വീണ്ടും ഭക്ഷ്യ കിറ്റ് വിവാദം, 60 കഴിഞ്ഞവർക്ക് സൗജന്യം, വീട്ടിലെത്തിക്കും, എല്‍ഡിഎഫിന്റെ നിലമ്പൂർ നഗരസഭ പദ്ധതി
മലപ്പുറം : ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭക്ഷ്യകിറ്റു പദ്ധതിയുമായി എല്‍ഡിഎഫ് ഭരിക്കുന്ന നിലമ്പൂര്‍ നഗരസഭ. 60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മാസം തോറും ഭക്ഷ്യ കിറ്റ് സൗജന്യമായി വീട്ടില്‍ എത്തിക്കാനാണ് പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ പരീക്ഷിച്ച, വോട്ടു തട്ടാനുള്ള കിറ്റ് തന്ത്രം ഇടതുമുന്നണി നിലമ്പൂരിലും ആവര്‍ത്തിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു.
60 പിന്നിട്ട ഓരോരുത്തരെയായി കണ്ടെത്തി അവരുടെ ആവശ്യത്തിനുസരിച്ചുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും ഭക്ഷ്യ കിറ്റ് വീട്ടിലെത്തിക്കുക. അര്‍ഹരായവരെ കണ്ടെത്താൻ ആശ വര്‍ക്കര്‍മാരെയാണ് ചുമതലപെടുത്തിയിട്ടുള്ളത്. കണക്ക് കിട്ടിയാലുടൻ ചിലവ് കണക്കാക്കി നഗരസഭ ഫണ്ട് അനുവദിക്കും. ഒന്നാം ക്ലാസില്‍ പുതിയതായി ചേരുന്ന കുട്ടികള്‍ക്കുള്ള കിറ്റ് സ്കൂള്‍ തുറക്കുന്നതിനു മുമ്പ് തന്നെ വീട്ടിലെത്തിക്കും. ഉപതെരെഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കുമ്പോഴുള്ള എല്‍ഡിഎഫ് നഗരസഭയുടെ ഈ കിറ്റ് പ്രഖ്യാപനത്തില്‍ യുഡിഎഫ് അപകടം മുന്നില്‍ കാണുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ യുഡിഎഫ്-എല്‍ഡിഎഫ് തര്‍ക്കത്തിലേക്ക് കിറ്റും കൂടി വിഷയമാവുമെന്ന് ഇതോടെ ഉറപ്പായി.