മലയാള സിനിമയിൽ ഇപ്പോൾ മോഹൻലാൽ തരംഗമാണ്. അടുത്തിടെ റിലീസ് ചെയ്ത രണ്ട് സിനിമകളും റെക്കോർഡുകൾ ഭേദിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യമെത്തിയ എമ്പുരാൻ ഇന്റസ്ട്രി ഹിറ്റായെങ്കിൽ പിന്നാലെ എത്തിയ തുടരും പ്രേക്ഷക പ്രശംസയും മൗത്ത് പബ്ലിസിറ്റിയും ഒരുപോലെ നേടി തേരോട്ടം തുടരുകയാണ്. സോഷ്യൽ മീഡിയയിൽ എങ്ങും മോഹൻലാൽ തരംഗം ആഞ്ഞടിക്കുന്നതിനിടെ തുടരും സിനിമ കണ്ടിറങ്ങിയൊരു മുത്തശ്ശിയുടെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.
മോഹൻലാൽ- ശോഭന കോമ്പോയിലെ നിരവധി സിനിമകൾ താൻ കണ്ടിട്ടുണ്ടെന്നും തുടരും കണ്ടില്ലായിരുന്നുവെങ്കിൽ തീരാനഷ്ടമാകുമായിരുന്നുവെന്നും മുത്തശ്ശി പറയുന്നു. മോഹൻലാലിന്റെ 25 സിനിമകൾ കണ്ട പ്രതീതിയാണ് തനിക്ക് തുടരുവിലൂടെ ലഭിച്ചതെന്നും ഈ 70 കാരി പറയുന്നുണ്ട്. ഈ വീഡിയോ മോഹൻലാലിന്റെ വിവിധ ഫാൻ പേജുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
“രണ്ട് ദിവസമായി എല്ലാ തിയറ്ററിലും ഓടി അലഞ്ഞിട്ടും ടിക്കറ്റ് കിട്ടിയില്ല. ഇന്നലെ ഒരെണ്ണം ബുക്ക് ചെയ്തുവച്ചു. 70 വയസായ എന്റെ കൂടെ ആരും വരാനില്ല. ശോഭനയുടെയും മോഹൻലാലിന്റെയും നല്ല പടമാണെന്ന് വിലയിരുത്തൽ കേട്ടപ്പോ കാണണമെന്ന് തോന്നി. കണ്ടില്ലെങ്കിൽ തീരാ നഷ്ടമായി പോയേനെ. കഴിഞ്ഞ് പോകാറായി ഈ ജീവിതം. ഞാൻ കിരീടം പിന്നെ മോഹൻലാലിന്റെ എല്ലാ പടങ്ങളും കണ്ടിട്ടുണ്ട്. ശോഭന ആയിട്ടുള്ളതൊക്കെ. ഇപ്പോ എന്റെ വയസാം കാലത്ത് ഒറ്റക്ക് വന്നിരുന്നു ഈ പടം കണ്ടു. അത് തികച്ചും, എനിക്കൊരു 25 പടം മോഹൻലാലിന്റെ കണ്ട പ്രതീതിയും കിട്ടി. അത്രയ്ക്ക് എനിക്ക് സന്തോഷം കിട്ടി”, എന്നായിരുന്നു മുത്തശ്ശിയുടെ വാക്കുകൾ.