ലക്നൗവിനെ വീഴ്ത്തിയാൽ മുംബൈ ടോപ് ഫോറിൽ, പഞ്ചാബിന് തിരിച്ചടിയായത് മഴക്കളി; ഒന്നാമെത്താൻ ആർസിബിയും ഡല്‍ഹിയും

മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് പോരാട്ടം കനക്കുന്നതിനിടെ ഇന്ന് ലക്നൗവിനെ കീഴടക്കിയാല്‍ മുംബൈ ഇന്ത്യൻസിന് ടോപ് ഫോറിലെത്താം. നിലവില്‍ ഒമ്പത് കളികളില്‍ 10 പോയന്‍റുമായി മുംബൈ അഞ്ചാമതാണ്. ഇന്നലെ കൊല്‍ക്കത്തക്കെതിരായ മത്സരം മഴ മുടക്കിയതോടെ നാലാം സ്ഥാനം ഉറപ്പിക്കാനുള്ള സുവര്‍ണാവസരം പഞ്ചാബിന് നഷ്ടമായി. കൊല്‍ക്കത്തയും പഞ്ചാബും പോയന്‍റ് പങ്കിട്ടതിനാല്‍ പഞ്ചാബിന് 11 പോയന്‍റും കൊല്‍ക്കത്തക്ക് ഏഴ് പോയന്‍റുമാണുള്ളത്.

ഇന്ന് ലക്നൗവിനെ വീഴ്ത്തിയാല്‍ മുംബൈക്ക് 12 പോയന്‍റാവും. അപ്പോഴും മുംബൈയെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ചതിന്‍റെ ആനുകൂല്യം പഞ്ചാബിനുണ്ടാകും. നിലവിലെ പഞ്ചാബിനെക്കാള്‍(+0.177) മികച്ച നെറ്റ് റണ്‍റേറ്റ്(+0.673) മുംബൈക്കുണ്ടെന്നത് അനുകൂല ഘടകമാണ്.  അതേസമയം, ഇന്ന് മുംബൈയെ വീഴ്ത്തിയാല്‍ ലക്നൗവിനും ടോപ് ഫോറിലേക്ക് വഴി തുറക്കും. നിലവില്‍ 10 പോയന്‍റുള്ള ലക്നൗ പക്ഷെ നെറ്റ് റണ്‍റേറ്റില്‍(-0.054) പിന്നിലാണെന്നത് തിരിച്ചടിയാണ്. മികച്ച മാര്‍ജിനിലുള്ള ജയം നേടിയാല്‍ ലക്നൗവിനും മുംബൈക്കും മൂന്നാം സ്ഥാനത്ത് വരെ എത്താനാകും.

ഇന്ത്യൻ താരങ്ങളെക്കാള്‍ പോണ്ടിംഗിന് വിശ്വാസം വിദേശ താരങ്ങളെ; ആരോപണവുമായി മുന്‍ താരം

അതേസമയം, ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാന്‍ അവസരമുണ്ട്. നിലവില്‍ 12 പോയന്‍റ് വീതമുള്ള ഡല്‍ഹി ക്യാപിറ്റൽസും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പോയന്‍റ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. നെറ്റ് റണ്‍റേറ്റിലാണ് ഡല്‍ഹി(+0.657) ആര്‍സിബിയെ(+0.482) പിന്നിലാക്കുന്നത്. ഇന്ന് ജയിച്ചാല്‍ 12 പോയന്‍റും(+1.104) നെറ്റ് റണ്‍റേറ്റുമായി ഒന്നാമതുള്ള ഗുജറാത്തിനെ പിന്നിലാക്കി14 പോയന്‍റുമായി ഒന്നാം സ്ഥാനത്തെത്താം.

ആര്‍സിബിയെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ചതിന്‍റെ ആനുകൂല്യം ഡല്‍ഹിക്കുണ്ട്. നാളെ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനിറങ്ങുന്ന ഗുജറാത്ത് ടൈറ്റന്‍സിന് ജയിച്ചാല്‍ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ അവസരമൊരുങ്ങും.ഇന്നത്ത മത്സരങ്ങളോടെ ഐപില്‍ പ്ലേ ഓഫ് ചിത്രം കൂടുതല്‍ വ്യക്തമാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin