‘ഈ ഗുരുത്വത്തിന്‍റെ പേരിൽക്കൂടിയാവും തുടരും ശ്രദ്ധിക്കപ്പെടുക’; മോഹൻലാൽ ചിത്രത്തിലെ സംവിധായക അഭിനേതാക്കൾ

മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും ജനപ്രീതി നേടുന്ന ചിത്രമാവുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. ഒരിടവേളയ്ക്ക് ശേഷം എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന മോഹന്‍ലാല്‍ ചിത്രവുമാണ് ഇത്. മോഹന്‍ലാലിനൊപ്പം ചിത്രത്തിലെത്തിയ വലുതും ചെലുതുമായ കഥാപാത്രങ്ങളുടെ കാസ്റ്റിംഗില്‍ അണിയറക്കാര്‍ കാണിച്ച മിടുക്ക് കൈയടികളായി തിയറ്ററുകളില്‍ നിറയുന്നുണ്ട്. പ്രശസ്ത പരസ്യ സംവിധായകന്‍ പ്രകാശ് വര്‍മ്മ ഒരു പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്ന ചിത്രത്തില്‍ മറ്റ് രണ്ട് പ്രശസ്ത സംവിധായകര്‍ കൂടിയുണ്ട്. തമിഴ് സംവിധായകന്‍ ഭാരതിരാജയും മലയാളി സംവിധായകന്‍ പി ചന്ദ്രകുമാറുമാണ് അത്. ചിത്രത്തിലെ ഈ ശ്രദ്ധേയ കാസ്റ്റിംഗിനെക്കുറിച്ച് എഴുതുകയാണ് മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനുമായ എ ചന്ദ്രശേഖര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്‍റെ കുറിപ്പ്.

എ ചന്ദ്രശേഖറിന്‍റെ കുറിപ്പ്

തരുണ്‍മൂര്‍ത്തിയുടെ തുടരും എന്ന സിനിമ കണ്ടപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷം തോന്നിയത് പുതുതലമുറ പ്രേക്ഷകരില്‍ ബഹുഭൂരിപക്ഷത്തിനും ഒരു പക്ഷേ തിരിച്ചറിയാന്‍ സാധിക്കാതെ പോയ തെന്നിന്ത്യന്‍ സിനിമയിലെ രണ്ടു മുന്‍കാല സംവിധായക പ്രമുഖരുടെ സാന്നിദ്ധ്യം കണ്ടിട്ടാണ്. മോഹന്‍ലാലിന്റെ ഗുരുവായ സ്റ്റണ്ട് മാസ്റ്ററായി രംഗത്തുവന്നത് തമിഴ് സിനിമയെ നവഭാവുകത്വത്തിലേക്ക് കൈപിടിച്ചു നടത്തിയവരില്‍ മുന്‍നിരയില്‍ നിലയുറപ്പിച്ച സംവിധായകന്‍ ഭാരതീരാജയാണ്. അലൈകള്‍ ഒയ് വതില്ലൈ, പതിനാറു വയതിനിലെ, കിഴക്കേ പോകും റയില്‍, കടലോരക്കവിതൈകള്‍, ചുവപ്പു റോജാക്കള്‍, ടിക് ടിക് ടിക്ക്, പുതിയ വാര്‍പ്പുകള്‍, ഒരു കൈതിയന്‍ ഡയറി, നാടോടി തെന്‍ട്രല്‍, വേദം പുതിത്, മുതല്‍ മര്യാദൈ, മണ്‍വാസനൈ, വരുമയിന്‍ നിറം ചുവപ്പ്, കല്ലുക്കുള്‍ ഈറം തുടങ്ങിയ മനോഹര സിനിമകള്‍ സംവിധാനം ചെയ്ത മഹാപ്രതിഭാസം. രാധ, രാധിക, രേവതി, രഞ്ജിത, രേഖ, അരുണ, വിജയശാന്തി,ഭാഗ്യരാജ്, കാർത്തിക്,സുധാകര്‍, ചന്ദ്രശേഖര്‍ തുടങ്ങി ഒരു വന്‍ താരനിരയെ തന്നെ തമിഴകത്തവതരിപ്പിച്ച സംവിധായകന്‍.ഒന്നിനൊന്നു വ്യത്യസ്തമായ പ്രമേയവും അവതരണവും കൊണ്ട് ദക്ഷിണേന്ത്യന്‍ സിനിമയെ ഞെട്ടിപ്പിച്ച ചലച്ചിത്രകാരന്‍. അടുത്തിടെ, സംവിധായകനും നടനുമായ മകൻ മനോജിന്റെ അകാല നിര്യാണത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ ഭാരതീരാജ, കുറച്ചു വര്‍ഷം മുമ്പ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയധ്യക്ഷനായിരിക്കെ മുഴുവന്‍ സിനിമകളും കണ്ടില്ലെന്ന ആരോപണത്തെത്തുടര്‍ന്ന് വിവാദത്തിലായിരുന്നു. 2020നു ശേഷം സിനിമകളൊന്നും സംവിധാനം ചെയ്യാത്ത അദ്ദേഹം സ്വന്തം സിനിമകള്‍ക്കുപുറമേ വിജയ് യുടെ വാത്തിയടക്കം ചില സിനിമകളില്‍ പ്രതിനായകവേഷത്തിലഭിനയിക്കുകയും ചെയ്തു. മലയാളത്തില്‍ പക്ഷേ ഇതദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ്. അരങ്ങേറ്റം, വളരെ കുറച്ചേ ഉള്ളൂവെങ്കിലും മികച്ചതാക്കി അദ്ദേഹം.

രണ്ടാമത്തെ സംവിധായകന്‍ മോഹന്‍ലാലിനെ വച്ച് ഉയരും ഞാന്‍ നാടാകെ പോലെ ഏറെ വ്യത്യസ്തമായ സിനിമ സംവിധാനം ചെയ്ത, നടന്‍ മധുവിന് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകരിലൊരാളായ പി ചന്ദ്രകുമാറാണ്. എണ്‍പതുകളില്‍ പ്രേം നസീറിനെയും മധുവിനെയും മറ്റുംവച്ച് ഒന്നിനുപിറകെ ഒന്നായി ധാരാളം സിനിമകള്‍ സംവിധാനം ചെയ്ത സൂപ്പര്‍ സംവിധായകനായിരുന്ന അദ്ദേഹം പിന്നീട് അഭിലാഷയെ നായികയാക്കി ബൈബിള്‍ കഥയായ ആദ്യപാപം സംവിധാനം ചെയ്തതോടെ ഇക്കിളിപ്പടങ്ങളുടെ സംവിധായകനായി മുദ്രകുത്തപ്പെടുകയായിരുന്നു. അനുജന്മാരായ ഗോപകുമാറിനെയും പി സുകുമാറിനെയും മറ്റും അഭിനേതാക്കളാക്കി നിരനിരയായി കാനനസുന്ദരി പോലുള്ള സിനിമകള്‍ സംവിധാനം ചെയ്ത ചന്ദ്രകുമാര്‍ പക്ഷേ, പല നിര്‍മ്മാതാക്കള്‍ക്കും ലാഭമുണ്ടാക്കിക്കൊടുത്തു. കിരണ്‍ എന്ന പേരില്‍ ചന്ദ്രകുമാര്‍ സിനിമകളില്‍ നായകനായ സുകുമാര്‍ പിന്നീട് ഛായാഗ്രാഹകനെന്ന നിലയ്ക്കും സംവിധായകനെന്ന നിലയ്ക്കും പേരെടുത്തു. മലയാളസിനിമയിലെ രതിതരംഗത്തിന് സ്വാഭാവികമരണമുണ്ടായതോടെ ചന്ദ്രകുമാര്‍ സജീവമല്ലാതെയുമായി. എന്നാലും അദ്ദേഹം എല്ലാ രാജ്യാന്തരചലച്ചിത്രമേളകളിലെയും സ്ഥിരം ഡെലിഗേറ്റായിരുന്നു. നിരന്തരം സ്വയം നവീകരിക്കുകയും നല്ല സിനിമ സ്വപ്‌നം കാണുകയും ചെയ്യുന്ന വ്യക്തിശുദ്ധിയുള്ള ഈ പാലക്കാട്ടുകാരനെ വര്‍ഷങ്ങള്‍ക്കുശേഷം അഭിനേതാവായി തുടരുമെന്ന ചിത്രത്തിന്റെ ആദ്യരംഗത്തു കാണാനായി. മോഹന്‍ലാലിന്റെ കാറില്‍ ശബരിമലയ്ക്കു പോകുംവഴി ചുരത്തില്‍ അപകടത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെടുന്ന അയ്യപ്പഭക്തരില്‍ മുന്‍സീറ്റിലിരിക്കുന്ന ആള്‍ ചന്ദ്രകുമാറാണ്. മറ്റൊരു രംഗത്തില്‍ ആള്‍ക്കൂട്ടത്തിലും ചന്ദ്രകുമാറുണ്ട്. പ്രധാന വില്ലനായി ഇന്ത്യന്‍ പരസ്യ സിനിമാരംഗത്തെ താര സംവിധായകന്മാരിലൊരാളായ പ്രകാശ് വര്‍മ്മയെത്തുന്ന കൂട്ടത്തില്‍ നിമിഷങ്ങള്‍ നീളുന്ന വേഷങ്ങളിലാണെങ്കിലും അനുഗ്രഹീതരായ ഈ സംവിധായകരെയും സഹകരിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ കാണിച്ച ഗുരുത്വത്തിന്റെ പേരില്‍ക്കൂടിയാവും തുടരും ശ്രദ്ധിക്കപ്പെടുക.

ALSO READ : ബോളിവുഡ് താരം നിഹാരിക റൈസാദ നായിക; മലയാള ചിത്രം ‘ആദ്രിക’ വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin