സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികം; പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ തുല്യതാ പരീക്ഷ എഴുതിക്കില്ലെന്ന് ഭീഷണി

വയനാട്: വയനാട്ടില്‍ സർക്കാരിന്‍റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന സെമിനാറുകളില്‍ ആളുകളെ എത്തിക്കാൻ ഉദ്യോഗസ്ഥരുടെ സമ്മർദ്ദം. സാക്ഷരത മിഷൻ നടത്തുന്ന സെമിനാറുകളില്‍ പങ്കെടുത്തില്ലെങ്കില്‍ തുല്യത പഠിതാക്കളെ പരീക്ഷ എഴുതിപ്പിക്കില്ലെന്നും സിഇ മാർക്ക് കുറക്കുമെന്നും ഭീഷണിപ്പെടുത്തി. ജില്ലാ കോര്‍ഡിനേറ്ററുടെയും പ്രേരക്മാരുടെയും ശബ്ദസന്ദേശം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഏപ്രില്‍ 22നാണ് വയനാട്ടില്‍ സർക്കാരിന്‍റെ നാലാം വാർഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഇതോട് അനുബന്ധിച്ച് വിവിധ വകുപ്പുള്‍ നടത്തുന്ന പ്രദർശനവും പരിപാടികളും തുടങ്ങി. ഇന്ന് ജില്ലാ സാക്ഷരത മിഷൻ നടത്തുന്ന രണ്ട് സെമിനാറിലേക്ക് ആളെ എത്തിക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമമാണ് വിവാദമായത്. വയനാട് ജില്ലയിലെ തുല്യത പഠിതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചെങ്കിലും കിട്ടയത് തണുപ്പൻ പ്രതികരണമാണ്. ഇതോടെ ഉദ്യോഗസ്ഥർ ഭീഷണി സന്ദേശങ്ങള്‍ ഇവരുടെ ഗ്രൂപ്പിലേക്ക് അയച്ചു തുടങ്ങി. പരീക്ഷ എഴുതിക്കില്ലെന്നാണ് ഉയർന്ന ഉദ്യോസ്ഥർ മുന്നറിയിപ്പ് നല്‍കുന്നതെന്ന് പ്രേരക്മാർ സന്ദേശം അയച്ചപ്പോള്‍ പരിപാടിയില്‍ വന്നില്ലെങ്കില്‍ സാക്ഷരത മിഷന്‍റെ സമീപനം മാറ്റുമെന്ന ജില്ലാ കോർഡിനേറ്റർ പ്രശാന്ത് കുമാറിന്‍റെ ഭീഷണിയും പിന്നാലെയെത്തി. പ്ലസ് ടുവിന് പഠിക്കുന്ന പ്രായമായ ആളുകള്‍ ഉള്‍പ്പെടെയുള്ളവർക്ക് നേരെയായിരുന്നു സമ്മർദ്ദം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin