പെണ്‍കുട്ടികള്‍ക്ക് പടക്കം പൊട്ടിച്ചൂടേ, ഒരു വിഷുക്കാലത്ത് പടക്കം കൊണ്ട് ഞങ്ങളതിന് ഉത്തരമെഴുതി!

പെണ്‍കുട്ടികള്‍ക്ക് പടക്കം പൊട്ടിച്ചൂടേ, ഒരു വിഷുക്കാലത്ത് പടക്കം കൊണ്ട് ഞങ്ങളതിന് ഉത്തരമെഴുതി!

ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

പെണ്‍കുട്ടികള്‍ക്ക് പടക്കം പൊട്ടിച്ചൂടേ, ഒരു വിഷുക്കാലത്ത് പടക്കം കൊണ്ട് ഞങ്ങളതിന് ഉത്തരമെഴുതി!

ചക്ക, മാങ്ങ വിഭവങ്ങളുടെ കാലമായിരുന്നു എന്നും വേനലവധിക്കാലം. മാര്‍ച്ച് അവസാനം സ്‌കൂള്‍ അടയ്ക്കുമ്പോഴേക്കും രുചിക്കാലത്തിന് തുടക്കമാവും. ചക്കയെ സംബന്ധിച്ചാണെങ്കില്‍, ഇടിച്ചക്ക തോരനില്‍ നിന്ന്  കൊത്തച്ചക്കയും കഴിഞ്ഞു ചക്കപ്പുഴുക്കിലേക്കും ചക്കപ്പഴം, ചക്കയട എന്നിവയുടെ മാധുര്യത്തിലേക്കും രുചിഭേദങ്ങളുടെ പകര്‍ന്നാട്ടം നടക്കും. കണ്ണിമാങ്ങയില്‍ നിന്നും, മാമ്പഴത്തിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ മാങ്ങയാവട്ടെ കിളികളേയുംപലതരം ഉറുമ്പുകളേയും വിരുന്നൂട്ടുന്ന തിരക്കിലായിരിക്കും. 

ഏപ്രില്‍ ആദ്യവാരം തന്നെ വിഷുവിനു വേണ്ടിയുള്ള തയ്യാറെടുപ്പ് തുടങ്ങും. പടക്കക്കടകളില്‍ അഭൂതപൂര്‍വ്വമായ തിരക്ക് കാണാം. കമ്പിത്തിരി, പൂത്തിരി, നിലചക്രം, ഓലപ്പടക്കം, മാലപ്പടക്കം തുടങ്ങി ഒരുപാട് ഇനങ്ങള്‍ വാങ്ങി ഒരു കവറിലാക്കി അച്ഛന്‍ വീട്ടിലേക്ക് വരും. ആ വൈകുന്നേരം മുതല്‍ ഞങ്ങള്‍ കുട്ടികള്‍ക്കാണ് പിന്നെ അതിന്റെയൊക്കെ ചുമതല. അടുത്ത ദിവസം മുതല്‍ അതെല്ലാം വെയിലത്തു വച്ചു ചൂടാക്കലാണ് ഞങ്ങള്‍ക്ക് പ്രധാന പണി. വെയിലു കൊണ്ടെങ്കില്‍ മാത്രമേ വെടിമരുന്നു കൊണ്ടുള്ള സാധനങ്ങള്‍ ശരിയായി അതാതിന്റെ പണിയെടുക്കൂ എന്ന് അച്ഛന്‍ പറയാറുണ്ടായിരുന്നു. 

പടക്കം പൊട്ടിക്കല്‍ ആണ്‍കുട്ടികള്‍ മാത്രം ചെയ്തിരുന്ന കാലത്താണ് അടുക്കളയില്‍ കീറിയടുക്കി വച്ചിരുന്ന വിറകിന് നടുവിലൊരു വിടവുണ്ടാക്കി അതില്‍ പടക്കം വച്ചിട്ട് കൊളുത്തി വച്ച മണ്ണെണ്ണ വിളക്കിന്റെ കത്തിനില്‍ക്കുന്ന തിരിയിലേക്ക് പടക്കത്തിന്റെ തിരി ഞാനും അനുജത്തിയും നീട്ടിയത്. ആദ്യ തവണ മാത്രമേ ചെറിയ തോതില്‍ പേടി തോന്നിയുള്ളൂ. പിന്നെ വെളുപ്പിനു നാലുമണിക്കും എഴുന്നേറ്റ് പടക്കം പൊട്ടിക്കാന്‍ ഞങ്ങള്‍ ഉഷാറായി. രാത്രി വൈകുവോളം പടക്കം പൊട്ടിച്ചാലും വിഷുക്കണി കണ്ട ശേഷം കുറച്ചു നേരം കൂടി പടക്കം പൊട്ടിച്ചാലേ ഞങ്ങള്‍ക്ക് തൃപ്തി വരൂ.

ഇടയ്‌ക്കൊരു വര്‍ഷം ഞങ്ങള്‍ അമ്മവീട്ടില്‍ വിഷു ആഘോഷിക്കാന്‍ പോയി. അത്തവണ അച്ഛന്‍ വാങ്ങി തന്നുവിട്ട പടക്കങ്ങളില്‍ വലിയ ഒരു തരം പടക്കം ഉണ്ടായിരുന്നു. സാധാരണ ഓലപ്പടക്കത്തില്‍ നിന്നും ഒരു പാട് വലുത്. കൈയില്‍ പിടിച്ചു പൊട്ടിക്കുന്നത് അപകടമാണെന്ന് മനസ്സിലാക്കിയ അമ്മാവന്‍ ഓലച്ചൂട്ട് കൂട്ടിയിട്ട് കത്തിച്ചതിലേക്ക് ആ പടക്കങ്ങള്‍ എറിഞ്ഞു. ശേഷം ഞങ്ങള്‍ എല്ലാവരും വീടിനുള്ളിലേക്ക് കയറി. അടുത്ത നിമിഷം പടക്കം പൊട്ടി. ആ ശബ്ദം കേട്ട് വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവരും ചെവി പൊത്തി! 

ഒരിക്കലൊരു വിഷുക്കാലത്ത്, ഞാനും അനുജനും കൂടി കിണറിന്റെ അടുത്തു നിന്ന ഒരു വാഴയില്‍ മാലപ്പടക്കത്തിന്റെ ഒരു മാല മുഴുവന്‍ കെട്ടിയിട്ട് തീ കൊടുത്തു. ഉണങ്ങി നിന്ന വാഴക്കൈക്കു തീ പിടിച്ചു. ആകെ ബഹളം. തീയണയ്ക്കാന്‍ പിന്നെ അച്ഛനും അമ്മയും വരേണ്ടി വന്നു.

പലതരം വിഭവങ്ങള്‍, പിന്നെ ഗംഭീരമായ വിഷു സദ്യ. അച്ഛനും,അമ്മയും, ചില ബന്ധുക്കളും നല്‍കിയിരുന്ന വിഷുക്കൈനീട്ടവും സന്തോഷമുള്ള ഓര്‍മയാണ്. 
 

 

മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

By admin