88 ശതമാനം ഇന്ത്യൻ കുടുംബങ്ങൾക്കും ചെറുകാർ വാങ്ങാൻ പോലുമുള്ള ശേഷിയില്ല! ആശങ്ക തുറന്നുപറഞ്ഞ് മാരുതി മേധാവി

ന്ത്യൻ ആഭ്യന്തര പാസഞ്ചർ വാഹന വിപണിയിലെ ഒരു നിർണായക ആശങ്കയെക്കുറിച്ച് പരാമർശിച്ച് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ) ചെയർമാൻ ആർ സി ഭാർഗവ. ഇന്ത്യയിൽ കാർ വാങ്ങുന്നത് പ്രധാനമായും 12 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ള 12 ശതമാനം കുടുംബങ്ങൾ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ബാക്കിയുള്ള 88 ശതമാനത്തിനും ചെറിയ കാറുകൾ പോലും താങ്ങാനാവാത്തതായി മാറിയിരിക്കുന്നുവെന്നും അദ്ദേഹംതുറന്നുപറഞ്ഞു. കമ്പനിയുടെ 2025 സാമ്പത്തിക വർഷത്തെ നാലാം പാദ വരുമാന അവലോകന യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ഇന്ത്യയുടെ വരുമാന വിതരണത്തെക്കുറിച്ചും കാർ വിൽപ്പനയിൽ അതിന്റെ നേരിട്ടുള്ള സ്വാധീനത്തെക്കുറിച്ചും ഭാർഗവ വിലപ്പെട്ട ഉൾക്കാഴ്ചകൾ പങ്കുവച്ചത്.
 
രാജ്യത്തെ 88 ശതമാനം ആളുകളും വരുമാന നിലവാരത്തിന് താഴെയാണെങ്കിൽ, അവർക്ക് 10 ലക്ഷം രൂപയോ അതിൽ കൂടുതലോ വിലയുള്ള ഈ കാറുകൾ വാങ്ങാൻ കഴിയുന്നില്ലെങ്കിൽ, പിന്നെ എങ്ങനെയാണ് ഉയർന്ന കാർ വിൽപ്പന വളർച്ച കൈവരിക്കാൻ കഴിയുക എന്ന് അദ്ദേഹം ചോദിച്ചു. ചെറിയ കാറുകൾ, വിലകുറഞ്ഞ കാറുകൾ എന്നിവ ഈ ആളുകൾക്ക് താങ്ങാനാവാത്തതായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങൾ കാരണം ചെറിയ കാറുകൾ ഇപ്പോൾ വളരെ ചെലവേറിയതായി മാറിയിരിക്കുന്നുവെന്നും അതുകൊണ്ടാണ് ആളുകൾ ഇരുചക്ര വാഹനങ്ങളിലേക്ക് നീങ്ങുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു എൻട്രി ലെവൽ കാർ സ്വന്തമാക്കുന്നതിനുള്ള ചെലവ് ഏകദേശം 90,000 രൂപ വർദ്ധിച്ചതായും ഇത് ഭൂരിഭാഗം ഉപഭോക്താക്കൾക്കും താങ്ങാനാവത്തതാക്കി മാറ്റിയതായും ഭാർഗവ ചൂണ്ടിക്കാട്ടി. ഈ സ്ഥിതി തുടർന്നാൽ, നാലുചക്ര വാഹന വിഭാഗത്തിന്റെ വളർച്ച നിലച്ചേക്കാമെന്നും അദ്ദേഹം ആശങ്ക ഉന്നയിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ എം‌എസ്‌ഐ‌എൽ, 2024-25 ലെ നാലാം പാദത്തിൽ സംയോജിത അറ്റാദായത്തിൽ 4.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇത് 3,711 കോടിയായി കുറഞ്ഞു. ചെറുകിട കാർ വിൽപ്പനയിലെ തുടർച്ചയായ ഇടിവും നഗര വിപണികളിലെ ദുർബലമായ ഡിമാൻഡും ഇതിന് കാരണമായി. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) ഡാറ്റ പ്രകാരം, 2024-25 ൽ ഇന്ത്യയിലെ മൊത്തത്തിലുള്ള പാസഞ്ചർ വാഹന (പിവി) വിൽപ്പന വളർച്ച 4.3 ദശലക്ഷം യൂണിറ്റായിരുന്നു, ഇത് പ്രതിവ‍‍ഷ വള‍ർച്ച വെറും രണ്ട് ശതമാനം മാത്രം കൂടുതലായിരുന്നു.

അതേസമയം കഴിഞ്ഞ വർഷം കമ്പനി 3.32 ലക്ഷം വാഹനങ്ങൾ കയറ്റുമതി ചെയ്തതായി ആർ സി ഭാർഗവ പറഞ്ഞു. ഇത് ഒരു വർഷം മുമ്പുള്ളതിനേക്കാൾ 17.5% കൂടുതലാണ്. തുടർച്ചയായ നാലാം വർഷമാണ് രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ കാർ കയറ്റുമതിക്കാരായി മാരുതി മാറുന്നത്. മൊത്തം കാർ കയറ്റുമതിയിൽ മാരുതിയുടെ പങ്ക് 43% ആണ്. 

By admin