ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും അതിന് പാകിസ്ഥാനെ കുറ്റപ്പെടുത്തും, വിവാദ പ്രസ്താവനയുമായി ഷാഹിദ് അഫ്രീദി
കറാച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിവാദ പ്രസ്തവാനവയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും അതിന് പാകിസ്ഥാനെ കുറ്റപ്പെടുത്തുമെന്ന് സാമാ ടിവിക്ക് നല്‍കി അഭിമുഖത്തില്‍ അഫ്രീദി പറഞ്ഞു.
ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും അതിനവര്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തും. നിങ്ങള്‍ കശ്മീരില്‍ എട്ട് ലക്ഷത്തോളം കരുത്തുറ്റ സൈനികരില്ലെ. എന്നിട്ടും ഇത് സംഭവിച്ചുവെങ്കില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കാന്‍ അവരെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്നല്ലെ അര്‍ത്ഥമെന്നും അഫ്രീദി ചോദിച്ചു.
ആക്രമണം നടന്ന് ഒരു മണിക്കൂറിനകം അവരുടെ മാധ്യമങ്ങളിലെ ചര്‍ച്ച മുഴുവന്‍ ബോളിവുഡിലേക്ക് തിരിഞ്ഞു. ദൈവത്തെ ഓര്‍ത്ത് പറയുകയാണ് എല്ലാറ്റിനെയും ബോളിവുഡ് ആക്കരുത്. എനിക്ക് തന്നെ അത്ഭുതം തോന്നി, അവരുടെ ചര്‍ച്ച ഞാനാസ്വദിക്കുകയായിരുന്നു. അവരുടെ ചിന്താഗതി തന്നെ നോക്കു, അവര്‍ സ്വയം വിദ്യാസമ്പന്നരെന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യക്കായി ഒരുപാട് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള രണ്ട് ക്രിക്കറ്റ് താരങ്ങളുണ്ട്. ക്രിക്കറ്റിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാരായ അവര്‍ പോലും നേരിട്ട് പാകിസ്ഥാനെയാണ് കുറ്റപ്പെടുത്തുന്നത്-അഫ്രീദി പറഞ്ഞു.
രാഹുലിന് മുന്നില്‍ വട്ടം വരച്ച് ‘കാന്താര’ സെലിബ്രേഷനുമായി വിരാട് കോലിയുടെ മറുപടി
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് തെളിയിക്കാനുള്ള തെളിവൊന്നും ഇന്ത്യയുടെ കൈയിലില്ലെന്ന് ഇന്നലെ അഫ്രീദി പറഞ്ഞിരുന്നു. ചര്‍ച്ചകളിലൂടെ മാത്രമെ ഇരു രാജ്യങ്ങള്‍ക്കും മുന്നോട്ടു പോകാനാവു എന്നും അനാവശ്യ പഴിചാരലുകളും പോരാട്ടങ്ങളും സാഹചര്യം കൂടുതല്‍ വഷളാക്കുമെന്നും ഇന്നലെ മറ്റൊരു മാധ്യമത്തോട് സംസാരിക്കവെ അഫ്രീദി പറഞ്ഞിരുന്നു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന പ്രസ്താവനയുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന പഹല്‍ഗാം ഭീകരാക്രണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.
എന്നാല്‍ ക്രിക്കറ്റില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്നായിരുന്നു അഫ്രീദിയുടെ പ്രതികരണം. നിലവില്‍ ഐസിസി ടൂര്‍ണമെന്‍റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ നടക്കുന്നത്. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഇന്ത്യ പാകിസ്ഥാനില്‍ കളിച്ചിട്ടില്ല. 2013ലാണ് ഇരു രാജ്യങ്ങളും തമ്മില്‍ അവസാനം പരമ്പര നടന്നത്. അടുത്തിടെ പാകിസ്ഥാന്‍ ആതിഥേയരായ ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാനാകില്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയായ ദുബായിലാണ് നടത്തിയത്.