ചൈനക്കൊപ്പം തൂര്‍ക്കിയും പാക്കിസ്ഥാന് പിന്തുണയോ? തുർക്കിഷ് വിമാനം ആയുധങ്ങൾ എത്തിച്ചോ? വിശദീകരിച്ച് തുര്‍ക്കി!

ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളാകുന്നതിനിടെ പാകിസ്ഥാന് തുര്‍ക്കി ആയുധങ്ങൾ എത്തിച്ചതായുള്ള വാര്‍ത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിൽ വിശദീകരണം നൽകുയാണ് തുര്‍ക്കിഷ് പ്രസിഡൻസി കമ്യുണിക്കേഷൻ ഡയറക്ടറേറ്റ്.  “തുർക്കിയിൽ നിന്നുള്ള ഒരു ചരക്ക് വിമാനം ഇന്ധനം നിറയ്ക്കുന്നതിനായി പാകിസ്ഥാനിൽ ഇറങ്ങി. പിന്നീട് അത് യാത്ര തുടർന്നു. ഔദ്യോഗിക വ്യക്തികളുടേയും സ്ഥാപനങ്ങളുടെയും പ്രസ്താവനകൾ അല്ലാതെ ഊഹാപോഹ വാർത്തകളെ ആശ്രയിക്കരുത്.’ എന്നും തുര്‍ക്കി പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും യുദ്ധഭീഷണി ഉയർന്നുവരുന്ന സാഹചര്യത്തിലും, തുർക്കിയുടെ സി-130ഇ സൈനിക ഗതാഗത വിമാനം പാകിസ്ഥാനിൽ എത്തിയത് വലിയ ആശങ്കകൾക്ക് വഴിയൊരിക്കിയിരുന്നു.  പാക്കിസ്ഥാന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒന്നായ തുര്‍ക്കി രാജ്യത്തിന് അടിയന്തരമായി ആയുധങ്ങൾ എത്തിച്ചിട്ടുണ്ടാകാമെന്നായിരു്നനു അഭ്യൂഹങ്ങൾ.

സൈനിക ഉപകരണങ്ങൾ എത്തിക്കുന്നതിനായി ഒരു തുർക്കി സി-130ഇ ഹെർക്കുലീസ് വിമാനം കറാച്ചിയിൽ ഇറങ്ങിയതായി സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണമാണ് നടന്നത്. ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് (OSINT) ട്രാക്കർമാർ പ്രസിദ്ധീകരിച്ച ഫ്ലൈറ്റ്-ട്രാക്കിംഗ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ റിപ്പോർട്ടുകൾ. ഏപ്രിൽ 28 ന് വിമാനം അറബിക്കടലിന് മുകളിലൂടെ പറക്കുന്നത് കണ്ടുവെന്നും റിപ്പോര്‍ട്ടുകൾ പുറത്തുവന്നു. ആറ് സി-130ഇ വിമാനങ്ങൾ പാകിസ്ഥാനിൽ ഇറങ്ങിയതായും ചില റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ഇതെല്ലാം  എക്‌സിൽ വലിയ ചര്‍ച്ചകൾക്ക് വഴിവച്ചു. നിരവധി ഇന്ത്യൻ അക്കാദമിഷ്യന്മാർ, സൈനിക വിശകലന വിദഗ്ധർ, ജിയോപൊളിറ്റിക്കൽ വിദഗ്ധർ, നെറ്റിസൺമാർ എന്നിവർ ഈ സംഭവത്തിൽ ആശങ്ക പ്രകടിപ്പിക്കുയും ചെയ്തിരുന്നു.

ഇന്ത്യൻ സൈന്യത്തിൽ നിന്നുള്ള ആക്രമണം ഭയന്ന് പാകിസ്ഥാൻ സൈന്യം അതീവ ജാഗ്രതയിലാണ്. ചൈന പാകിസ്ഥാന് PL-15 ദീർഘദൂര മിസൈലുകൾ വിതരണം ചെയ്യുന്നുണ്ടെന്ന സൂചനകൾക്ക് പിന്നാലെയായിരുന്നു തുർക്കി പാകിസ്ഥാന് സൈനിക ചരക്ക് വിതരണം ചെയ്യുന്നതായി റിപ്പോർട്ടുകൾ വന്നത്. ഈ റിപ്പോർട്ടുകളെക്കുറിച്ച് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചൈനയെപ്പോലെ തന്നെ പാകിസ്ഥാന്റെ അടുത്ത സഖ്യകക്ഷിയാണ് തുർക്കിയും. ഇസ്ലാമിക ലോകത്ത് നേതൃത്വം ഏറ്റെടുക്കുക എന്ന പൊതുവായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ സൈനിക സഹകരണമുണ്ട്. കശ്മീർ വിഷയത്തിൽ തുർക്കി പാകിസ്ഥാന് നേരത്തെ തന്നെ പിന്തുണ അറിയിച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയിൽ, ഷഹബാസ് ഷെരീഫുമായുള്ള ചർച്ചകൾക്ക് ശേഷം, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ കശ്മീർ പ്രശ്നം പരിഹരിക്കുന്നതിന് ഐക്യരാഷ്ട്രസഭയിൽ ഒരു ചർച്ചയ്ക്ക് ആഹ്വാനം ചെയ്തിരുന്നു.

പഹൽഗാം ഭീകരാക്രമണത്തിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം, അങ്കാറയിൽ എർദോഗനുമായുള്ള കൂടിക്കാഴ്ചയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കശ്മീരിന് തുർക്കിയുടെ ‘അചഞ്ചലമായ പിന്തുണയ്ക്ക്’ നന്ദി പറയുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. തൂര്‍ക്കി പാക്കിസ്ഥാന് ആയുധം എത്തിച്ചതായി തെളിവില്ലെങ്കിലും പാക്കിസ്ഥാനുമായുള്ള തൂര്‍ക്കിയുടെ നയതന്ത്ര, സൈനിക ബന്ധങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഊഹാപോഹങ്ങൾ കരുത്താര്‍ജിച്ചത്.

യുഎസ് ഒപ്പുവയ്ക്കുന്ന ആദ്യ വ്യാപാര കരാറുകളിൽ ഇന്ത്യയും, ചൈനക്ക് പ്രശ്നം ലഘൂകരിക്കാൻ ആഗ്രഹം; ട്രഷറി സെക്രട്ടറി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

By admin