വെടിക്കെട്ടല്ലേ സ്കൈ സ്പെഷ്യല്‍; ഐപിഎല്‍ റെക്കോര്‍ഡ് സ്വന്തമാക്കി സൂര്യകുമാര്‍ യാദവ്
മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരായ അര്‍ധസെഞ്ച്വറിയോടെ മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് റെക്കോര്‍ഡ്. ഐപിഎല്ലില്‍ ബോളുകളുടെ കണക്കില്‍ വേഗത്തില്‍ 4000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടം സൂര്യ സ്വന്തമാക്കി. 2714 പന്തുകളിലാണ് സൂര്യ 4000 ഐപിഎല്‍ റണ്‍സ് തികച്ചത്. ഇതിഹാസ ബാറ്റര്‍മാരായ ക്രിസ് ഗെയ്‌ല്‍ (2653), എ ബി ഡിവില്ലിയേഴ്‌സ് (2658) എന്നിവരാണ് സൂര്യകുമാര്‍ യാദവിന് മുന്നിലുള്ള ക്രിക്കറ്റര്‍മാര്‍.
ഐപിഎല്‍ കരിയറില്‍ മുംബൈ ഇന്ത്യന്‍സിന് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായും കളിച്ചിട്ടുള്ള സൂര്യകുമാര്‍ യാദവ് 160 ഇന്നിംഗ്‌സുകളില്‍ 4021 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. സൂര്യയുടെ ബാറ്റിംഗ് ശരാശരി 34.08 എങ്കില്‍ സ്ട്രൈക്ക്റേറ്റ് മികവുറ്റ 147.56 ആണ്. രണ്ട് സെഞ്ച്വറികള്‍ നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവിന്‍റെ ഉയര്‍ന്ന സ്കോര്‍ 103*. 27 അര്‍ധസെഞ്ച്വറികളും സൂര്യകുമാറിന്‍റെ ഐപിഎല്‍ കരിയറിലുണ്ട്. എബിഡി ശൈലിയില്‍ 360 ഡിഗ്രി ബാറ്റിംഗിന് പേരുകേട്ട താരമായ സൂര്യകുമാര്‍ യാദവ് 427 ഫോറുകളും 153 സിക്‌സറുകളും അടിച്ചു. ബാറ്റിംഗ് ശൈലി കൊണ്ട് സ്കൈ എന്നാണ് സൂര്യകുമാര്‍ യാദവിന് ആരാധകര്‍ നല്‍കുന്ന വിശേഷണം. ഇതിനെല്ലാം പുറമെ 69 ക്യാച്ചുകളും സൂര്യയുടെ ഐപിഎല്‍ കരിയറില്‍ പേരിനൊപ്പമുണ്ട്.
വാംഖഡെയില്‍ ഇന്ന് ലക്നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരായ മത്സരത്തില്‍ നാലാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് 28 പന്തുകളില്‍ നാല് വീതം ബൗണ്ടറികളും സിക്‌സറുകളും സഹിതം 54 റണ്‍സെടുത്തു. ഇന്നിംഗ്‌സിലെ 18-ാം ഓവറില്‍ ആവേഷ് ഖാന്‍റെ പന്തില്‍ മിച്ചല്‍ മാര്‍ഷ് പിടിച്ചായിരുന്നു സൂര്യയുടെ മടക്കം. സൂര്യയ്ക്ക് പുറമെ ഓപ്പണര്‍ റയാന്‍ റിക്കെള്‍ട്ടണും (32 പന്തില്‍ 58), ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ നമാന്‍ ധിറും (11 പന്തില്‍ 25*), കോര്‍ബിന്‍ ബോഷും (10 പന്തില്‍ 20) തിളങ്ങിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ 215-7 എന്ന കൂറ്റന്‍ സ്കോറിലെത്തി.
Read more: സ്കൈ ക്ലാസ് ഇന്നിംഗ്‌സ്, ധിര്‍ ഫിനിഷിംഗും; ലക്നൗവിനെതിരെ മുംബൈക്ക് 215 റണ്‍സ്