സ്വിച്ച് ഹിറ്റ് ഇന്ത്യക്കാര്‍ക്കും വഴങ്ങും; സുനില്‍ നരെയ്‌നെ സിക്സിന് തൂക്കി പ്രഭ്‌സിമ്രാന്‍ സിംഗ്

കൊല്‍ക്കത്ത: കെവിന്‍ പീറ്റേഴ്‌സണ്‍, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിങ്ങനെ രാജ്യാന്തര ക്രിക്കറ്റില്‍ പേരുകേട്ട സ്വിച്ച് ഹിറ്റര്‍മാര്‍ ഏറെയുണ്ട്. ഇടംവലം മാറിയുള്ള സ്വിച്ച് ഹിറ്റിംഗ് ശൈലി വശമുള്ള ക്രിക്കറ്റര്‍മാര്‍ വിരളമാണുതാനും. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‍റെ സാക്ഷാല്‍ സുനില്‍ നരെയ്‌നെ സ്വിച്ച് ഹിറ്റിലൂടെ സിക്‌സറിന് പറത്തി കയ്യടി വാങ്ങിയിരിക്കുകയാണ് പഞ്ചാബ് കിംഗ്സ് ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗ്. 

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു പ്രഭ്‌സിമ്രാന്‍ സിംഗിന്‍റെ സ്വിച്ച് ഹിറ്റ് സിക്‌സര്‍. അതും ബാറ്റര്‍മാര്‍ക്ക് റീഡ് ചെയ്യാന്‍ ഏറ്റവും പ്രയാസമുള്ള സ്‌പിന്നറായ സുനില്‍ നരെയ്‌നെതിരെ.പഞ്ചാബ് കിംഗ്സ് ഇന്നിംഗ്‌സില്‍ നരെയ്‌ന്‍ എറിഞ്ഞ 11-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു പ്രഭ്‌സിമ്രാന്‍റെ ഈ ഷോട്ട്. വലംകൈയന്‍ ബാറ്ററായ പ്രഭ്‌സിമ്രാന്‍ സിംഗ് ഇടതുമാറി നരെയ്‌നെ ഡീപ് കവറിന് മുകളിലൂടെ ഗ്യാലറിയില്‍ എത്തിക്കുകയായിരുന്നു. ഇതോടെ വിക്കറ്റ് നഷ്ടമില്ലാതെ പഞ്ചാബ് കിംഗ്സ് 10.3 ഓവറില്‍ 100 റണ്‍സ് പിന്നിടുകയും ചെയ്തു. ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഏതൊരു വിക്കറ്റിലും പഞ്ചാബ് കിംഗ്‌സ് ബാറ്റര്‍മാരുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് കൂടിയായി ഇത്.

മത്സരത്തില്‍ കെകെആറിനെതിരെ തകര്‍ത്തടിച്ച പ്രഭ്‌സിമ്രാന്‍ സിംഗ്- പ്രിയാന്‍ഷ് ആര്യ സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 11.5 ഓവറില്‍ 120 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 35 പന്തില്‍ 69 റണ്‍സെടുത്ത പ്രിയാന്‍ഷാണ് ആദ്യം പുറത്തായത്. ഈസമയം 37 പന്തുകളില്‍ 48 റണ്‍സുമായി നില്‍ക്കുകയായിരുന്നു പ്രഭ്‌സിമ്രാന്‍. എന്നാല്‍ ഇതിന് ശേഷം പ്രഭ്സിമ്രാന്‍ കത്തിക്കയറി. 15-ാം ഓവറിലെ മൂന്നാം പന്തില്‍ വൈഭവ് അറോറ പുറത്താക്കുമ്പോള്‍ പ്രഭ്‌സിമ്രാന്‍ സിംഗ് 49 ബോളില്‍ 83 റണ്‍സിലെത്തിയിരുന്നു. പ്രഭ്‌സിമ്രാന്‍ ആറ് വീതം ഫോറും സിക്സും പറത്തി. ആദ്യ 32 പന്തുകളില്‍ കരുതലോടെ 34 റണ്‍സ് മാത്രമാണ് നേടിയതെങ്കില്‍ അടുത്ത 17 ബോളുകളില്‍ 288.23 സ്ട്രൈക്ക് റേറ്റില്‍ 49 റണ്‍സ് പ്രഭ്‌സിമ്രാന്‍ സിംഗ് അടിച്ചെടുത്തു. 

ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിംഗും തിളങ്ങിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ 201-4 എന്ന സ്കോറിലെത്തി. ഗ്ലെന്‍ മാക്സ്‌വെല്‍ (8 പന്തില്‍ 7), മാര്‍ക്കോ യാന്‍സന്‍ (7 പന്തില്‍ 3) എന്നിവരാണ് പുറത്തായ മറ്റ് രണ്ട് ബാറ്റര്‍മാര്‍. നായകന്‍ ശ്രേയസ് അയ്യര്‍ 16 പന്തുകളില്‍ 25 റണ്‍സും വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് 6 പന്തില്‍ 11 റണ്‍സുമായും പുറത്താകാതെ നിന്നു. കെകെആറിനായി വൈഭവ് അറോറ രണ്ടും വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്രേ റസലും ഓരോ വിക്കറ്റും നേടി. 

Read more: ഐപിഎല്‍: ആ നാല് യുവ ബാറ്റര്‍മാര്‍ ടീം ഇന്ത്യക്ക് മുതല്‍ക്കൂട്ടെന്ന് ശാസ്ത്രി; ഒരാള്‍ രാജസ്ഥാന്‍ റോയല്‍സ് താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin