20 അടി താഴ്ചയുള്ള കിണറില്‍ നിന്ന് വലിയ ശബ്ദം, വീട്ടുകാര്‍ ഓടിയെത്തിയപ്പോൾ കണ്ടത് പശുവിനെ, രക്ഷപ്പെടുത്തി
കോഴിക്കോട്: കോടഞ്ചേരിയില്‍ മേഞ്ഞു നടക്കുന്നതിനിടെ അബദ്ധത്തില്‍ കിണറില്‍ വീണ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കോടഞ്ചേരി തെയ്യപ്പാറയില്‍ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. വട്ടപ്പാറ സുലൈഖയുടെ ഒന്നര വയസ്സ് പ്രായമുള്ള പശുവാണ് ഇരുപതടി താഴ്ചയും നാലടി വെള്ളവുമുള്ള കിണറ്റില്‍ വീണു പോയത്.
വീട്ടുകാര്‍ ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. പിന്നാലെ മുക്കം അഗ്‌നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ പെട്ടെന്നു തന്നെ സംഭവസ്ഥലത്ത് എത്തി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ജിഗേഷ് കിണറ്റില്‍ ഇറങ്ങി റെസ്‌ക്യൂ ബെല്‍റ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ പശുവിനെ രക്ഷപ്പെടുത്തുകയും ചെയ്തു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി മനോജ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ ഷനീബ്, എന്‍ടി അനീഷ്, വൈപി ഷറഫുദ്ദീന്‍, ശ്രീജിന്‍, പിടി ശ്രീജേഷ്, കെ അഭിനേഷ്, പി രാജേന്ദ്രന്‍, പികെ രാജന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Read More : ‘ഈ വീട്ടിൽ ആരെങ്കിലും ലഹരി ഉപയോഗിക്കുമോ?’, ലഹരിവിരുദ്ധ സന്ദേശവുമായി കുട്ടിക്കൂട്ടം, വീട് കയറി ക്യാമ്പയിൻ