പാക് സൈനിക മേധാവി രാജ്യം വിട്ടതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം, ചിത്രമടക്കം വിശദീകരിച്ച് പാകിസ്ഥാൻ
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് സൈനിക മേധാവി ജനറൽ സയ്യിദ് അസിം മുനീർ രാജ്യം വിട്ടതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം വ്യാപകമാവുന്നു. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രപരമായ ബന്ധത്തിൽ കർശന നിലപാടുകൾ സ്വീകരിച്ചതിന് പിന്നാലെയാണ് പാക് സൈനിക മേധാവി രാജ്യം വിട്ടതായി പ്രചാരണം വ്യാപകമായത്. പ്രാദേശിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനറൽ സയ്യിദ് അസിം മുനീർ മിസ്സിംഗ് ഇൻ ആക്ഷൻ എന്നും സമുഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
റാവൽപിണ്ടിയിലുള്ള ബങ്കറിൽ ജനറൽ സയ്യിദ് അസിം മുനീർ ഒളിച്ചതായും പ്രചാരണങ്ങൾ വ്യാപകമായതോടെ ഞായറാഴ്ച പാക് സർക്കാർ പാക് സൈനിക മേധാവിയുടെ ചിത്രം പുറത്ത് വിടുകയായിരുന്നു. പ്രധാനമന്ത്രിക്കൊപ്പം ഏപ്രിൽ 26ന് അബോട്ടാബാദിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്ന സൈനിക മേധാവിയുടെ ചിത്രമാണ് പാക് സർക്കാർ പുറത്ത് വിട്ടത്. പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട ചിത്രം ഓഫീസേഴ്സ് അക്കാദമിയുടെ ബിരുദധാന ചടങ്ങിൽ നിന്നുള്ളതെന്നാണ് വിശദമാക്കുന്നത്. ദിവസം അടക്കം വ്യക്തമാക്കിയാണ് ചിത്രം പുറത്ത് വിട്ടിട്ടുള്ളത്.
Prime Minister Muhammad Shehbaz Sharif, Chief of Army Staff General Syed Asim Munir (NIM) and officers of PMA Kakul in a group photo with the graduating officers of 151st Long Course at PMA Kakul, Abbottabad.
April 26, 2025. pic.twitter.com/HLmVg9nUwg— Prime Minister’s Office (@PakPMO) April 27, 2025
സമൂഹമാധ്യമങ്ങളിൽ വ്യാപകമാവുന്ന പ്രചാരണം തള്ളിക്കൊണ്ടാണ് പാക് സർക്കാർ സൈനിക മേധാവിയുടെ ചിത്രം പുറത്ത് വിട്ടത്. പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം നടന്നതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ വഷളായ നിലയിലാണ് ഉള്ളത്. 26 പേരാണ് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ട് വിദേശ പൌരൻമാരും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.
ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രിൽ 23 ന് സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തിരുന്നു. പാകിസ്ഥാൻ പൗരൻമാർക്ക് വീസ നൽകില്ലെന്നും എസ് വി ഇ എസ് (SVES) വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കുകയും ചെയ്തിരുന്നു. അതേസമയം പ്രകോപനം കൂടാതെ തുടർച്ചയായ നാലാം ദിവസവും അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായാണ് പുറത്ത് വരുന്ന വിവരം. പഹൽഗാമിൽ ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ഊർജ്ജിതമാക്കിയതിനിടയിലാണ് അതിർത്തിയിൽ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുന്നത്.