തിരുവനന്തപുരം: വൈറ്റില കണിയാമ്പുഴയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി അറസ്റ്റിൽ. കഞ്ചാവ് ഉപയോഗിച്ചതായി വേടൻ സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കൊപ്പം സംഗീത ട്രൂപ്പിലെ എട്ടു അംഗങ്ങൾ കൂടി അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ നിന്ന് ആറു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി ഹില്‍പാലസ് സിഐ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ നാലാംവാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്ന് വേടനെ ഒഴിവാക്കി. ബുധനാഴ്ച ഇടുക്കിയില്‍ നടക്കുന്ന വാര്‍ഷിക ആഘോഷ പരിപാടിയുടെ ഭാഗമായി നടക്കേണ്ടിയിരുന്ന വേടന്റെ റാപ്പ് ഷോയാണ് സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചത്.
രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ 1.20 ഓടേയാണ് വൈറ്റില കണിയാമ്പുഴയിലെ ഫ്‌ലാറ്റില്‍ പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്. ഇതിനിടെയിലാണ് വേടനും സംഘവും പിടിയിലാകുന്നത്. ഇവർ ഷോയ്ക്ക് വേണ്ടി പ്രാക്ടീസ് ചെയ്യാനാണ് ഒത്തുകൂടിയതെന്നും സിഐ പറഞ്ഞു. ഇവർക്ക് കഞ്ചാവ് എവിടെ നിന്ന് ലഭിച്ചതെന്ന് മൊഴി നൽകിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എന്നാൽ അന്വേഷണം നടക്കുന്നതിനാൽ ഇക്കാര്യം പുറത്ത് പറയാൻ സാധിക്കില്ലെന്നും പോലീസ് പറഞ്ഞു.
ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിൽ മൊബൈല്‍ ഫോണുകളും ഒമ്പതര ലക്ഷം രൂപയും കഞ്ചാവ് തെറുത്ത് വലിക്കാനുള്ള പേപ്പറും പിടിച്ചെടുത്തിട്ടുണ്ട്. പണം പ്രോഗ്രാമില്‍ നിന്ന് കിട്ടിയ വരുമാനമാണെന്നാണ് വേടനും സംഘവും പറഞ്ഞതെന്നും സിഐ പറഞ്ഞു. പിടിയിലായ ഇവരുടെ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സിഐ വ്യക്തമാക്കി. പരിശോധനയ്ക്കിടെ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. അത് എന്തിന് എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *