ജയം തുടരാന്‍ മുംബൈ, വിജയവഴിയില്‍ തിരിച്ചെത്താന്‍ ലക്നൗ; വാങ്കഡേയില്‍ ഇന്ന് വെടിക്കെട്ട് പോരാട്ടം
മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. ഉച്ചതിരിഞ്ഞ് 3.30ന് വാങ്കഡേ സ്റ്റേഡയത്തിലാണ് മത്സരം. പോയന്‍റ് ടേബിളിൽ മുന്നേറാൻ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 5 ജയവും 4 തോൽവിയുമായി 10 പോയന്‍റാണ് ഇരു ടീമുകളുടെയും സമ്പാദ്യം. കഴിഞ്ഞ നാല് മത്സരങ്ങളും ജയിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് മുംബൈ ഇന്ത്യൻസ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്. ആദ്യ നാലു മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ അവസാനം നടന്ന നാലു മത്സരങ്ങളും ജയിച്ച് വിജയപാതയിലാണ്.
ലക്നൗ കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് എട്ട് വിക്കറ്റിന്‍റെ തോൽവി വഴങ്ങി. ഈ സീസണിൽ ഇതിന് മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ലക്നൗ 12 റൺസിന് മുംബൈയെ കീഴടക്കി. രോഹിത് ശർമ്മയുടെ ബാറ്റിംഗ് വെടിക്കെട്ടിന് കാത്തിരിക്കുകയാണ് ആരാധകർ. ആദ്യ നാലു കളികളില്‍ 38 റണ്‍സ് മാത്രം നേടിയ രോഹിത് അടുത്ത നാലു മത്സരങ്ങളില്‍ 190 റണ്‍സ് നേടി. രോഹിത്തിന് പുറമെ സൂര്യകുമാര്‍ യാദവ് കൂടി പഴയ പ്രതാപത്തിലേക്ക് എത്തിയതോടെ മുംബൈയുടെ ബാറ്റിംഗ് കൂടുതല്‍ കരുത്തുറ്റതായി. ട്രെന്‍റ് ബോള്‍ട്ട്, ദീപക് ചാഹര്‍, ജസ്പ്രീത് ബുമ്ര പേസ് സഖ്യം താളം കണ്ടെത്തിയതും മുംബൈക്ക് പ്രതീക്ഷയാണ്.
മുംബൈയെ അപേക്ഷിച്ച് ലക്നൗവിന് നേരെ തിരിച്ചാണ് കാര്യങ്ങള്‍. ആദ്യ മത്സരങ്ങളില്‍ മികവ് കാട്ടിയ ലക്നൗ പിന്നീട് നിറം മങ്ങുന്നതാണ് കാണുന്നത്. നിക്കോളാസ് പുരാന്‍, മിച്ചല്‍ മാര്‍ഷ് സഖ്യത്തിന്‍റെ വെടിക്കെട്ട് ബാറ്റിംഗിലായിരുന്നു ആദ്യ മത്സരങ്ങളില്‍ ലക്നൗ മുന്നറിയതെങ്കിലും ഇരുവരും നിറം മങ്ങുന്ന മത്സരങ്ങളലില്‍ ലക്നൗ തിരിച്ചടി നേരിട്ടു. ഫോം കണ്ടെത്താൻ വലയുന്ന ലക്നൗ നായകൻ റിഷഭ് പന്തിനും ഇന്നത്തെ മത്സരം നിർണായകമാണ്. ഒമ്പത് മത്സരങ്ങളില്‍ 106 റണ്‍സ് മാത്രമാണ് പന്തിന്‍റെ സമ്പാദ്യം. 27 കോടി രൂപക്ക് ടീമിലെത്തിയതിന്‍റെ സമ്മര്‍ദ്ദം റിഷഭ് പന്തിനെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയതിന് വിമര്‍ശനം ഏറ്റുവാങ്ങിയ പന്ത് ഇന്ന് ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക