ഇതാണ് വൈറലായ ആ ചിത്രം, പക്ഷിപ്പുറത്തേറിയുള്ള കുട്ടിയുടെ രൂപത്തിൽ മേഘം, അപൂർവ്വ ചിത്രം പകർത്തി സൗദി പൗരൻ
റിയാദ്: സൗദി അറേബ്യയിലെ ആകാശത്തിന്റെ അപൂർവ്വ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു പക്ഷിയുടെ പുറത്തേറിയുള്ള കുട്ടിയുടെ രൂപത്തിലുള്ള മേഘങ്ങളുടെ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ആകെ വൈറലായിക്കൊണ്ടിരിക്കുന്നത്. റിയാദിലുള്ള അബ്ദുൽ കരീം അൽ മജീദ് എന്നയാളാണ് ഈ അത്യപൂർവ്വ ചിത്രം പകർത്തിയിരിക്കുന്നത്. അവധിക്കാലം ആഘോഷിക്കാനെത്തിയ സ്ഥലത്തു നിന്നുമാണ് ഫോട്ടോ എടുത്തതെന്ന് ഇയാൾ പറയുന്നു.
റിയാദിൽ നിന്നും താദിഖിലേക്കുള്ള ഖാസിം റോഡിൽ വെച്ചാണ് ചിത്രമെടുത്തത്. സൂര്യാസ്തമയം അടുക്കാറായപ്പോഴാണ് താൻ ആകാശത്ത് ഇങ്ങനൊരു ദൃശ്യം കണ്ടതെന്നും ആദ്യം കണ്ടപ്പോൾ ഒരു മൃഗത്തെപ്പോലെയാണ് തോന്നിയതെന്നും പറയുന്നു. പിന്നീടാണ് ഒരു കൊച്ചുകുട്ടി പക്ഷിപ്പുറത്ത് ഇരിക്കുന്ന ആകൃതിയിലുള്ള മേഘമായി കണ്ടത്. ഉടൻ തന്നെ വണ്ടി നിർത്തുകയും ഫോണിൽ ചിത്രം പകർത്തുകയുമായിരുന്നെന്ന് അയാൾ പറഞ്ഞു. ചിത്രം ആദ്യം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കണ്ടെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സുഹൃത്താണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യാൻ പ്രേരിപ്പിച്ചതെന്നും അൽ മജീദ് പറയുന്നു.
تصويري عصر اليوم
تشكل عجيب للسحابة #يوم_الجمعة pic.twitter.com/SKCtiw4tyY— عبدالكريم (@thadig2009) July 1, 2022
ഇത് നിമിഷങ്ങൾക്കുള്ളിൽ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ, ഇത് വ്യാജമാണെന്ന് പറഞ്ഞുള്ള ഒരു കൂട്ടരും ഇപ്പോൾ രംഗത്തുവന്നിട്ടുണ്ട്. ഫോട്ടോഷോപ്പ് പോലുള്ള എഡിറ്റിങ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇത്തരത്തിലുള്ള ചിത്രങ്ങൾ നിർമിക്കാമെന്നാണ് അവർ വാദിക്കുന്നത്. ചിലർ പറയുന്നത് ഇത് തലച്ചോറിന്റെ ഒരു തരം തന്ത്രമാണെന്നാണ്. പാരിഡോലിയ എന്നറിയപ്പെടുന്ന ഒരു പ്രതിഭാസം ആണെന്നും ഇത് തലച്ചോറിന്റെ ഒരു തരം പ്രവർത്തന രീതിയാണെന്നും അവകാശപ്പെടുന്നവരുമുണ്ട്.