ക്ഷേത്രത്തിൽനിന്ന് 110 കിലോ ഭാരമുള്ള പഞ്ചലോഹ വിഗ്രഹവും വൈഡൂര്യ കല്ലുകളും കവര്‍ന്നു, മോഷ്ടാവ് അറസ്റ്റിൽ
തിരുവനന്തപുരം: നാടുകാണി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹവും വൈഡൂര്യ കല്ലുകളും കവര്‍ന്ന സംഭവത്തിൽ മോഷ്ടാവ് പിടിയിൽ. മറ്റൊരു മോഷണം കഴിഞ്ഞ് മടങ്ങവേയാണ് മോഷ്ടാക്കളിലൊരാൾ ആര്യന്‍കോട് പൊലീസിന്‍റെ പിടിയിലായത്. കാട്ടാക്കട അമ്പലത്തിന്‍കാല പാപ്പനം പ്ലാവിള വീട്ടില്‍ സോജന്‍(20)ആണ് പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചതായും മാരായമുട്ടത്ത് വീട്ടില്‍ ഒളിപ്പിച്ചതായും പറഞ്ഞത്. പ്രധാന മോഷ്ടാവ് കണ്ടല കരിങ്ങല്‍ തൊടുവട്ടിപ്പാറ തെക്കേത്തറ പുത്തന്‍വീട്ടില്‍ പ്രിന്‍സി (23)നായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പിടിയിലായ സോജന്‍റെ വീട്ടില്‍നിന്നും പഞ്ചലോഹം ഉള്‍പ്പെടെയുള്ള മോഷണ വസ്തുക്കള്‍ ഉരുക്കി എടുക്കുന്നതിന് സജ്ജീകരിച്ച ആലയില്‍ നിന്നും ഉരുക്കാനുപയോഗിക്കുന്ന സാധനങ്ങള്‍ പൊലീസ് കണ്ടെടുത്തു. കാട്ടാക്കട നാടുകാണി ധര്‍മശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരുന്ന 110 കിലോ ഭാരമുള്ള ശാസ്താവിന്‍റെ പഞ്ചലോഹ വിഗ്രഹവും ഇതിന് അടിയില്‍ സൂക്ഷിച്ചിരുന്ന വൈഡൂര്യ കല്ലുകളുമാണ് മോഷ്ട്ടാക്കള്‍ കവര്‍ന്നത്. രാവിലെ ക്ഷേത്രം തുറക്കാന്‍ എത്തിയ പൂജാരിയാണ് പ്രധാന ശ്രീകോവില്‍ വാതില്‍ പൊളിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ ഉപദേവന്‍മാരുടെ ശ്രീകോവിലുകളുടെ വാതിലുകളും പൊളിച്ചിരുന്നു. സിസിടിവി ക്യാമറയുടെ കേബിളുകളും മുറിച്ച ശേഷമായിരുന്നു കവര്‍ച്ച.
Read More…. ഭീകരർ മതം ചോദിച്ചല്ല വെടിവെച്ചതെന്ന് കർണാടക മന്ത്രി, പിന്നാലെ വിവാദം
മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹം ഇളക്കി മാറ്റി പാറയിടുക്കിലൂടെ അരകിലോമീറ്ററില്‍ അധികം ദൂരം വലിച്ചിഴച്ചാണ് ഇവര്‍ കടത്തിക്കൊണ്ടുപോയത്. തുടര്‍ന്ന് മാരായമുട്ടത്തെ വീട്ടില്‍ വിഗ്രഹം എത്തിച്ച് ഒളിപ്പിച്ച ശേഷം വിലങ്ങറ ചാമുണ്ഡി ക്ഷേത്രത്തില്‍ എത്തി. ഇവിടെ നിന്ന് കാണിക്കവഞ്ചികള്‍ മോഷ്ടിക്കുകയും ശേഷം പ്രതിഷ്ഠ മറിച്ചിടുകയും ചെയ്ത ശേഷമാണ് ഇവര്‍ മടങ്ങിയത്. പ്രതിഷ്ഠിക്കടിയില്‍ വൈഡൂര്യ കല്ലുകളും മറ്റും ഉണ്ടോയെന്ന് പരിശോധിക്കാനാണ് ഇത് മറിച്ചിട്ടുവെന്നാണ് നിഗമനം. ഇതിന് ശേഷം മടങ്ങുന്നതിനിടെയാണ് മോഷ്ടാക്കളില്‍ ഒരാളെ ആര്യങ്കോട് പൊലീസ് പിടികൂടിയത്.