നവവവധുവായി അമ്പലനടയിൽ രേണു സുധി; വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു

ഇന്ന്  സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി.  റീൽ വീഡിയോകളിലൂടെയും മോഡലിങ്ങിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമെല്ലാം സജീവമാണ് രേണു ഇപ്പോൾ. ഇപ്പോൾ വിവാഹവേഷത്തിൽ അമ്പലനടയിൽ നിൽക്കുന്ന രേണുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകര്‍ഷിക്കുകയാണ്. സെറ്റും മുണ്ടുമുടുത്ത്, കഴുത്തിൽ തുളസി മാല അണിഞ്ഞ് ഒരു ചെറുപ്പക്കാരനൊപ്പം ക്ഷേത്ര നടയിൽ നിന്ന് പ്രാർത്ഥിക്കുന്ന രേണുവിന്റെ വീഡിയോയാണ് വൈറലാകുന്നത്. പിന്നാലെ രേണു വീണ്ടും വിവാഹിതയായോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയർന്നു.

എന്നാൽ പുതിയ മ്യൂസിക്കൽ ആൽബത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടിയാണ് രേണു വിവാഹവേഷത്തിൽ അമ്പലത്തിലെത്തിയത്. പതിവു പോലെ പുതിയ വീഡിയോയ്ക്കു താഴെയും രേണുവിനെതിരെയുള്ള വിമർശനങ്ങൾ നിറയുകയാണ്.  രേണുവിനോടും ഒപ്പമുള്ള നായകനോടും ഹണിമൂൺ എവിടെയാണെന്ന് ഒരാൾ  ചോദിക്കുന്നത് വീഡിയോയിൽ കാണാം. ഊട്ടിയിൽ എന്നാണ് ആൽബത്തിലെ നായകൻ ചോദ്യത്തിന് മറുപടിയായി പറയുന്നത്.

കൊല്ലം സുധിയുടെ മരണശേഷമാണ് രേണു സമൂഹമാധ്യമങ്ങളിൽ സജീവമായത്.  എന്നാൽ പലപ്പോഴും അഭിനന്ദനങ്ങളേക്കാളേറെ രേണുവിന് വിമർശനങ്ങളും സൈബർ ആക്രമണങ്ങളുമാണ് നേരിടേണ്ടി വരുന്നത്. ഇൻസ്റ്റഗ്രാം വീഡിയോകൾ വൈറലായതിന് പിന്നാലെ സിനിമകളിലും അവസരം ലഭിച്ചതായി രേണു വെളിപ്പെടുത്തിയിരുന്നു.

അടുത്തിടെ ദാസേട്ടൻ കോഴിക്കോട് എന്നയാൾക്കൊപ്പമുള്ള ആൽബത്തിനെതിരെയും വലിയ തോതിൽ സൈബർ ആക്രമണം രേണു സുധി നേരിട്ടിരുന്നു. കൂടാതെ ബോഡി ഷെയ്മിങ്ങും. തനിക്ക് ദൈവം തന്ന രൂപമാണിതെന്നും അതിൽ തനിക്ക് പ്രശ്നമില്ലെന്നും ഇത്തരം കമന്റുകളോട് രേണു പ്രതികരിക്കുകയും ചെയ്തിരുന്നു.  സോഷ്യൽ മീഡിയയിലെ കമന്റുകളൊന്നും തന്നെ ബാധിക്കാറില്ലെന്നും രേണു സുധി വ്യക്തമാക്കിയിരുന്നു.

2023 ലാണ് വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചത്. സുധി മരിച്ച് ഒരു വർഷത്തോളം കഴിഞ്ഞതിനു ശേഷമാണ് ഫോ‌ട്ടോഷൂട്ടും റീലുകളുമായി
രേണു  സോഷ്യൽ മീഡിയയിൽ സജീവമായത്.

Read More: ‘എന്നും നിന്റേത്’, ഭാര്യ സുചിത്രയക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി നടൻ മോഹൻലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin