ദുബൈ: രാജസ്ഥാനിലെ ജയ്പൂർ എയർപോർട്ടിൽ പരിശോധനയ്ക്കിടെ യാത്രക്കാരുടെ കണ്ടുകെട്ടിയ വസ്തുക്കളുടെ പിഴകൾ അടയ്ക്കാൻ താൻ തയാറാണെന്ന് ദുബൈയിലെ ഇന്ത്യൻ വ്യവസായി വാസു ഷ്റോഫ്. യാത്രക്കാരെ അപമാനിച്ച് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത സാധനങ്ങള്ക്കുള്ള പിഴ താൻ അടക്കാമെന്നാണ് വാസു ഷ്റോഫ് പറയുന്നത്. ഈയിടെയാണ് ദുബൈയിലെ ടെക്സ്റ്റൈൽ കിങ് എന്നറിയപ്പെടുന്ന ഷ്റോഫ് രാജസ്ഥാനിലെ ജയ്പൂർ വിമാനത്താവളത്തിൽ വെച്ച് അപമാനിതനായെന്ന വെളിപ്പെടുത്തൽ നടത്തിയിരുന്നത്. ആ സംഭവത്തിൽ നിന്നും ഇപ്പോഴും മുക്തനായിട്ടില്ലെന്നും ഷ്റോഫ് പറഞ്ഞു.
ഇന്ത്യൻ വിമാനത്താവളത്തിൽ നിരവധി താഴ്ന്ന വരുമാനക്കാരായ ആളുകൾ എത്തുന്നുണ്ട്. അന്ന് വിമാനത്താവളത്തിൽ രേഖകളില്ലെന്നതിനാൽ ഒരു സ്ത്രീയുടെ താലിമാല വരെ ഉദ്യോഗസ്ഥർ അഴിച്ചുമാറ്റിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അത്തരത്തിൽ അന്നേദിവസം വിമാനത്താവളത്തിൽ ആരുടെയെങ്കിലും വിലപ്പെട്ട വസ്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ടെങ്കിൽ അത് യുഎഇയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായുള്ള എല്ലാ പിഴകളും താൻ അടച്ചോളാമെന്നാണ് വാസു ഷ്റോഫ് അറിയിച്ചിരിക്കുന്നത്.
ഏപ്രിൽ 12നാണ് കൈയിൽ കെട്ടിയ സ്വന്തം റോളക്സ് വാച്ചിന്റെ പേരിൽ വിമാനത്താവളത്തിൽ വെച്ച് 83കാരനായ ഷ്റോഫ് അപമാനിതനായത്. വീൽചെയറിൽ യാത്ര ചെയ്തിരുന്ന ഷ്റോഫിനെ ഒരു സഹായി വിമാനത്താവളത്തിന് പുറത്തേക്ക് എത്തിക്കുന്നതിനിടെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ തടഞ്ഞുനിർത്തുകയും പാസ്പോർട്ട് ചോദിക്കുകയും ചെയ്തു. എന്നാൽ കൈയിൽ കെട്ടിയിരുന്ന റോളക്സ് വാച്ച് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ രേഖകൾ സമർപ്പിക്കാതെ വാച്ചുമായി പുറത്തുപോകാനാകില്ലെന്ന് പറഞ്ഞു. രേഖ സമർപ്പിക്കാനുള്ള കൗണ്ടർ തിരഞ്ഞെങ്കിലും അതിനുള്ള സൗകര്യങ്ങളൊന്നും എയർപോർട്ടിൽ ഇല്ലായിരുന്നു. രണ്ട് മണിക്കൂറിലേറെ സമയം വിമാനത്താവളത്തിൽ ഇതിനായി കാത്തിരിപ്പിച്ചെന്നും എത്രയും പെട്ടെന്ന് തന്നെ 200 കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിൽ എത്തണമെന്നതിനാൽ നികുതി അടുത്ത ദിവസം അടയ്ക്കാമെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ സമ്മതിച്ചില്ലെന്നും ഷ്റോഫ് പറഞ്ഞിരുന്നു. ഒരു കുറ്റവാളിയെ പോലെയാണ് ഉദ്യോഗസ്ഥർ തന്നോട് പെരുമാറിയതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
സംഭവം നടന്ന് പിറ്റേ ദിവസം തന്നെ അന്ന് വിമാനത്താവളത്തിലുണ്ടായിരുന്ന നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെയും രാജസ്ഥാനിലെ മറ്റ് ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയിട്ടുള്ളതായി വിവരങ്ങൾ പുറത്തായിരുന്നു. ഈ സംഭവത്തിന് ശേഷമെങ്കിലും ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തികൾ ധരിച്ചിരിക്കുന്ന വസ്തുക്കളുടെ പേരിൽ അനാവശ്യമായ ഹരാസ്മെന്റുകൾ ഉണ്ടാകില്ലെന്നും വിമാനത്താവളത്തിലെ ഇത്തരം സംവിധാനങ്ങൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഷ്റോഫ് പറഞ്ഞു.