അര്‍ധസെഞ്ചുറിയുമായി ആര്‍സിബിയെ ജയിപ്പിച്ചിട്ടും നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് വിരാട് കോലി
ദില്ലി: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അര്‍ധസെഞ്ചുറിയുമായി ആര്‍സിബിയുടെ വിജയശില്‍പിയായിട്ടും നാണക്കേടിന്‍റെ റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോലി. ഇന്നലെ ഡല്‍ഹിക്കെിരെ ഓപ്പണറായി ക്രീസിലെത്തിയത് വിരാട് കോലിയും ജേക്കബ് ബേഥലുമായിരുന്നു.12 റണ്‍സെടുത്ത ബേഥല്‍ പുറത്തായശേഷം ക്രീസിലെത്തി ദേവ്ദത്ത് പടിക്കല്‍ നേരിട്ട രണ്ടാം പന്തില്‍ മടങ്ങിയതോടെ പവര്‍ പ്ലേയില്‍ തന്നെ ക്യാപ്റ്റൻ രജത് പാട്ടീദാര്‍ ക്രീസിലെത്തി.
എന്നാല്‍ ആറ് പന്തില്‍ ആറ് റണ്‍സെടുത്ത പാട്ടീദാര്‍ വിരാട് കോലിയുമായുള്ള ധാരണപ്പിശകില്‍ കരുണ്‍ നായരുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായി. പാട്ടീദാര്‍ കൂടി പുറത്തായതോടെ ആര്‍സിബി 26-3ലേക്ക് കൂപ്പുകുത്തി. ഇന്നലെ കരുണ്‍ നായരെ റണ്ണൗട്ടാക്കിയതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്ണൗട്ടുകളില്‍ പങ്കാളിയായ ബാറ്റര്‍മാരുടെ പട്ടികയില്‍ സുരേഷ് റെയ്നയെ മറികടന്ന് വിരാട് കോലി നാലാമതെത്തി. 31-ാം തവണയാണ് കോലിയ്ക്കൊപ്പം ബാറ്റ് ചെയ്തൊരു ബാറ്റര്‍ റണ്ണൗട്ടാവുന്നത്. 30 തവണയാണ് സുരേഷ് റെയ്ന റണ്ണൗട്ടുകളില്‍ പങ്കാളിയായിട്ടുള്ളത്.
എന്നാല്‍ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്ണൗട്ടില്‍ പങ്കാളിയായ ബാറ്റര്‍ വിരാട് കോലിയല്ല. അത് ആര്‍സിബിയുടെ മെന്‍റര്‍ കൂടിയായ ദിനേശ് കാര്‍ത്തിക് ആണ്. 43 തവണയാണ് ദിനേശ് കാര്‍ത്തിക് റണ്ണൗട്ടില്‍ പങ്കാളിയായത്. രണ്ടാം സ്ഥാനത്ത് മുംബൈ ഇന്ത്യൻസ് താരം രോഹിത് ശര്‍മയാണ്. 37 തവണ രോഹിത് റണ്ണൗട്ടുകളില്‍ പങ്കാളിയായി. മൂന്നാം സ്ഥാനത്ത് വിക്കറ്റിനിടയിലെ അതിവേഗ ഓട്ടക്കാരനായ സാക്ഷാല്‍ എം എസ് ധോണിയാണ്. 36 തവണ ധോണി റണ്ണൗട്ടില്‍ പങ്കാളിയായി. 31 തവണ റണ്ണൗട്ടില്‍ പങ്കാളിയായി വിരാട് കോലി നാലാം സ്ഥാനത്താണിപ്പോള്‍.