ആരാണ് വേടന്‍? വേദികളില്‍ യുവത്വം ആഘോഷിച്ച സംഗീതം, റാപ്പിലൂടെ വിപ്ലവം, ഒടുവില്‍ ലഹരിക്കേസില്‍ അറസ്റ്റ്

കൊച്ചി: റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയതിന്‍റെ ഞെട്ടലിലാണ് കേരളം. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ലഹരി ഉപയോഗിച്ചെന്ന് വേടൻ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. 9.5 ലക്ഷം രൂപയും ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തു. വേടനെയും ഫ്ലാറ്റില്‍ ഒപ്പമുണ്ടായിരുന്നവരെയും ഹിൽപാലസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തീ പിടിപ്പിക്കുന്ന വരികളില്‍ യുവത്വം ആഘോഷിച്ച വേട്ടനെ കുറിച്ച് അറിയാം…

ആരാണ് വേടന്‍?

യുവത്വം ആഘോഷിക്കുന്ന വേടന്‍ തൃശൂര്‍ സ്വദേശിയായ ഹിരണ്‍ദാസ് മുരളിയാണ്. തീ പിടിപ്പിക്കുന്ന വരികളില്‍ സ്ഫോടനാത്മക സംഗീതം നിറച്ച് വേടന്‍ പാടുമ്പോള്‍ ആനന്ദത്താല്‍, ആവേശത്താല്‍ ഇളകി മറയുന്ന യുവത്വമാണ് ഇന്നിന്‍റെ കാഴ്ച. പരമ്പരാഗത വഴികളില്‍ നിന്ന് മാറി റാപ്പെന്ന കൊടുങ്കാറ്റാല്‍ ഗായകന്‍ തീര്‍ത്തത് പുതുഗീതം. പാടിയും പറഞ്ഞും ലഹരിക്കെതിരേയും നീങ്ങിയ വേടന്‍ ഒടുവില്‍ ലഹരി വലയില്‍ കുടുങ്ങിയത് ആരാധകരെ ഞെട്ടിച്ചു. 

റാപ്പിലൂടെ വിപ്ലവം

വേടന്‍ പാടി വിയര്‍ത്ത് നേടിയതാണ്, നിറങ്ങള്‍ മങ്ങാത്ത റാപ്പിന്‍റെ വര്‍ണ കുപ്പായം. മേനി നടിക്കുന്ന പുരോഗമന സമൂഹത്തോട് പാട്ടും പറച്ചിലുമായി കലഹിച്ചു. കരുത്തുള്ള ഭാഷ. രാഷ്ട്രീയം ചോരാത്ത വരികള്‍. ചിന്തിപ്പിക്കുന്ന സംഗീതം. അടിമത്വത്തിനും വംശീയതക്കുമെതിരെ റാപ്പിലൂടെ വിപ്ലവം തീര്‍ത്ത ബോബ് മാര്‍ലിയെ പോലെ വേടനെന്ന ഹിരണ്‍ദാസ് മുരളിയും.

Also Read: ലഹരി ഉപയോഗിക്കുന്നെന്ന് രഹസ്യ വിവരം; റാപ്പർ വേടന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന, പിടികൂടിയത് 6 ഗ്രാം കഞ്ചാവ്

ആദ്യ റാപ്പ്- വോയിസ് ഓഫ് വോയസ് ലെസ്

തൃശൂരിലെ റെയില്‍വേ കോളനിയില്‍ ജാതിവിവേചനം നേരിട്ട ബാല്യം. വോയിസ് ഓഫ് വോയസ് ലെസ് ആയിരുന്നു ആദ്യ റാപ്പ്. വരികളില്‍ അടിച്ചമര്‍ത്തപ്പെട്ടവന്‍റെ പ്രതിരോധം. ഹരം കൊള്ളിക്കുന്ന താളവും സദാചാരവാദികളുടെ വാ അടപ്പിക്കുന്ന ശരീരഭാഷയും. പുതു ഭാവനയും കാലവും തേടുന്ന ആള്‍ക്കൂട്ടം. വേടന്‍ ഓളമായി.

റാപ്പിന്‍റെ പൊട്ടാത്ത റോപ്പുമായി വേദികളില്‍ നിന്ന് വേദികളിലേക്ക് സഞ്ചാരത്തിനിടെ മീ ടു വിവാദത്തിലും കുടങ്ങി. മാപ്പ് പറഞ്ഞ് തടിയൂരി യാത്ര തുടര്‍ന്നു. പോരാടാന്‍, കരുത്തു നേടാന്‍ അടിസ്ഥാനവര്‍ഗത്തോട് ആവശ്യപ്പെട്ടു വാ എന്ന റാപ്പിലൂടെ. എംമ്പുരാന്‍ വിവാദമുണ്ടായപ്പോള്‍ വായടച്ചവരോട് ഇഡിക്കെതിരേ വേടന്‍ നിര്‍ഭയനായി. സിന്തറ്റിക് ലഹരി മാതാപിതാക്കളുടെ കണ്ണീരിന് കാരണമാകുമെന്നും വേടന്‍ പറഞ്ഞുവെച്ചു. ആരാധക ബാഹുല്യത്താല്‍ വേടന്‍റെ പരിപാടികള്‍ പാതിവഴിയില്‍ നിര്‍ത്തുന്നത് സമീപകാലത്ത് പതിവായിരുന്നു. ലഹരി ഉപയോഗത്തില്‍ വലയിലായതോടെ റാപ്പിലൂടെ വേടന്‍ പാടിയതിന്‍റെ  നേരും പതിരും തിരയുകയാണ് ആരാധകര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin