ചോരയിൽ കുളിച്ച് യുവതി, വാർഡ് മെമ്പര്‍ വിളിച്ച ആംബുലൻസ് ഡ്രൈവർക്ക് സംശയം; യുവതി മരിച്ചതിൽ ഭർത്താവ് കസ്റ്റഡിയിൽ
കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവതിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 38കാരിയായ മല്ലികയാണ് മരിച്ചത്. ഭർത്താവ് അനീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. ഇന്നലെ പുലർച്ചെ ആറുമണിയോടെ അനീഷാണ് മല്ലിക വീട്ടിൽ അബോധാവസ്ഥയിൽ കിടക്കുന്ന വിവരം പഞ്ചായത്ത് മെമ്പറെ അറിയിച്ചത്.
ഇതിനെ തുടർന്ന് പഞ്ചായത്ത് മെമ്പർ ആംബുലൻസ് വിളിച്ചു. ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ എത്തിയ ആംബുലൻസിന്റെ ഡ്രൈവർ ആണ് ആദ്യം മരണത്തിൽ സംശയം പ്രകടിപ്പിച്ചത്. ദേഹമാസകലം മുറിവേറ്റ് ചോരയിൽ കുളിച്ച നിലയിൽ ആയിരുന്നു മല്ലിക. വലത് തോൾഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
മരണത്തിലെ ദുരൂഹത കണക്കിലെടുത്താണ് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു. ഇന്നലെ രാത്രിയിൽ അനീഷ് മദ്യലഹരിയിൽ ആയിരുന്നു. ഇതിനെ തുടർന്ന് എന്തെങ്കിലും ആക്രമണം ഉണ്ടായിട്ടുണ്ടോ എന്നത് അന്വേഷിക്കുകയാണ്. മല്ലികയും അനീഷും ഒന്നിച്ചിരുന്ന് മദ്യപിക്കാൻ ഉണ്ടായിരുന്നു.
മുമ്പ് പലതവണ മദ്യപിച്ചതിനുശേഷം അനീഷ് മല്ലികയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. തൃക്കൊടിത്താനം പൊലീസ് നിലവിൽ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റോട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് വന്നതിനുശേഷം ആയിരിക്കും പൊലീസ് തുടർനടപടി സ്വീകരിക്കുക.
പാർക്ക് ചെയ്ത കാറിനടുത്തേക്ക് നടന്നു, വീണത് ആറടിയോളം താഴ്ചയുള്ള ഓടയിൽ, ടാക്സി ഡ്രൈവറുടെ കയ്യൊടിഞ്ഞു