ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിയെ ഓഫീസിലെത്തിച്ച് പീഡിപ്പിച്ച് അമ്മയുടെ അമ്മാവൻ, 67കാരന് 29 വർഷം തടവ്

മലപ്പുറം: ട്യൂഷന്‍ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിനായി ബസ്‌ സ്‌റ്റാന്റിലെത്തിയ പെണ്‍കുട്ടിയെ ഓഫീസ്‌ റൂമിലേക്ക്‌ നിര്‍ബ്ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്‌ത ബന്ധുവായ 67 കാരന് 29 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ. പതിനാറുകാരിയെയാണ് ഇയാൾ ലൈംഗിക പീഡനത്തിന്‌ വിധേയയാക്കിയത്. മഞ്ചേരി ഫാസ്‌റ്റ് ട്രാക്‌ സ്‌പെഷ്യല്‍ കോടതിയാണ് 29 വര്‍ഷം കഠിന തടവും 100000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 

പെണ്‍കുട്ടിയുടെ മാതാവിന്റെ അമ്മാവനായ പ്രതിയെയാണ്‌ ജഡ്‌ജ് എസ്‌ രശ്‌മി ശിക്ഷിച്ചത്‌. 2022 ജനുവരി 31നാണ്‌ കേസിന് ആസ്പദമായ സംഭവം. വൈകീട്ട്‌ നാലരക്ക്‌ ട്യൂഷന്‍ ക്ലാസ്‌ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിനായി കൊണ്ടോട്ടി ബസ്‌ സ്‌റ്റാന്റിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഇവിടെ നിന്നും ബസ്‌ സ്‌റ്റാന്റിനടുത്തുള്ള പ്രതിയുടെ ഓഫീസ്‌ റൂമിലേക്ക്‌ നിര്‍ബ്ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്‌തുവെന്നാണ്‌ കേസ്‌. കൊണ്ടോട്ടി പൊലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടറായിരുന്ന ഫാതില്‍ റഹ്‌മാന്‍ രജിസ്‌റ്റര്‍ ചെയ്‌ത് ആദ്യാന്വേഷണം നടത്തി പ്രതിയെ അറസ്‌റ്റ് ചെയ്‌ത കേസില്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടറായിരുന്ന കെ എന്‍ മനോജ്‌ ആണ്‌ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്‌. 

പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസീക്യൂട്ടര്‍ അഡ്വ. എ എന്‍ മനോജ്‌ 20 സാക്ഷികളെ കോടതി മുമ്പാകെ വിസ്‌തരിച്ചു. 18 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസിസ്‌റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ ആയിഷ കിണറ്റിങ്ങല്‍ പ്രോസീക്യൂഷനെ സഹായിച്ചു. പോക്‌സോ ആക്‌ടിലെ അഞ്ച്‌ (എന്‍) വകുപ്പു പ്രകാരം 20 വര്‍ഷം കഠിന തടവ്‌, 70000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഏഴ്‌ മാസത്തെ അധിക തടവ്, 9 (എന്‍) വകുപ്പ്‌ പ്രകാരം അഞ്ച്‌ വര്‍ഷം കഠിന തടവ്‌, 20000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസത്തെ അധിക തടവ്‌ എന്നിങ്ങനെയാണ്‌ ശിക്ഷ. 

ഇതിനു പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമം 342 പ്രകാരം കുട്ടിയെ തടഞ്ഞുവെച്ചതിന്‌ ഒരു വര്‍ഷത്തെ കഠിന തടവും 366 വകുപ്പ്‌ പ്രകാരം തട്ടിക്കൊണ്ടു പോയതിന്‌ മൂന്നു വര്‍ഷത്തെ കഠിന തടവ്‌, 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധിക തടവ്‌ എന്നിങ്ങനെയും ശിക്ഷയുണ്ട്‌. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതക്ക്‌ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin