കോലിയുടെ നേട്ടത്തിന് അല്‍പ്പായുസ്; ഓറഞ്ച് ക്യാപ് വീണ്ടും തലയിലണിഞ്ഞ് സായ് സുദര്‍ശന്‍
ജയ്‌പൂര്‍: ഐപിഎല്‍ പതിനെട്ടാം സീസണിലെ റണ്‍വേട്ടക്കാരുള്ള ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശന്‍. ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോലി അര്‍ധ സെഞ്ചുറിയുമായി ഓറഞ്ച് ക്യാപ് തലയില്‍ അണിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ ഇന്നിംഗ്‌സോടെ സായ് സുദര്‍ശന്‍ ഐപിഎല്‍ 2025ലെ റണ്‍വേട്ടക്കാരില്‍ വീണ്ടും ഒന്നാംസ്ഥാനത്തെത്തി. ഇന്ന് റോയല്‍സിനെതിരെ 26 റണ്‍സെടുത്തപ്പോഴാണ് കോലിയെ സായ് പിന്തള്ളിയത്.
ഈ ഐപിഎല്‍ സീസണില്‍ 9 ഇന്നിംഗ്‌സുകളില്‍ 50.67 ശരാശരിയിലും 150 സ്ട്രൈക്ക് റേറ്റിലും 456 റണ്‍സായി സായ് സുദര്‍ശന്. 46 ഫോറുകളും 16 സിക്‌സറുകളും സായ് സുദര്‍ശന്‍റെ പേരിലുണ്ട്. അതേസമയം രണ്ടാമതുള്ള ആര്‍സിബി താരം വിരാട് കോലിക്കും മൂന്നാമതുള്ള മുംബൈ ഇന്ത്യന്‍സ് ബാറ്റര്‍ സൂര്യകുമാര്‍ യാദവിനും 10 വീതം ഇന്നിംഗ്‌സുകളില്‍ യഥാക്രം 443, 427 റണ്‍സ് വീതമാണുള്ളത്. 10 ഇന്നിംഗ്‌സുകളില്‍ 404 റണ്‍സുമായി ലക്നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ നിക്കോളാസ് പുരാനാണ് നാലാം സ്ഥാനത്ത്.
രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മികച്ച തുടക്കമാണ് സായ് സുദര്‍ശന്‍- ശുഭ്‌മാന്‍ ഗില്‍ സഖ്യം നല്‍കിയത്. ഇരുവരും 10.2 ഓവറില്‍ 93 റണ്‍സ് ടീമിന് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 30 പന്തുകളില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 39 റണ്‍സെടുത്ത സായ്‌യെ മഹീഷ് തീക്ഷനയുടെ പന്തില്‍ റിയാന്‍ പരാഗ് പിടികൂടുകയായിരുന്നു. ഐപിഎല്ലില്‍ മികച്ച ഫോമിലാണ് കഴിഞ്ഞ സീസണ്‍ മുതല്‍ സായ് സുദര്‍ശന്‍ കളിക്കുന്നത്. 65(39), 84*(49), 6(14), 103(51), 74(41), 63(41), 49(36), 5(9), 82(53), 56(37), 36(21), 52(36) & 39(30) എന്നിങ്ങനെയാണ് കഴിഞ്ഞ 13 ഐപിഎല്‍ മത്സരങ്ങളില്‍ സായ് സുദര്‍ശന്‍റെ സ്കോറുകള്‍.
Read more: നെഞ്ചിടിച്ച് രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍; ഇന്ന് തോറ്റാല്‍ ടീം പ്ലേഓഫ് കാണാതെ പുറത്താകും