ശവസംസ്കാര ചടങ്ങുകൾ ചെലവേറിയത്; പിതാവിന്റെ മൃതദേഹം 2 വർഷത്തേക്ക് വാർഡ്രോബിൽ ഒളിപ്പിച്ച് മകൻ

ശവസംസ്കാരച്ചെലവ് വഹിക്കാൻ തയ്യാറാകാതെ, ജപ്പാൻ സ്വദേശി പിതാവിന്റെ മൃതദേഹം  രണ്ടു വർഷക്കാലം വീട്ടിലെ വാർഡ്രോബിൽ ഒളിപ്പിച്ചു. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ശവസംസ്കാര ചടങ്ങുകൾക്ക് പണം ധാരാളമായി ചെലവാക്കേണ്ടി വരും എന്ന് കരുതിയാണ് ഇയാൾ ഇത്തരത്തിൽ പ്രവർത്തിച്ചത്.

56 -കാരനായ നൊബുഹിക്കോ സുസുക്കിയാണ് ഇത്തരത്തിൽ രണ്ടുവർഷക്കാലം പിതാവിൻറെ മരണം മറച്ചുവെച്ചത്. റസ്റ്റോറൻറ് നടത്തിപ്പുകാരനായ ഇയാൾ ടോക്കിയോയിലുള്ള തൻ്റെ ചൈനീസ് റസ്റ്റോറൻറ് ഏതാനും ദിവസങ്ങൾ തുടർച്ചയായി തുറക്കാതെ വന്നതോടെ ആശങ്കാകുലരായ പ്രദേശവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ഒരു മുറിക്കുള്ളിൽ വാർഡ്രോബിൽ നിന്ന് പിതാവിന്റെ അസ്ഥികൂടം കണ്ടെത്തിയത്. 

തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സുസുക്കി കുറ്റസമ്മതം നടത്തി. ഇയാൾ പറയുന്നതനുസരിച്ച് 2023 ജനുവരിയിലാണ് 86 വയസ്സുള്ളപ്പോൾ ഇയാളുടെ പിതാവ് മരിക്കുന്നത്. പിതാവ് എങ്ങനെയാണ് മരിച്ചതെന്ന് തനിക്കറിയില്ലെന്നും ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു എന്നുമാണ് സുസുക്കി പറയുന്നത്.

ശവസംസ്കാര ചടങ്ങുകൾ വളരെയധികം ചിലവേറിയതായതിനാലാണ് താൻ പിതാവിൻറെ മരണം മറച്ചുവെക്കുകയും സംസ്കരിക്കാൻ തയ്യാറാകാതെ ഇരിക്കുകയും ചെയ്തതെന്നും ഇയാൾ പറഞ്ഞു. പിതാവിന്റെ മരണശേഷവും സുസുക്കി തുടർച്ചയായി പിതാവിൻറെ പെൻഷൻ കൈപ്പറ്റിയിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 

സംഭവത്തിൽ ഇപ്പോൾ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. റിപ്പോർട്ടുകൾ പ്രകാരം ജപ്പാനിലെ ശവസംസ്കാരച്ചെലവ് ശരാശരി 1.3 ദശലക്ഷം യെൻ (യുഎസ് ഡോളർ 8,900) ആണ്. ഇന്ത്യൻ രൂപയിൽ 7 ലക്ഷത്തോളം വരും ഇത്.

(ചിത്രം പ്രതീകാത്മകം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin