‘ദേ അമ്മയും ആന്റിയും കഴിക്കുന്നത് പോലെ കഴിക്കണം’; കൗതുകത്തോടെ നോക്കി കുട്ടിയാന, വൈറൽ വീഡിയോ 

കാട്ടിൽ നിന്നുള്ള വീഡിയോ കൗതുകപൂർവം വീക്ഷിക്കുന്ന ഒരുപാട് നെറ്റിസൺസ് ഉണ്ട്. അതുപോലെയുള്ള ഒരുപാടൊരുപാട് വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. അതിൽ തന്നെ കുട്ടിയാനകളുടെ വീഡിയോ സോഷ്യൽ മീഡിയയ്ക്ക് വളരെ ഇഷ്ടമാണ്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. 

നേരത്തെ ഇന്ത്യൻ ഫോറസ്റ്റ് സർവീസിലുണ്ടായിരുന്ന ഓഫീസർ സുശാന്ത നന്ദയാണ് ഈ ക്യൂട്ട് വീഡിയോ എക്സിൽ (റെഡ്ഡിറ്റ്) ഷെയർ ചെയ്തിരിക്കുന്നത്. രണ്ട് വലിയ ആനകൾക്കിടയിൽ നിൽക്കുന്ന ഒരു കുട്ടി ആനയേയാണ് വീഡിയോയിൽ കാണുന്നത്. എങ്ങനെയാണ്, ഭക്ഷണം തേടുക, കഴിക്കുക എന്നതൊക്കെ ഈ കുട്ടിയാനയെ പരിചയപ്പെടുത്തുകയാണ് വലിയ ആനകൾ എന്നാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത്. 

വലിയ ആനകൾ രണ്ടും തുമ്പിക്കൈ ഉപയോ​ഗിച്ച് പുല്ല് പറിക്കാൻ ശ്രമിക്കുകയാണ്. അതേസമയം ചെറിയ കുട്ടിയാന അവയുടെ പ്രവൃത്തികളെല്ലാം നോക്കി അതുപോലെ ചെയ്യാൻ വേണ്ടി ആകാംക്ഷയോടെ അവയെ തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്. ആനകൾക്കിടയിലെ കുട്ടിയോടുള്ള കരുതലും പരസ്പരബന്ധവും ഒക്കെ കാണിക്കുന്നതാണ് വീഡിയോ. 

അമ്മയിൽ നിന്നും ആന്റിയിൽ നിന്നും എങ്ങനെയാണ് പുല്ല് കഴിക്കുന്നത് എന്ന് പഠിക്കുന്ന ചോട്ടു എന്ന് വീ‍ഡിയോയുടെ കാപ്ഷനിൽ സൂചിപ്പിച്ചിട്ടുണ്ട്. പെട്ടെന്ന് തന്നെ വീഡിയോ വൈറലായി മാറുകയായിരുന്നു. 20,000 -ത്തിലധികം പേർ വീഡിയോ കണ്ടിട്ടുണ്ട്. 

നിരവധിപ്പേരാണ് ഈ ക്യൂട്ട് വീഡിയോയ്ക്ക് കമൻ‌റുകളുമായി എത്തിയിട്ടുള്ളതും. ‘അയ്യോ ഈ കുട്ടിയാന എന്തൊരു സ്വീറ്റാണ്’ എന്നാണ് ഒരു യൂസർ വീഡിയോയ്ക്ക് കമന്റ് നൽ‌കിയിരിക്കുന്നത്. ‘ആനകൾ ഏറ്റവും അത്ഭുതകരവും സൗമ്യവുമായ ജീവികൾ തന്നെ എന്നത് സത്യമാണ്’ എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്. സമാനമായ അനേകം കമന്റുകളാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ഇതുപോലെ ഒരു അമ്മയാന കുട്ടിയാനയെ പുല്ല് തിന്നാൻ പഠിപ്പിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിൽ അമ്മയാന പുല്ലിൽ നിന്നും മണ്ണ് കളഞ്ഞ് അത് കഴിക്കുന്നത് കാണാമായിരുന്നു. ആ വീഡിയോയും സോഷ്യൽ മീഡിയയിൽ ഏറെപ്പേർ കണ്ട ഒരു വീഡിയോയിരുന്നു. 

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ പർവീൺ കസ്വാനായിരുന്നു ആ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നത്. അതിൽ കുട്ടിയാനയും അമ്മയാനയും ഒരുമിച്ച് കറങ്ങി നടക്കുന്നതും അതിനിടയിൽ അമ്മയാന ഭക്ഷണം അകത്താക്കുന്നതിന് വേണ്ടി അല്പനേരം നിൽക്കുന്നതും കാണാമായിരുന്നു. അത് പുല്ല് തിന്നുന്നതിനു മുമ്പ്, തുമ്പിക്കൈയും കാലും ഉപയോഗിച്ച് വേരുകളിൽ നിന്നുള്ള മണ്ണും മറ്റും നീക്കം ചെയ്യുകയും അത് കഴിക്കുകയുമാണ്. 

‘എഴുന്നേക്കടാ മോനെ…’; സുഖനിദ്രയിലായ കുട്ടിയാനയെ തട്ടിവിളിച്ച് അമ്മയാന, വീഡിയോ വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin