മധ്യനിര ദുർബലം, പൂരാൻ തന്നെ ആശ്രയം; മുംബൈയെ പൂട്ടുമോ ലക്നൗ
നിങ്ങള്‍ എങ്ങനെ തുടങ്ങുന്നുവെന്നതിലല്ല, എങ്ങനെ അവസാനിപ്പിക്കുന്നുവെന്നതിലാണ് കാര്യം. അത്തരമൊരു യാത്രയിലാണ് മുംബൈ ഇന്ത്യൻസ്. ആയുധപ്പുരയിലെ പടക്കോപ്പുകളെല്ലാം തീ തുപ്പുന്ന കാലത്തിലേക്ക് മുംബൈ മടങ്ങിയെത്തിയിരിക്കുന്നു. ഡല്‍ഹിയേയും ഹൈദരാബിദിനേയും ചെന്നൈയേയും തീര്‍ത്തുവരുന്ന മുംബൈക്ക് മുന്നില്‍ ലക്നൗ ഇന്നിറങ്ങും.
എങ്ങനെ മുംബൈയെ ലക്നൗ പിടിച്ചുകെട്ടുമെന്ന ചോദ്യത്തിനേക്കാള്‍ ഉപരി ലക്നൗവിനെ എങ്ങനെ മുംബൈ മറികടക്കും എന്നതാണ് ശരി. ഐപിഎല്‍ ചരിത്രത്തില്‍ മുംബൈക്ക് മുകളില്‍ ഇത്രയേറെ ആധിപത്യമുള്ള മറ്റൊരു ടീമുണ്ടോയെന്ന് സംശയമാണ്. നേരിട്ട ഏഴ് മത്സരത്തില്‍ ഒന്നില്‍ മാത്രമാണ് മുംബൈക്ക് വിജയിക്കാനായിട്ടുള്ളത്. വാംഖഡയില്‍ ഇതുവരെ ലക്നൗവില്‍ നിന്ന് രണ്ട് പോയിന്റ് നേടിയെടുക്കാൻ മുംബൈയുടെ സംഘത്തിനായിട്ടില്ല.
കടലാസിലേയും കളത്തിലേയും പ്രകടനങ്ങളും പേരുകളും ടൂര്‍ണമെന്റിന്റെ മധ്യത്തില്‍ പരിശോധിക്കുമ്പോള്‍ മുംബൈയാണ് യഥാര്‍ത്ഥ ജയന്റ്. ബാറ്റിംഗ് നിരയില്‍ നിന്ന് തന്നെ തുടങ്ങാം. ആദ്യ ആറ് ഇന്നിങ്സുകളില്‍ നിന്ന് 82 റണ്‍സ് മാത്രമായിരുന്നു രോഹിത് ശര്‍മയുടെ പേരിലുണ്ടായിരുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് 146 റണ്‍സ് നേടി രോഹിത് തന്റെ ഫോം വീണ്ടെടുത്തിരിക്കുന്നു.
രോഹിത് ഫോം വീണ്ടെടുത്തതോടെ മുംബൈയുടെ മധ്യനിരയുടെ പണി കുറഞ്ഞെന്ന് വേണം കരുതാൻ. റിക്കല്‍ട്ടണിന്റെ ചെറുതല്ലാത്ത സംഭാവനകളുമുണ്ട്. സൂര്യകുമാര്‍ യാദവ് ഫുള്‍ ഫോമിലാണ്. ടൂര്‍ണമെന്റിലെ ഏറ്റവും കണ്‍സിസ്റ്റന്റായ ബാറ്റര്‍. മുംബൈയുടെ ടോപ് സ്കോറര്‍. 373 റൺസാണ് ഇതുവരെ താരം സീസണില്‍ നേടിയിട്ടുള്ളത്. തിലക് വര്‍മ, ഹാര്‍ദിക്ക് പാണ്ഡ്യ, നമൻ ധീര്‍, വില്‍ ജാക്സ് – നാല്‍വര്‍ സംഘവും റണ്‍വഴിയില്‍ തന്നെയാണ്.
മറുവശത്ത് അങ്ങനെയല്ല കാര്യങ്ങള്‍. മിച്ചല്‍ മാര്‍ഷ് – എയ്ഡൻ മാര്‍ക്രം – നിക്കോളാസ് പൂരാൻ ത്രയത്തിനെ കേന്ദ്രീകരിച്ചാണ് ലക്നൗവിന്റെ ബാറ്റിംഗ്. മാര്‍ഷും മാര്‍ക്രവും സ്ഥിരതയോടെ ബാറ്റ് വീശുന്നു. ടൂര്‍ണമെന്റിലെ അസാധ്യ തുടക്കം കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ആവര്‍ത്തിക്കാൻ പൂരാന് കഴിഞ്ഞിട്ടില്ല. 8, 11, 9 എന്നിങ്ങനെയാണ് സ്കോറുകള്‍.
പൂരാൻ തിളങ്ങാതെ പോകുന്നത് ലക്നൗവിന്റെ മധ്യനിരയുടെ ദുര്‍ബലത തുറന്നുകാട്ടി. ഡേവിഡ് മില്ലറും നായകൻ റിഷഭ് പന്തും ഇതുവരെ തങ്ങളുടെ മികവ് പുറത്തെടുത്തിട്ടില്ല. അബ്ദുള്‍ സമദും ആയുഷ് ബഡോണിയും ഷുവര്‍ ബെറ്റായുള്ള താരങ്ങളുമല്ല. അതുകൊണ്ട് മുംബൈയ്ക്കെതിരെ മാര്‍ഷും മാര്‍ക്രവും പൂരാനും തങ്ങളുടെ ഫോം തുടരേണ്ടിയിരിക്കുന്നു.
ഇവിടെയാണ് പ്രധാന വെല്ലുവിളി. മുംബൈയുടെ ബൗളിംഗ് നിര. ദീപക് ചഹര്‍ – ജസ്പ്രിത് ബുംറ – ട്രെൻ ബോള്‍ട്ട്. ടൂര്‍ണമെന്റ് നിര്‍ണായക ഘട്ടത്തിലേക്ക് കടന്നപ്പോള്‍ മൂവരും പേരിനൊത്ത് ഉയര്‍ന്നിരിക്കുന്നു. ചെന്നൈക്കും ഹൈദരാബാദിനുമെതിരായ മത്സരങ്ങള്‍ ഉദാഹരണം. മാര്‍ക്രം-മാര്‍ഷ് ഓപ്പണിങ് കൂട്ടുകെട്ട് ചഹര്‍-ബോള്‍ട്ട് ബൗളിംഗ് ദ്വയത്തെ നേരിടുന്നതെങ്ങനെയെന്നത് നിര്‍ണായകമാകും.
ബുംറയുടെ നാലില്‍ മൂന്ന് ഓവറുകളും ഹാര്‍ദിക്ക് ഡെത്ത് ഓവറുകള്‍ക്കായി കാത്തുവെക്കുകയാണിപ്പോള്‍. ആയുഷ് ബഡോണിയെപ്പോലെ ഇന്നൊവേറ്റീവ് ഷോട്ടുകള്‍ പുറത്തെടുക്കാൻ കഴിയുന്ന താരങ്ങള്‍ ബുംറയെ നേരിടാന ലക്നൗ നിരയിലുണ്ട്. ഹാര്‍ദിക്ക് പാണ്ഡ്യ 12 വിക്കറ്റുകളുമായി സീസണില്‍ പന്തുകൊണ്ട് ശോഭിച്ചു. മിച്ചല്‍ സാന്റനര്‍ തന്റെ മൂല്യം എന്താണെന്ന് കരുണ്‍ നായരിനെ ബൗള്‍ഡാക്കിയ ആ പന്ത് തെളിയിച്ചു. പന്തുകൊണ്ടും മുംബൈ കരുത്ത് പ്രാപിച്ചിരിക്കുന്നു.
ലക്നൗ നിരയിലേക്ക് എത്തിയാല്‍ ദിഗ്വേഷ് രാത്തിയും ആവേശ് ഖാനും മാത്രമാണ് സ്ഥിരതയോടെ പന്തെറിയുന്നവര്‍. ആവേശിന്റെ ഡെത്ത് ബൗളിങ് മികച്ചതാകുന്നുണ്ട്. എന്നാല്‍, തന്റെ ബൗളര്‍മാരെ എങ്ങനെ ഉപയോഗിക്കണമെന്ന് പന്തിന് ആശയക്കുഴപ്പുമുണ്ട്. പ്രത്യേകിച്ചും മത്സരത്തില്‍ ലക്നൗ പിന്നിലേക്ക് പോകുന്ന സാഹചര്യങ്ങളില്‍. മായങ്ക് യാദവ് മുംബൈക്കെതിരെ ഇറങ്ങുമോയെന്നതും ആകാംഷ ഉണര്‍ത്തുന്ന ഒന്നാണ്.