9 പേർ കൊല്ലപ്പെട്ടത് തെരഞ്ഞെടുപ്പിന്റെ തലേദിവസം, കാനഡയിലെ സംഭവം അപകടമോ ഭീകരാക്രമണമോ, അന്വേഷണത്തിന് പൊലീസ്

ഒട്ടാവ: കനേഡിയൻ നഗരമായ വാൻകൂവറിൽ ആഘോഷത്തിനിടയിലേക്ക് കാർ ഇടിച്ചുകയറി 9 പേർ കൊല്ലപ്പെട്ട സംഭവം ഭീകരാക്രമണമാണോ എന്ന് പരിശോധിക്കുമെന്ന് പൊലീസ്. നാളെ തെരഞ്ഞെടുപ്പ് നടക്കാനാരിക്കെയാണ് രാജ്യത്തെ ഞെട്ടിച്ച് കാർ അപകടമുണ്ടായത്. സംഭവം അപകടമാണോ ആക്രമണമാണോ എന്നത് പൊലീസ് ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമുണ്ടായ കാർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഭീകരവാദ ആക്രമണം പൊലീസ് സംശയിക്കുന്നു. പുതുവത്സരാഘോഷത്തിൽ, 42 വയസ്സുള്ള അമേരിക്കൻ പൗരൻ ഷംസുദ്-ദിൻ ജബ്ബാർ ന്യൂ ഓർലിയാൻസിലെ തിരക്കേറിയ തെരുവിലേക്ക് പിക്കപ്പ് ട്രക്ക് ഓടിച്ചു കയറ്റി 14 പേരെ കൊലപ്പെടുത്തി. ഇയാളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. ബെർലിൻ, ലണ്ടൻ, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളിലും സമാനമായ ആക്രമണം നടന്നു. 

വാൻകൂവറിൽ സ്ട്രീറ്റ് ഫെസ്റ്റിവലിനിടെയാണ് സംഭവം. കാറോ‍ടിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 30കാരനായ ഇയാൾ വാൻകൂവർ സ്വദേശിയാണെന്ന് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

Read More… ‘ലാപു ലാപു’ ആഘോഷത്തിനായി തെരുവിൽ ഒത്തുകൂടിയവർ; ഇടയിലേക്ക് കാറോടിച്ച് കയറ്റി അക്രമി, കാനഡയിൽ നിരവധി പേർ മരിച്ചു

കോളനി വിരുദ്ധ നേതാവായ ദാത്തു ലാപു-ലാപുവിന്റെ സ്മരണയ്ക്കായി ഫിലിപ്പിനോ കമ്മ്യൂണിറ്റി സംഘടിപ്പിച്ച ആഘോഷത്തിനിടയിലായിരുന്നു സംഭവമുണ്ടായത്. കറുത്ത നിറത്തിലുള്ള എസ്‌യുവി കാർ അമിത വേ​ഗത്തിലെത്തി ആളുകൾക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വാൻകൂവർ പൊലീസ് പറഞ്ഞു. സംഭവത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അക്രമം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അപകടമാണോ തീവ്രവാദി ആക്രമണമാണോ എന്ന് പരിശോധിച്ചു വരുന്നതേയുള്ളു. സംഭവത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണി ദുഃഖം രേഖപ്പെടുത്തി. ഭയാനകമായ സംഭവമാണ് നടന്നതെന്നും മരണപ്പെട്ടവരുടെ ബന്ധുക്കളെ അനുശോചനമറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മേയർ കെൻ സിയും സംഭവത്തെ അപലപിച്ചു.  

By admin