്ല ഇത്തവണയെന്നതും അതിശയം നല്‍കുന്നതാണ്.
ഇത്തവണത്തെ പന്തിന്റെ ശരാശരിയും സ്ട്രൈക്ക് റേറ്റും ഒരു സ്പെഷ്യലിസ്റ്റ് ബൗളറിനേക്കാള്‍ താഴെയോ ഒപ്പമോ ആണെന്ന് പറയാം. 27 കോടിയുടെ തലക്കനം പന്തിന് താങ്ങാനാകുന്നില്ലെന്നും പറയുന്ന ഒരുപക്ഷമുണ്ടിവിടെ. തെറ്റാണെന്ന് പറയാനാകില്ല. പക്ഷേ, ഇതിനോടെല്ലാം പന്ത് മുഖം തിരിക്കേണ്ടിയിരിക്കുന്നു. ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരമായിരിക്കാം, പക്ഷേ പന്തിന് മുന്നില്‍ ഒരു കരിയറുണ്ട്. പ്രത്യേകിച്ചും ഇന്ത്യൻ ജഴ്സിയില്‍.
അടുത്ത ധോണിയെന്നു പോലും ചെറിയ കാലയളവിനുള്ളില്‍ വാഴ്ത്തപ്പെട്ട താരമാണ് പന്ത്. ക്രീസിലെത്തുമ്പോഴുള്ള പന്തിന്റെ ആ ഈസിനെസ് കാണാനാകുന്നില്ല. സീസണില്‍ ലക്നൗവിനായി പല പൊസിഷനില്‍ പന്തിറങ്ങുന്നത് കണ്ടു. ടീം തകര്‍ന്നടിയുമ്പോള്‍ പോലും ക്രീസില്‍ വരാത്ത പന്തിനേയും കണ്ടു. ഇതെല്ലാം തന്ത്രമാണെന്ന് ന്യായീകരിക്കാനാകുമോ എന്ന് അറിയില്ല.
ക്രീസില്‍ 360 ഡിഗ്രിയില്‍ കറങ്ങിയും തിരിഞ്ഞും മറിഞ്ഞും ഏത് പന്തും ബൗണ്ടറി പായിക്കുന്ന ഒരു പന്തുണ്ടായിരുന്നു. ആ അഗ്രസീവ് അപ്രോച്ചായിരുന്നു പന്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയതും. ഒരു കൂറ്റൻ ഇന്നിങ്സ് ആവശ്യമില്ല എല്ലാം തിരിച്ചുവരാൻ.
ജൂണില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വരുന്നു, വിദേശ വിക്കറ്റുകളില്‍ പന്ത് എത്രത്തോളം അപകടകാരിയാണെന്ന് പറഞ്ഞ് അറിയിക്കേണ്ടതില്ല. ലക്നൗ കുപ്പായത്തില്‍ മത്രമല്ല ഇന്ത്യയ്ക്കും ആവശ്യമുണ്ട് പന്തിന്റെ തിരിച്ചുവരവ്. സമ്മര്‍ദങ്ങളുടെ കുപ്പായം അഴിച്ചുവെച്ച് നേര്‍ക്കുവരുന്ന പന്തിനെ മാത്രം നേരിടാൻ തയാറാകണം, തന്റെ ഷോട്ടുകളിലുള്ള ആത്മവിശ്വാസം തുടരണം.