2 സിക്സ് അടിച്ചു തുടങ്ങി, പിന്നാലെ രോഹിത് മടങ്ങി, ഫയറായി റിക്കിൾടൺ; ലക്നൗവിനെതിരെ മുംബൈക്ക് നല്ല തുടക്കം
മുംബൈ: ഐപിഎല്ലിൽ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന മുംബൈ ഇന്ത്യൻസിന് നല്ല തുടക്കം. പവര്‍ പ്ലേ പിന്നിടുമ്പോള്‍ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിലാണ്. 24 പന്തില്‍ 49 റണ്‍സോടെ റിയാന്‍ റിക്കിള്‍ടണും 7 പന്തില്‍ 3 റണ്‍സോടെ വില്‍ ജാക്സും ക്രീസില്‍. അഞ്ച് പന്തില്‍ 12 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് മുംബൈക്ക് പവര്‍ പ്ലേയില്‍ നഷ്ടമായത്. മായങ്ക് യാദവിനാണ് വിക്കറ്റ്.
സീസണില്‍ ആദ്യമായി പന്തെറിയാനെത്തിയ മായങ്ക് യാദവായിരുന്നു പവര്‍ പ്ലേയില്‍ ലക്നൗവിനായി ആദ്യ ഓവര്‍ എറിയാനെത്തിയത്. ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമെടുത്ത റിക്കിള്‍ടണ്‍ പ്രിന്‍സ് യാദവ് എറിഞ്ഞ രണ്ടാം ഓവറില്‍ റണ്ണൗട്ടില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും ഒരു സിക്സും രണ്ട് ഫോറും അടക്കം 14 റണ്‍സടിച്ച് പവര്‍ പ്ലേ കളറാക്കി. മൂന്നാം ഓവറിലാണ് രോഹിത് ശര്‍മ ആദ്യ പന്ത് നേരിട്ടത്. മായങ്ക് എറിഞ്ഞ ആദ്യ പന്ത് ലെഗ് സ്റ്റംപില്‍ വൈഡായപ്പോള്‍ വീണ്ടുമെറിഞ്ഞ പന്തില്‍ പുള്‍ ഷോട്ടിലൂടെ സിക്സ് അടിച്ചാണ് രോഹിത് തുടങ്ങിയത്.
മായങ്കിന്‍റെ രണ്ടാം പന്തും പുള്‍ ചെയ്ത് സിക്സ് അടിച്ച രോഹിത് ആദ്യ മൂന്ന് പന്തില്‍ 12 റണ്‍സടിച്ചു. എന്നാല്‍ ഓഫ് സ്റ്റംപിന് പുറത്തുപോയ അഞ്ചാം പന്തില്‍ ബാറ്റുവെച്ച രോഹിത്തിനെ ഷോര്‍ട്ട് തേര്‍മാനില്‍ പ്രിന്‍സ് യാദവ് കൈയിലൊതുക്കി. 13 റണ്‍സാണ് മൂന്നാം ഓവറില്‍ മുംബൈ നേടിയത്. പവര്‍ പ്ലേയിലെ നാലാം ഓവര്‍ എറിഞ്ഞ ദിഗ്‌വേഷ് റാത്തി ആറ് റണ്‍സ് മാത്രം വഴങ്ങി മുംബൈയുടെ സ്കോറിംഗ് വേഗം കുറച്ചു. രവി ബിഷ്ണോയി എറിഞ്ഞ അഞ്ചാം ഓവറില്‍ ഒരു സിക്സ് അടിച്ചെങ്കിലും എട്ട് റണ്‍സെ മുംബൈക്ക് നേടാനായുള്ളു. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ദിഗ്‌വേഷ് റാത്തിക്കെതിരെ 19 റണ്‍സടിച്ച റിക്കിള്‍ടണ്‍ മുംബൈയെ 66 റണ്‍സിലെത്തിച്ചു.
നേരത്തെ ടോസ് നേടിയ ലക്നൗ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് മുംബൈ ഇറങ്ങുന്നത്. മിച്ചല്‍ സാന്‍റ്നര്‍ക്ക് പകരം കാണ്‍ ശര്‍മ മുംബൈയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ മലയാളി താരം വിഘ്നേഷ് പുത്തൂരിന് പകരം കോര്‍ബിന്‍ ബോഷ് ഇന്ന് മുംബൈക്കായി അരങ്ങേറ്റം കുറിക്കുന്നു.
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ലക്നൗവും ഒരു മാറ്റം വരുത്തി. സീസണിലാദ്യമായി അതിവേഗ പേസര്‍ മായങ്ക് യാദവ് ലക്നൗവിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. ഷാര്‍ദ്ദുല്‍ താക്കൂറിന് പകരക്കാരനായാണ് മായങ്ക് ടീമിലെത്തിയത്. സീസണിലെ ആദ്യ ഒമ്പത് കളികളിലും പരിക്കുമൂലം മായങ്കിന് കളിക്കാനായിരുന്നില്ല. കഴിഞ്ഞ മത്സരങ്ങളില്‍ ഇംപാക്ട് പ്ലേയറായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
ലക്നൗ പ്ലേയിംഗ് ഇലവന്‍: ഏയ്ഡൻ മർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരൻ, റിഷഭ് പന്ത് (ക്യാപ്റ്റൻ), അബ്ദുൾ സമദ്, ആയുഷ് ബദോനി, ഡേവിഡ് മില്ലർ, മായങ്ക് യാദവ്, ദിഗ്വേഷ് സിംഗ് റാത്തി, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ, പ്രിൻസ് യാദവ്.
മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവൻ: റയാൻ റിക്കൽടൺ, രോഹിത് ശർമ്മ, വിൽ ജാക്ക്‌സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), നമൻ ധിർ, കോർബിൻ ബോഷ്, ട്രെന്‍റ് ബോൾട്ട്, ദീപക് ചാഹർ, കാൺ ശർമ.