കേരളം തീവ്രമാവോയിസ്റ്റ് വിമുക്ത സംസ്ഥാനമെന്ന് കേന്ദ്രം; ഫണ്ട് നഷ്ടമാകും, തണ്ടർബോള്‍ട്ട് നിരീക്ഷണം തുടരും
ദില്ലി: കേരളം തീവ്രമാവോയിസ്റ്റ് വിമുക്ത സംസ്ഥാനമെന്ന് കേന്ദ്ര സർക്കാർ. പശ്ചിമഘട്ട ദളത്തിലെ നേതാക്കള്‍ കൊല്ലപ്പെടുകയോ, പിടികൂടുകയോ ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രത്തിൻെറ വിലയിരുത്തൽ. പട്ടികയിൽ നിന്നും ഒഴിവാക്കിയ സാഹചര്യത്തിൽ നക്സൽ വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് കേരളത്തിനുള്ള കേന്ദ്രഫണ്ട് നഷ്ടമാകാനിടയുണ്ട്.
കേരളം, തമിഴ്നാട്, കർണാട സംസ്ഥാനങ്ങളുടെ അതിർത്തിപങ്കിടുന്ന വനമേഖല കേന്ദ്രീകരിച്ചായിരുന്ന മാവോയിസ്റ്റ് ദളം പ്രവർത്തിച്ചിരുന്നത്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിളായിരുന്നു ആദ്യഘട്ടത്തിൽ പ്രവർത്തനം സജീവം. പിന്നീട് മലപ്പുറം, വയനാട് ജില്ലകളിലേക്ക് മാറി, ഏറ്റവും ഒടുവിൽ കണ്ണൂർ, വയനാട് ജില്ലകളിലേക്ക് മാറി. നക്സൽ ബാധിത ജില്ലകളിൽ പലപ്പോഴും പൊലീസും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുകളും ഉണ്ടായിരുന്നു. കർണടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുള്ള മാവോയിസ്റ്റ് നേതാക്കള്‍ പരിശീലനം നൽകിയിരുന്ന ദളം സജീവമായിരുന്നു. ചില നേതാക്കള്‍ ഏറ്റമുട്ടലിൽ മരിച്ചു, ചിലരെ പിടികൂടി, ചിലർ കീഴടങ്ങി. ഇതോടെ മാവോയിസ്റ്റ് പ്രവർത്തനം കേരളത്തിൽ സജീവമല്ലെന്ന നിഗമനത്തിലാണ് കേന്ദ്രമെത്തിയത്.
ഒരു മാസം മുമ്പ് ചേർന്ന യോഗത്തിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിലപാട് അറിയിച്ചിരുന്നു. 2026 അവസാനത്തോടെ പരമാവധി ജില്ലകളെ നക്സൽ വിമുക്തമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യം. ഇതിൻെറ ഭാഗമായി 30 ജില്ലകളെ ഒഴിവാക്കിയപ്പോള്‍ കേരളത്തിലെ രണ്ടു ജില്ലകളെയും ഒഴിവാക്കി. കഴിഞ്ഞ പത്തുവർഷമായി കേരളത്തിന് മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് കേന്ദ്ര ഫണ്ട് ലഭിക്കുന്നുണ്ട്. മാവോയിസ്റ്റ് നിരീക്ഷണത്തിനും വിവിഐപി യാത്രക്കുമായി ഹെലികോപ്റ്റർ വാടകക്കെടുത്തതും പൊലീസ് ഫണ്ട് ഉപയോഗിച്ചാണ്. കേന്ദ്രം പട്ടകിയിൽ നിന്ന് ഒഴിവാക്കിയതോടെ ഫണ്ടിലും കുറവുണ്ടാകുമെന്നാണ് സൂചന. എന്നാൽ മാവോയിസ്റ്റ് ബാധിത സ്ഥലങ്ങളിലെ തണ്ടർബോള്‍ട്ടിൻെറ നിരീക്ഷണം തുടരുമെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം മാവോയിസ്റ്റ് യൂണിഫോമിൽ കണ്ണൂർ വഴിക്കടവിൽ ചിലരെ കണ്ടുവന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്.