ദില്ലി: സിന്ധു നദിയിലൂടെ വെള്ളമൊഴുകിയില്ലെങ്കിൽ ഇന്ത്യക്കാരുടെ രക്തമൊഴുകുമെന്ന് കൊലവിളി നടത്തിയ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോയ്ക്ക് മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. അമ്മ ബേനസീർ ഭൂട്ടോയെയും മുത്തച്ഛൻ സുൾഫിക്കർ അലി ഭൂട്ടോയെയും കൊന്നത് ആരാണെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ഓർമ്മിക്കണമെന്നാണ് ഒവൈസി പറഞ്ഞത്.
ഒവൈസി പറഞ്ഞതിങ്ങനെ- “ഇത്തരം ബാലിശമായ സംസാരം വിടൂ. മുത്തച്ഛന് എന്ത് സംഭവിച്ചുവെന്ന് അദ്ദേഹത്തിന് അറിയില്ലേ? അമ്മയോ? അമ്മയെ ഭീകരർ കൊന്നതാണ്. അതുകൊണ്ട് അദ്ദേഹമെങ്കിലും ഇങ്ങനെ സംസാരിക്കരുത്. നിങ്ങൾ എന്താണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? അമേരിക്ക നിങ്ങൾക്ക് എന്തെങ്കിലും നൽകിയില്ലെങ്കിൽ, നിങ്ങൾക്ക് രാജ്യം ഭരിക്കാൻ കഴിയില്ല. ആരാണ് തന്റെ അമ്മയെ കൊന്നതെന്ന് അയാൾ ചിന്തിക്കണം. തീവ്രവാദം അവരെ കൊന്നു.”
സിന്ധു നദീജലക്കരാർ റദ്ദാക്കുന്നതിനെതിരെ പാകിസ്ഥാനികൾ ഒറ്റക്കെട്ടായി നിന്ന് ശക്തമായ മറുപടി നൽകുമെന്നാണ് ബിലാവൽ ഭൂട്ടോ പറഞ്ഞത്. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അപലപിച്ച ബിലാവൽ ഇന്ത്യയെ ഭീഷണിപ്പെടുത്തി. സിന്ധു പാകിസ്ഥാന്റേതാണെന്നും അങ്ങനെ തന്നെ തുടരുമെന്നും ബിൽവൽ പറഞ്ഞു. ‘ഒന്നുകിൽ നമ്മുടെ വെള്ളം സിന്ധുവിലൂടെ ഒഴുകും അല്ലെങ്കിൽ ഇന്ത്യക്കാരുടെ രക്തമൊഴുകും എന്നായിരുന്നു ബിലാവലിന്റെ വിവാദ പ്രസ്താവന.
പാക് നേതാക്കൾ ഇന്ത്യയെ ആണവായുധങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതിനെതിരെയും ഒവൈസി ആഞ്ഞടിച്ചു- “ഈ രാജ്യത്ത് പ്രവേശിച്ച് നിരപരാധികളെ കൊന്നാൽ, ആര് അധികാരത്തിലിരുന്നാലും ഒരു രാജ്യവും നിശബ്ദത പാലിക്കില്ല എന്നത് ഓർക്കുക. നിങ്ങൾ നമ്മുടെ രാജ്യത്തെ ആക്രമിച്ച രീതി, ആളുകളോട് അവരുടെ മതം ചോദിച്ച് വെടിവച്ച രീതി. നിങ്ങൾ ഏത് മതത്തെക്കുറിച്ചാണ് സംസാരിക്കുന്നത്? നിങ്ങൾ ഐസിസ് അനുഭാവികളാണ്.”
2007 ഡിസംബർ 30 ന് പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ നടന്ന ഒരു പൊതുറാലിക്കിടെയാണ് ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടത്. ചാവേർ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.