കോലിയുടെ വലിയ പിഴവിനുനേരെ കണ്ണടച്ചു, ആര്‍സിബിയെ ജയിപ്പിച്ചത് അക്സര്‍ പട്ടേലിന്‍റെ മണ്ടത്തരമെന്ന് ആരാധകര്‍
ദില്ലി: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തില്‍ ആര്‍സിബി ആവേശജയം സ്വന്തമാക്കിയെങ്കിലും അതിന് വഴിവെച്ചത് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ അക്സര്‍ പട്ടേലിന്‍റെ മണ്ടത്തരമാണെന്ന് ചൂണ്ടിക്കാട്ടി ആരാധകര്‍. മത്സരത്തില്‍ ഫീല്‍ഡിംഗ് തടസപ്പെടുത്തിയതിന് കോലിക്കുനേരെ അപ്പീല്‍ ചെയ്യാമായിരുന്നിട്ടും അതിന് തുനിയാതിരുന്ന അക്സറിന്‍റെ അബദ്ധമാണ് ഡല്‍ഹിയുടെ തോല്‍വിക്ക് കാരണമായതെന്നാണ് ആരാധകര്‍ പറയുന്നത്. മത്സരത്തില്‍ 47 പന്തില്‍ 51 റണ്‍സെടുത്ത വിരാട് കോലി ക്രുനാൽ പാണ്ഡ്യക്കൊപ്പം മികച്ച കൂട്ടുകെട്ടിലൂടെ ആര്‍സിബിയുടെ വിജയം ഉറപ്പിച്ചശേഷമാണ് പുറത്തായത്.
163 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ആര്‍സിബി തുടക്കത്തില്‍ 26-3ലേക്ക് വീണ് സമ്മര്‍ദ്ദത്തിലായിരുന്നു. പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെടുക്കാനെ ആര്‍സിബിക്ക് കഴിഞ്ഞിരുന്നുള്ളു. പവര്‍ പ്ലേക്ക് ശേഷം ആദ്യ ഓവര്‍ എറിയാനെത്തിയ സ്പിന്നര്‍ വിപ്രജ് നിഗമിന്‍റെ ആദ്യ പന്ത് മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ടുവെങ്കിലും വിരാട് കോലി റണ്‍സെടുക്കാന്‍ തുനിഞ്ഞില്ല. മിഡ് വിക്കറ്റില്‍ നിന്ന് ഫില്‍ഡര്‍ പന്തെടുത്ത് വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ത്രോ ചെയ്ത് നല്‍കിയപ്പോള്‍ ആ ത്രോ പിടിച്ചെടുത്ത വിരാട് കോലി കുല്‍ദീപിന് പന്ത് കൈമാറുകയും ചെയ്തു.
റണ്‍സോടിയില്ലെങ്കിലും പ്ലേയില്‍ ഇരിക്കുന്ന പന്ത് ബാറ്റര്‍ കൈകൊണ്ടോ ബാറ്റുകൊണ്ടോ തൊടുന്നതോ തടയുന്നതോ ഐപിഎല്‍ നിമയമനുസരിച്ച് ബാറ്ററെ പുറത്താക്കാനുള്ള കാരണമാണ്. ഒബ്സ്ട്രക്ടിംഗ് ദ് ഫീല്‍ഡ് എന്ന ഗണത്തില്‍ ഫീല്‍ഡിംഗ് ടീം അപ്പീല്‍ ചെയ്താല്‍ അമ്പയര്‍ക്ക് വീഡിയോ പരിശോധിച്ചശേഷം ബാറ്ററെ പുറത്താക്കാം. എന്നാല്‍ കോലി പന്ത് കൈ കൊണ്ട് പിടിച്ച് കുല്‍ദീപിന് നല്‍കിയപ്പോള്‍ കുല്‍ദീപ് മാത്രം ചെറുതായൊന്ന് അപ്പീല്‍ ചെയ്തതല്ലാതെ മറ്റ് ദില്ലി താരങ്ങളാലും കോലിക്കെതിരെ അപ്പീല്‍ ചെയ്യാന്‍ മുതിര്‍ന്നില്ല. ഇതോടെ കോലി ഔട്ടാകാതെ രക്ഷപ്പെട്ടു.
റണ്‍സ് ഓടാതിരുന്നതിനാല്‍ പന്ത് ആ സമയം ഡെഡ് ആണെന്ന് കോലിക്ക് വാദിക്കാമെങ്കിലും പന്ത് വിക്കറ്റ് കീപ്പറുടെ കൈവശം തിരിച്ചെത്തുന്നതുവരെ ഡെഡ് അല്ലാത്തതിനാല്‍ ഡല്‍ഹി അപ്പീല്‍ ചെയ്തിരുന്നെങ്കില്‍ കോലിക്ക് ഉറപ്പായും ക്രീസ് വിടേണ്ടിവരുമായിരുന്നുവെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതാദ്യമായല്ല ബാറ്റിംഗിനിടെ കോലി ഫീല്‍ഡിംഗ് തടസപ്പെടുത്തുന്നത്.
രാഹുലിന് മുന്നില്‍ വട്ടം വരച്ച് ‘കാന്താര’ സെലിബ്രേഷനുമായി വിരാട് കോലിയുടെ മറുപടി
ചാമ്പ്യൻസ് ട്രോഫിയില്‍ പാകിസ്ഥാനെതിരെയും സമാനമായ രീതിയില്‍ ഫീല്‍ഡറുടെ ത്രോ കോലി കൈ കൊണ്ട് തടുത്തിരുന്നു. അന്ന് കമന്‍ററി ബോക്സിലുണ്ടായിരുന്ന സുനില്‍ ഗവാസ്കര്‍ പറഞ്ഞത് ആരും അപ്പീല്‍ ചെയ്യാതിരുന്നത് ഭാഗ്യമെന്നായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ മൂന്ന് പേരാണ് ഇതുവരെ ഫീല്‍ഡിംഗ് തടസപ്പെടുത്തിയതിന്‍റെ പേരില്‍ പുറത്തായിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ രവീന്ദ്ര ജഡേജയും യൂസഫ് പത്താനും അമിത് മിശ്രമയുമാണ് ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ ഫീല്‍ഡിംഗ് തടസപ്പെടുത്തിയതിന് പുറത്തായ ബാറ്റര്‍മാര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക