പ്രദര്‍ശന വിലക്കിന്റെ വക്കില്‍ പാക് താരത്തിന്റെ ബോളിവുഡ് പടം: താരം വാങ്ങിയ പ്രതിഫലം ഞെട്ടിക്കും !
കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ദാരുണമായ ഭീകരാക്രമണത്തെത്തുടർന്ന് വാണി കപൂറും പാകിസ്ഥാൻ നടൻ ഫവാദ് ഖാനും അഭിനയിച്ച അബിർ ഗുലാൽ എന്ന ചിത്രം വിവാദത്തിലായിരുന്നു. ഫവാദ് ഖാന്റെ ബോളിവുഡ് തിരിച്ചുവരവായി പറഞ്ഞിരുന്ന ചിത്രത്തിന് പ്രദര്‍ശന വിലക്ക് വന്നേക്കും എന്നാണ് റിപ്പോര്‍ട്ട്.
ഏപ്രിൽ 22 ന് നടന്ന ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. കൂടുതലും വിനോദസഞ്ചാരികളായിരുന്നു കൊല്ലപ്പെട്ടവര്‍. സംഭവത്തിനുശേഷം പാകിസ്ഥാനെതിരായി സോഷ്യൽ മീഡിയയിൽ രോഷം വർദ്ധിച്ചുവരികയാണ്. പലരും അബിർ ഗുലാൽ എന്ന ചിത്രം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധങ്ങൾക്കിടയിൽ, അബിർ ഗുലാലിന്റെ പ്രമോഷന് പരിപാടികള്‍ എല്ലാം നിര്‍ത്തിവച്ചിരുന്നു. മാത്രമല്ല ചിത്രത്തിലെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങൾ – ഖുദയ ഇഷ്ക്, ആംഗ്രെജി രംഗ്രാസിയ എന്നിവ യൂട്യൂബ് ഇന്ത്യയില്‍ നിന്നും നീക്കം ചെയ്തു.
ആരതി എസ് ബാഗ്ദി സംവിധാനം ചെയ്യുന്ന അബിർ ഗുലാൽ മെയ് 9 ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഒരു ഇന്ത്യന്‍ പാക് പ്രണയകഥയാണ് ഈ റൊമാന്റിക് ഡ്രാമയില്‍ പറയുന്നത് എന്നാണ് സൂചന. പ്രഖ്യാപനം മുതൽ ഈ ചിത്രം വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
ഇപ്പോഴിതാ പാക് താരം ചിത്രത്തിന് എത്ര പ്രതിഫലം വാങ്ങി എന്ന വിവരം പുറത്തുവന്നിരിക്കുകയാണ്. വിവിധ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം 5-10 കോടി വരെയാണ് പാകിസ്ഥാൻ നടൻ ഫവാദ് ഖാന് നായകനാകുവാന്‍ ചിത്രത്തില്‍ പ്രതിഫലം വാങ്ങിയത്. പാകിസ്ഥാനിൽ ഒരു ടിവി എപ്പിസോഡിന് 15–20 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങുന്ന നടനാണ് ഇദ്ദേഹം. അതേ സമയം ചിത്രത്തിലെ നായിക വാണി കപൂര്‍ ചിത്രത്തിനായി 1.5 കോടിയാണ് പ്രതിഫലം വാങ്ങിയത് എന്നാണ് വിവരം.
അതേ സമയം ഭീകരാക്രമണത്തിന് പിന്നാലെ നയതന്ത്ര ബന്ധങ്ങൾ വഷളാകുകയും അതിർത്തിയിലെ സംഘർഷങ്ങൾ വർദ്ധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പാകിസ്ഥാൻ പൗരനായ ഫവാദ് ഖാന്റെ കാസ്റ്റിംഗ് ചിത്രത്തിനെതിരായ സൈബര്‍ രോഷം ഇരട്ടിപ്പിക്കുകയാണ്.
‘താന്‍, മുന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയോ’: പാക് മുന്‍ മന്ത്രിയെ എയറിലാക്കി ഗായകന് അദ്നാൻ സാമി
അബിർ ഗുലാൽ: പാക് താരം ഫവാദ് ഖാന്റെ ചിത്രം വിവാദത്തിൽ, പാട്ടുകള്‍ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു