ജയ്പൂരിൽ ഗില്ലാട്ടം, വെടിക്കെട്ട് ബാറ്റിംഗുമായി ബട്ലറും! ഗുജറാത്തിന് കൂറ്റൻ സ്കോർ
ജയ്പൂർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 4 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടി. ഗുജറാത്തിന് വേണ്ടി നായകൻ ശുഭ്മാൻ ഗില്ലും ജോസ് ബട്ലറും അർദ്ധ സെഞ്ച്വറികൾ നേടി.
ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും സായ് സുദർശനും ചേർന്ന് ഗുജറാത്തിന് മികച്ച തുടക്കമാണ് നൽകിയത്. പവർ പ്ലേ അവസാനിക്കുന്നതിന് മുമ്പ് തന്നെ ടീം സ്കോർ 50 കടന്നു. 6 ഓവറുകൾ പിന്നിട്ടപ്പോൾ ടീം സ്കോർ 53. പവർ പ്ലേ അവസാനിച്ചതിന് പിന്നാലെ നായകൻ റിയാൻ പരാഗ് പന്തെറിയാനെത്തി. ഒരു സിക്സർ സഹിതം 14 റൺസ് പരാഗിന് വഴങ്ങേണ്ടി വന്നു. ഇതിനിടെ 29 പന്തുകളിൽ നിന്ന് ഗിൽ അർദ്ധ സെഞ്ച്വറി തികച്ചു. 11-ാം ഓവറിൽ രാജസ്ഥാൻ കാത്തിരുന്ന നിമിഷമെത്തി. മഹീഷ് തീക്ഷണയെ അതിർത്തി കടത്താനുള്ള സായ് സുദർശന്റെ ശ്രമം പാളി. ലോംഗ് ഓൺ ബൌണ്ടറിയ്ക്ക് സമീപം നിലയുറപ്പിച്ചിരുന്ന റിയാൻ പരാഗിന്റെ കൈകളിൽ സായ് സുദർശന്റെ ഇന്നിംഗ്സ് അവസാനിച്ചു. 30 പന്തുകളിൽ നിന്ന് 39 റൺസ് നേടിയാണ് സുദർശൻ മടങ്ങിയത്.
11.4 ഓവറുകളിൽ ടീം സ്കോർ 100 റൺസ് പിന്നിട്ടു. ഇതോടെ ഗിൽ ഗിയർ മാറ്റി. 14-ാം ഓവറിൽ യുദ്ധവീർ സിംഗിനെതിരെ രണ്ട് തകർപ്പൻ സിക്സറുകൾ പായിച്ച ഗിൽ രാജസ്ഥാന് അപകട സൂചന നൽകി. തൊട്ടടുത്ത ഓവറിൽ ജോസ് ബട്ലർ വാനിന്ദു ഹസറംഗയെ കടന്നാക്രമിച്ചു. മൂന്ന് സിക്സറുകളും ഒരു ബൌണ്ടറിയും പായിച്ച ബട്ലർ 24 റൺസാണ് 15-ാം ഓവറിൽ അടിച്ചെടുത്തത്. 15.1 ഓവറിൽ ടീം സ്കോർ 150ൽ എത്തി. 17-ാം ഓവറിൽ ഗില്ലിനെ പുറത്താക്കി മഹീഷ് തീക്ഷണ രാജസ്ഥാന് ആശ്വാസം നൽകി. 50 പന്തുകൾ നേരിട്ട ഗിൽ 5 ബൌണ്ടറികളും 4 സിക്സറുകളും സഹിതം 84 റൺസുമായാണ് മടങ്ങിയത്. 18-ാം ഓവറിൽ ജോഫ്ര ആർച്ചറിനെതിരെ ബട്ലറും വാഷിംഗ്ടൺ സുന്ദറും ആക്രമണം അഴിച്ചുവിട്ടു. രണ്ട് ബൌണ്ടറികളും ഒരു സിക്സറും സഹിതം 19 റൺസാണ് ഈ ഓവറിൽ ആർച്ചർ വിട്ടുകൊടുത്തത്. 19-ാം ഓവറിൽ വാഷിംഗ്ടൺ സുന്ദറിനെ (13) സന്ദീപ് ശർമ്മ പുറത്താക്കി. അവസാന പന്തിൽ 2 റൺസ് നേടി ബട്ലർ അർദ്ധ സെഞ്ച്വറി തികച്ചു. 26 പന്തുകളിൽ 50 റൺസ് നേടിയ ബട്ലറുടെ ഇന്നിംഗ്സാണ് രാജസ്ഥാൻ സ്കോർ 200 കടത്തിയത്.
READ MORE: രാജസ്ഥാനെതിരെ ഗുജറാത്തിന് തകർപ്പൻ തുടക്കം; മികച്ച പ്രകടനവുമായി ഗില്ലും സുദർശനും