കഞ്ചാവ് കേസിൽ ജാമ്യം, ആയുധങ്ങൾ കൈവശം വെച്ചതിൽ തത്കാലം കേസില്ല; വേടൻ വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ

കൊച്ചി: പുലിപ്പല്ല് കൈവശം വെച്ച സംഭവത്തിൽ റാപ്പർ വേടനെ വനം വകുപ്പിന് കൈമാറി പൊലീസ്. ഇന്ന് വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ കോടനാട്ടെ ഓഫീസിൽ വേടനെ പാർപ്പിക്കും. ഇതിനായി വേടനെ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ നിന്നും കോടനാട്ടേക്ക് കൊണ്ടുപോയി. അതേസമയം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ വേടനെ ജാമ്യത്തിൽ വിട്ട പൊലീസ് വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയ കേസിൽ തത്കാലം കേസെടുക്കില്ല.

വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കേസെടുക്കണോ എന്ന കാര്യത്തിൽ പൊലീസിന് ആശയക്കുഴപ്പമുണ്ട്. തത്കാലം വേടനെ വനം വകുപ്പിന് കൈമാറാനുള്ള തീരുമാനം ഇതിന് പിന്നാലെയായിരുന്നു. വേടൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങളുടെ വിശദാംശങ്ങൾ അടക്കം ചേർത്ത് നാളെ കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകും. പുലിപ്പല്ല് കോർത്ത മാല ഉപയോഗിച്ച സംഭവത്തിലാണ് വേടനെ വനം വകുപ്പ് കസ്റ്റഡിയിൽ എടുക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടികളെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ചോദ്യം ചെയ്യലിന് ശേഷം നാളെ ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.

By admin