സ്കൈ ക്ലാസ് ഇന്നിംഗ്‌സ്, ധിര്‍ ഫിനിഷിംഗും; ലക്നൗവിനെതിരെ മുംബൈക്ക് 215 റണ്‍സ്
മുംബൈ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്കോര്‍. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 215 റണ്‍സെടുത്തു. റയാന്‍ റിക്കെള്‍ട്ടണ്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മുംബൈക്കായി അര്‍ധസെഞ്ച്വറികള്‍ നേടിയപ്പോള്‍ പരിക്ക് മാറി മടങ്ങിയെത്തിയ പേസര്‍ മായങ്ക് യാദവ് ലക്നൗവിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. മുംബൈക്കായി തിലക് വര്‍മ്മയും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ബാറ്റിംഗില്‍ തിളങ്ങിയില്ല. ഒടുവില്‍ നമാന്‍ ധിര്‍ വെടിക്കെട്ട് മുംബൈക്ക് വമ്പന്‍ സ്കോര്‍ ഉറപ്പിച്ചു.
രണ്ട് സിക്‌സുകള്‍ പറത്തി മികച്ച തുടക്കം നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് മുംബൈ ഇന്ത്യന്‍സിന് ആദ്യം നഷ്ടമായത്. 5 പന്തില്‍ 12 റണ്‍സെടുത്ത രോഹിത്തിനെ പരിക്ക് മാറി മടങ്ങിയെത്തിയ അതിവേഗക്കാരന്‍ മായങ്ക് യാദവ് പുറത്താക്കുകയായിരുന്നു. എങ്കിലും തകര്‍ത്തടിച്ച സഹ ഓപ്പണര്‍ റയാന്‍ റെക്കിള്‍ട്ടണ്‍ മുംബൈയെ പവര്‍പ്ലേയില്‍ 66-1 എന്ന ശക്തമായ നിലയിലെത്തിച്ചു. 32 പന്തുകളില്‍ ആറ് ഫോറും നാല് സിക്‌സറുകളും സഹിതം 58 റണ്‍സെടുത്ത റയാനെ 9-ാം ഓവറില്‍ ദിഗ്‌വേഷ് രാത്തി പുറത്താക്കി. വണ്‍ഡൗണ്‍ ബാറ്റര്‍ വില്‍ ജാക്‌സിനെ 12-ാം ഓവറിലെ മൂന്നാം പന്തില്‍ പ്രിന്‍സ് യാദവ് ബൗണ്‍ഡാക്കുകയും ചെയ്തപ്പോള്‍ മുംബൈ സ്കോര്‍ 116-3. 21 പന്തുകളില്‍ 29 റണ്‍സാണ് ജാക്‌സിന്‍റെ സമ്പാദ്യം. 13-ാം ഓവറില്‍ രവി ബിഷ്‌ണോയിയുടെ കറങ്ങും പന്തില്‍ മടങ്ങിയ തിലക് വര്‍മ്മ അഞ്ച് ബോളുകളില്‍ ആറ് റണ്‍സിലൊതുങ്ങി.
താളം കണ്ടെത്തിയ സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ക്രീസില്‍ നില്‍ക്കേ മുംബൈ ഇന്ത്യന്‍സ് 15 ഓവറില്‍ 157-4 എന്ന സ്കോറിലായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക്കിനെ മായങ്ക് യാദവ് ബൗള്‍ഡാക്കി. ഹാര്‍ദിക് ഏഴ് പന്തില്‍ അഞ്ച് റണ്‍സേ നേടിയുള്ളൂ. എങ്കിലും അടി തുടര്‍ന്ന സ്കൈ 27 പന്തുകളില്‍ ഫിഫ്റ്റി കണ്ടെത്തി. 18-ാം ഓവറില്‍ സിക്സര്‍ പറത്തി ഫിഫ്റ്റി തികച്ച സൂര്യയെ തൊട്ടടുത്ത പന്തില്‍ ആവേഷ് ഖാന്‍, മിച്ചല്‍ മാര്‍ഷിന്‍റെ കൈകളെത്തിച്ചു. 28 ബോളുകളില്‍ 54 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. അവസാന ഓവറുകളില്‍ നമാന്‍ ധിര്‍- കോര്‍ബിന്‍ ബോഷ് സഖ്യം നടത്തിയ വെടിക്കെട്ടാണ് മുംബൈയെ 200 കടത്തിയത്. ധിര്‍ 11 പന്തില്‍ 25* ഉം, ബോഷ് 10 പന്തില്‍ 20 ഉം റണ്‍സ് വീതം നേടി